മദ്യം കൂടുതൽ കൊടുത്തില്ല; ടുറിസ്റ്റ് കാർ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾപിടിയിൽ

മദ്യം കൂടുതൽ കൊടുത്തില്ല; ടുറിസ്റ്റ് കാർ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾപിടിയിൽ
Share Email

03 January 2026
ആലപ്പുഴ: മദ്യം കൂടുതൽ കൊടുക്കാത്തതിന് ടുറിസ്റ്റ് കാർ ഡ്രൈവറെ അസഭ്യം പറഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാരപ്ലാക്കൽ വിചിൻ (28), ആലപ്പുഴ കലവൂർ മണ്ണഞ്ചേരി കണ്ണന്തറവെളിയിൽ സോനു എന്നു വിളിക്കുന്ന അലക്സ് (19), നോർത്ത് ആര്യാട് മണ്ണാപറമ്പ് വീട്ടിൽ ദീപക് (33), ചേർത്തല സി.എം.സി. 3 അരയശ്ശേരി വീട്ടിൽ സുജിത്ത് (28) എന്നിവരാണ് പിടിയിലായത്. ടാക്സി ഡ്രൈവറായ കോഴിക്കോട് സ്വദേശി ജംഷീറിനാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 10.30-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചിയിൽനിന്നു സഞ്ചാരികളുമായി ആലപ്പുഴയിലെ ഒരു റിസോർട്ടിൽ വന്ന ജംഷീർ സഞ്ചാരികളെ ഇറക്കിയശേഷം കാർ പാർക്കിങ് ഏരിയയിൽ വെച്ച് ടാക്സി ഡ്രൈവർ കൂടിയായ വിചിനുമായി മദ്യപിച്ചു. വിചിനു നൽകിയ മദ്യത്തിന്റെ അളവ് കുറഞ്ഞതിനെച്ചൊല്ലി ജംഷീറുമായുണ്ടായ തർക്കത്തിൽ വിചിന്റെ തലയ്ക്കു പരിക്കേറ്റു. ഈ ദേഷ്യത്തിൽ വിചിൻ തന്റെ അളിയനായ ദീപക്കിനെയും കൂട്ടുകാരെയും വിളിച്ചുവരുത്തി ജംഷീറിനെ കുത്തി പരിക്കേൽപ്പിക്കുകയും കാർ അടിച്ചുതകർക്കുകയും ചെയ്തു.
ആക്രമണത്തിൽ കൈക്കും മുതുകിനും പരിക്കേറ്റ ജംഷീറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.ഡി. റജിരാജ്, പ്രിൻസിപ്പൽ എസ്.ഐ. പി.ആർ. രാജീവ്, എസ്.ഐ. സി.സി. സാലി, എ.എസ്.ഐ.മാരായ രതീഷ് ബാബു, എ. അൻസ്, സീനിയർ സി.പി.ഒ.മാരായ സജു സത്യൻ, എസ്. സജീഷ്, ടി.എസ്. ബിനു, ഡാരിൽ നെൽസൺ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share Email
Top