കാവുങ്കൽ യുവശക്തി വായനശാല ഇന്ന് അൻപത് വർഷം പൂർത്തിയാക്കുന്നു.
30.05.1976- 30.05.2026
അര നൂറ്റാണ്ടുമുന്നെയുള്ള ഇന്നേ ദിവസം …….
അന്നായിരുന്നു കാവുങ്കൽ യുവശക്തി വായനശാലയുടെ ഉത്ഘാടനം …..
വായനശാല പരിസരത്ത് സംഘടിപ്പിച്ചിരുന്ന ഉത്ഘാടന സമ്മേളനം മഴയെതുടർന്ന് കെ പി എം യു പി സ്കൂളിൽ വെച്ചാണ് നടന്നത് അധ്യക്ഷൻ ശ്രീ പി കെ വാസുവും ഉത്ഘാടകൻ ശ്രീ രാഘവൻ സാറും ശ്രീ എം പി വിശ്വനാഥൻ, ശ്രീ പി സതീശൻ എന്നിവർ ആശംസയും പറഞ്ഞു …..
വായനശാല രൂപീകരണ ആലോചന
ഏതാണ്ട് 20 വയസ്സിനോടുത്ത് പ്രായമുള്ള നിലവിലെ വായനശാലയോട് ചുറ്റുവട്ടത്തുള്ള കുറച്ചു ചെറുപ്പക്കാർ ചേർന്ന് ഒരു വായനശാല തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു …..
വായനശാലക്ക് യുവശക്തി എന്ന പേര് ശ്രീ പി കെ പൊന്നപ്പൻ നിർദേശിച്ചു. എല്ലാവരുമത് അംഗീകരിച്ചു.
ശ്രീ കെ വി അംബുജൻ പ്രസിഡണ്ട്, ശ്രീ എ വി മോഹനൻദാസ് സെക്രട്ടറി ശ്രീ എം ആർ രാമദാസ് മണക്കാട്ടംപ്പള്ളി ഖജാൻജിയും ആയിട്ടുള്ള കമ്മറ്റിയും ഉപദേശ നിർദേശങ്ങൾ നൽകാൻ മുതിർന്നവരായി ശ്രീ എ വി മണിയപ്പൻ ശ്രീ എ വി ശാർങ്ങധരൻ ശ്രീ സി പി നടരാജൻ ശ്രീ ഹരിദാസൻ ശ്രീ പവിത്രൻ (കുട്ടൻ) എന്നിവരും ………
വെറുമൊരു ഷെഡിൽ തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന വായനശാലക്ക് അടിച്ചുകൂട്ടുള്ള മേൽക്കൂര ഉണ്ടാകണമെന്ന് നിർദേശിച്ചതും സഹായം വാഗ്ദാനം ചെയ്തതും കണ്ണാട്ടെ തങ്കപ്പനാശാരി ആയിരുന്നു.
ഓലയും തടിയും ഉരുപ്പടികളുമായി നാട്ടുകാരുടെ നിർലോപമായ സഹകരണം എടുത്തുപറയേണ്ടതാണ്. ശ്രീ പി കെ വാസു, ശ്രീ ടി വി തങ്കപ്പൻ തകിടി, കുറുപ്പശേരി ശ്രീ മാധവൻ മണക്കാട്ടാംപ്പള്ളി കുടുംബം …….
തുടക്കത്തിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതിയെട്ടോളം പ്രസിദ്ധീകരണങ്ങൾ എല്ലാം സംഭാവന………
എല്ലാം വായിച്ചുതീർക്കാൻ ദിവസവും നിരവധി വായനക്കാർ……
വൈകുന്നേരം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമായിരുന്നെങ്കിലും സന്ദർശകർക്ക് കുറവില്ലായിരുന്നു.
മഴയത്ത് ചോരാതെയും കാറ്റത്ത് മറിയാതെയും നിൽക്കുന്ന ഒരു കെട്ടിടം ഉണ്ടാകണമെന്നുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് കാവ്യമേള എന്ന ബെനിഫിറ്റ് ഷോ നടത്തുന്നത്. മംഗളപുരം മുതൽ വേമ്പനാട് കായൽ വരെയും മണ്ണഞ്ചേരി മുതൽ ആര്യക്കര വരെയുള്ള പ്രദേശങ്ങളിൽ ടിക്കറ്റ് വില്പന നടത്തി ഷോ നടത്തിയതിൽ കുറച്ചു പണം കിട്ടി ഇതിന് നേതൃത്വം നൽകിയത് ശ്രീ രജീന്ദ്രബാബു (ആര്യാ ഗാർഡൻസ്) ആയിരുന്നു. തുടർന്ന് വായനശാല കോൺക്രീറ്റ് തൂണിൽ നിർത്തി ഓട് മേഞ്ഞ കെട്ടിടമാക്കി മാറ്റി വൈദ്യുതീകരിച്ചു. പഞ്ചായത്തിൽ നിന്നു ഒരു റേഡിയോ അനുവദിച്ചു കിട്ടി അന്ന് രാത്രി ഒൻപതു മണിക്ക് റേഡിയോ നാടകം കേൾക്കാൻ നൂറിലധികം പേർ വായനശാല പരിസരത്തുണ്ടാകുമായിരുന്നു. 1988 ൽ വീണ്ടും നെല്ല് സിനിമ ബെനിഫിറ്റ് ഷോ മുഹമ്മ ഹോബി തിയേറ്റിൽ വച്ച് നടത്തി. അതിൽ നിന്നും കിട്ടിയ പണം കൊണ്ട് നിലവിലെ കെട്ടിടത്തിൻ്റെ അടിത്തറ കല്ലുകെട്ടിയും ഭിത്തി കെട്ടിയും ഉറപ്പുള്ള ഒരു കെട്ടിടമാക്കി രണ്ടു നിർമാണങ്ങൾക്കും നേതൃത്വം കൊടുത്തതും മുൻകൈയെടുത്തതും ശ്രീ കെ ആർ വിജയകുമാർ (പൊന്നപ്പൻ ) ആയിരുന്നു.
വായനശാലയിലെ സായാഹ്നങ്ങളിലെ കൂടിച്ചേരലുകൾക്കിടയിലാണ് പരസ്പരമുള്ള അറിവുകൾ പങ്കുവെക്കുക എന്ന ആശയമുദിച്ചത് പള്ളീത്തറയിലെ പഴയ തറവാട്ടിലെ ഇറയത്ത് ലൈറ്റും തെളിച്ചിട്ട് കുടിവെള്ളവും വെച്ച് അവിടുത്തെ അമ്മ ഞങ്ങളെ കാത്തിരുന്നു. അവിടെവെച്ചുള്ള അറിവുകൾ പങ്കുവെക്കലിന്റെ ഫലമായി അതിൽ പങ്കെടുത്തവരിൽ ഏതാണ്ടെല്ലാവരും സർക്കാർ ഉദ്യോഗസ്ഥരായി. ഉന്നത ബിരുദമുള്ളവർ പോലും ജോലി കിട്ടാതെ നിൽകുമ്പോൾ മിനിമം യോഗ്യതയുള്ളവർ ജോലിയിൽ കയറിയത് നാട്ടിൽ ചർച്ചയായി……
അങ്ങനെ മറ്റുള്ളവരും കൂട്ടായ പഠനത്തിന് തയ്യാറായി…….
അങ്ങനെ അത് കാവുങ്കൽ കൂട്ടായ്മയായി ……
ഇന്ന് ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരുള്ള പ്രദേശമായി കാവുങ്കൽ മാറി …….
അവരുടെ മക്കളൊക്കെ പ്രൊഫഷണൽ ബിരുദധാരികളായി ഈ ഒരു മാറ്റവരുത്തുന്നതിനുള്ള കൂട്ടായ്മക്ക് തുടക്കക്കാരനാകാൻ കഴിഞ്ഞതിൽ എനിക്കും അഭിമാനം തോന്നുന്നു.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ വായനശാലയിൽ നടത്തിയ വിജ്ഞാന ക്ളാസുകൾ പ്രദേശത്തിൻ്റെ സാമൂഹ്യപുരോഗതിക്കു സഹായകരമായിട്ടുണ്ട്. അതിനു മുൻ കയ്യെടുത്തത് എൻ പി രവീന്ദ്രനാഥ് സാർ ആയിരുന്നു.
റോഡിൽ കുഴഞ്ഞു വീഞ്ഞ് വായനശാലയിൽ കിടന്നു മരിച്ച അഞ്ജാതൻ മാടക്കൽ മാധവനെന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞ് ബന്ധുക്കൾക്കു കൈമാറുന്നത് വരെ നടത്തിയ പ്രവർത്തനം അതിലേർപ്പെട്ടവരുടെ ഓർമ്മയിൽ എന്നും ഉണ്ടായിരിക്കും.
ലോകമറിയുന്ന സംരംഭകനും ശാസ്ത്രജ്ഞനും വ്യവസായിയുമായ ഡോ.എം ആർ രാമദാസ് പിള്ള , കൈരളി ടി വി യുടെ യൂ എസ് പ്രതിനിധിയും അവിടുത്തെ വില്ലേജ് കൗൺസിലറുമായ ശ്രീ ശിവൻ മുഹമ്മ , കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ സി അശോകൻ , സർവീസ് സംഘടനരംഗത്തും ഉദ്യോഗതലത്തിലും സംസ്ഥാന തലം വരെ ഉയർന്നു പ്രവർത്തിച്ച ശ്രീ പി എസ് സന്തോഷ്കുമാർ എന്ന കാർപ്പോവ് സന്തോഷ് ആലപ്പുഴ ബാറിലെ സീനിയർ അഭിഭാഷനും ലയൺസ് ഇൻ്റർനാഷണിൻ്റെ റീജിയണൽ ചെയർമാനുമായ അഡ്വ. ടി സജി തകിടി ഉൾപ്പെടെ ഉള്ള ഒട്ടനവധിപേർ യുവശക്തി വായനശാലയിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ട് വളർന്നവരാണ്.
വായനശാലയെ കരുതലോടെ പരിപാലിച്ചു പോന്ന ദിവാകരൻ ചേട്ടൻ , തയ്യിൽ ശ്രീ രാജൻ ശ്രീ വിശ്വൻ ചേട്ടൻ എന്നിവരും വായനശാലയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ ഘട്ടത്തിൽ സ്വന്തം സ്ഥലം വിട്ടുനൽകിയ പപ്പൻ ചേട്ടനും എന്നും ഓർമ്മിക്കപ്പെടേണ്ടവരാണ്.
സായാഹ്നങ്ങളിൽ വായനശാലയുടെ സമീപത്ത് പഞ്ചാര മണലിൽ വട്ടം കൂടിയിരുന്നു സൊറ പറഞ്ഞിരുന്ന ജെൻസി തലമുറയെ വായനശാലയുടെ വെളിച്ചത്തിലേക്കു കൊണ്ടുവരുവാനും അതിലൂടെ അവരെ പുതിയ പ്രവർത്തകരാക്കാനും കഴിഞ്ഞത് നല്ല കാര്യമായി തോന്നുന്നു
അന്നത്തേയും ഇന്നത്തേയും സുഹൃത്തുക്കളായ ശ്രീ റോമിയും ശ്രീ ശോഭനുമൊത്ത് വായനശാലയിലിരിക്കുമ്പോഴും മുറ്റത്തെ നാട്ടുമാവിൻ ചോട്ടിൽ നില്കുമ്പോഴും മനസ്സ് ഇപ്പോഴും അൻപതു വർഷം മുൻപുള്ള അവസ്ഥയിലാണെന്നു തോന്നും……
ഫോട്ടോ ശ്രീ Ks Lalimon Varayidam
മധുരിക്കും ഓർമ്മകളോടെ,
Ramanathan Narayanan

