ചതുരപ്പയർ കൃഷിയിൽ വിജയം കൊയ്ത് സന്തോഷ് ഷണ്മുഖൻ
Published: February 9, 2026
സന്തോഷ് ഷൺമുഖൻ കൃഷിയിടത്തിൽ.
മുഹമ്മ കാർഷിക മേഖലയിൽ വേറിട്ട കാഴ്ചയൊരുക്കുകയാണ് സന്തോഷ് ഷണ്മുഖൻ. കരപ്പുറത്തെ ചൊരിമണലിൽ ചതുരപ്പയർ സമൃദ്ധമായി വിളയിക്കാമെന്നാണ് സന്തോഷ് ഷണ്മുഖന്റെ അനുഭവസാ ക്ഷ്യം.
വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് ചതുരപ്പയർ കൃഷി നടത്തുന്നത്. പ്രോട്ടീൻ കലവറയായ ചതുരപ്പയർ ഏറെ നാൾ വിളവെടുക്കാൻ കഴിയും. മറ്റ് പയർ ഇനങ്ങൾക്ക് പരിചരണം പ്രധാനമാണെങ്കിൽ ചതുര പ്പയറിന് അത്രയും ശ്രദ്ധ വേണ്ട. ചാണകപ്പൊടിയും കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചതുമാണ് പ്രധാന വളമെന്ന് സന്തോഷ് പറയുന്നു.
മഞ്ഞുകാലമാണ് ചതുരപ്പയർ കൃഷിക്ക് അനുയോജ്യം. മുളയ്ക്കാൻ പ്രത്യേക ശ്രദ്ധ വേണമെങ്കിലും പിന്നീട് ചെറിയ ശ്രദ്ധ മതി. പോഷക മൂല്യമുള്ളതിനാൽ ചതുരപ്പയറിന്റെ ഇലയും കറിക്ക് എടുക്കാറുണ്ട്. ടെറസിൽ പടവല കൃഷി നടത്തി ശ്രദ്ധ നേടിയ ആളാണ് ഈ കർഷകൻ. വീടിന്റെ നാലു ഭാഗത്തും പടവലം വിളഞ്ഞുകിടക്കുന്നത് വാർത്താപ്രാധാന്യം നേടിയിരുന്നു. വാഴ, വഴുതന, പീച്ചിൽ, കുക്കുംബർ, കാന്താ രി എന്നിങ്ങനെ പച്ചക്കറിയിനങ്ങൾ എല്ലാം തന്നെ സന്തോഷിന്റെ കൃഷിയിടത്തിലുണ്ട്.
റമ്പൂട്ടാൻ, അവക്കാഡോ, ഫാഷൻ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, മിറാക്കിൾ ഫ്രൂട്ട്, ബെയർ ആപ്പിൾ, ഓറഞ്ച് എന്നിവയും സന്തോഷിന്റെ കൃഷിയിടത്തിന് ചാരുതയേകുന്നു.
കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റായ സന്തോഷ് ഷണ്മുഖൻ തിരക്കുകൾക്കിടയിലും കാർഷിക മേഖലയിൽ ശ്രദ്ധവയ്ക്കുന്നു. മുഹമ്മ കൃഷി ഓഫീസർ പി.എം. കൃഷ്ണ കൃഷിക്കുവേണ്ട പ്രോത്സാഹനം നൽകുന്നു.

