അഴുക്കുകളയാമെന്ന് പറഞ്ഞ് സ്വർണമാല ഊരിവാങ്ങി, മുക്കുപണ്ടം കൊടുത്ത് രക്ഷപ്പെട്ടു;പ്രതികൾ പിടിയിൽ

അഴുക്കുകളയാമെന്ന് പറഞ്ഞ് സ്വർണമാല ഊരിവാങ്ങി, മുക്കുപണ്ടം കൊടുത്ത് രക്ഷപ്പെട്ടു;പ്രതികൾ പിടിയിൽ
Share Email

മുഹമ്മ: ആശുപത്രിയിൽ വെച്ചുള്ള പരിചയത്തിൽ വീട്ടിലെത്തി
വീട്ടമ്മയുടെ സ്വർണമാല കവർന്ന യുവതിയെയും സുഹൃത്തിനെയും മുഹമ്മ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം കല്ലമ്പലം വടക്കേവിള വീട്ടിൽ അനിത (40), സുഹൃത്ത് കൃഷ്ണപുരം പഞ്ചായത്ത് 13-ാം വാർഡ് ഓച്ചിറ കാവിന്റെ കിഴക്കേതിൽ കബീർ (53) എന്നിവരാണ് അറസ്റ്റിലായത്.
അനിത കായംകുളത്തിനു സമീപം എരുവയിൽ വാടകയ്ക്കു താമസിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാംവാർഡ് ചെറുവാരണം പുന്നച്ചുവട്ടിൽ അമൃതവല്ലിയുടെ മാലയാണ് കവർന്നത്. ഓഗസ്റ്റ് 12-നായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമൃതവല്ലിയും അനിതയുടെ മകളും ചികിത്സയിൽ കഴിയുമ്പോഴാണ് പരിചയപ്പെടുന്നത്.
അമൃതവല്ലിയുമായി സൗഹൃദത്തിലായ അനിത വിടുതൽ വാങ്ങിയ ദിവസം താമസസ്ഥലം തിരക്കിയിരുന്നു. ഉച്ചയ്ക്കു വീട്ടിലെത്തിയ പ്രതികൾ അമൃതവല്ലിയുടെ ഭർത്താവ് രത്തിനൻ പുറത്തുപോയപ്പോഴാണ് മാലയുമായി കടന്നത്.
മാലയിലെ അഴുക്ക് കളഞ്ഞുതരാമെന്നു പറഞ്ഞാണ് ഇവർ
ഊരിയെടുത്തത്. പകരം മുക്കുമാല കൊടുക്കുകയും സ്വർണമാലയുമായി
കടന്നുകളയുകയുമായിരുന്നു.
ഇവർ പോയശേഷമാണ് അമൃതവല്ലിക്ക് തട്ടിപ്പു മനസ്സിലായത്. ഉടനെ മുഹമ്മ പോലീസ് പരാതിനൽകി. പോലീസ് സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ചേർത്തല ഡിവൈ.എസ്.പി. ടി.വി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. അപഹരിച്ച മാല പ്രതികൾ പത്തിയൂരുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ചിരുന്നു. ഇവിടെനിന്നു മാല കണ്ടെടുത്തു. മുഹമ്മ ഇൻസ്പെക്ടർ എൻ. വിജയന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡുചെയ്തു.

Share Email
Top