ഒരു ജീവന് തുണയായ ധൈര്യം; വിദ്യാർഥിനിയെ രക്ഷിച്ച സുരേഷ് ബാബുവിന് ആദരവ് ❤️

ഒരു ജീവന് തുണയായ ധൈര്യം; വിദ്യാർഥിനിയെ രക്ഷിച്ച സുരേഷ് ബാബുവിന് ആദരവ് ❤️
Share Email

മുഹമ്മ: ട്രാക്കിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണ വിദ്യാർഥിനിയെ രക്ഷിക്കാൻ ട്രെയിനിനടിയിലൂടെ നിരങ്ങിയെത്തിയ കൈകൾക്ക് സ്നേഹാദരം. തണ്ണീർമുക്കം മണവേലി സ്വദേശി പി.വി. സുരേഷ് ബാബുവിനെ ചേർത്തല സൗഹൃദ കൂട്ടായ്മ ആദരിച്ചു.

കഴിഞ്ഞ 21-ന് ചേർത്തല റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് എൽഎൽബിക്ക് പഠിക്കുന്ന കടക്കരപ്പള്ളി സ്വദേശി കാർത്തിക രാധാകൃഷ്ണൻ, കൊച്ചുവേളി–മൈസൂർ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽതെറ്റി ട്രാക്കിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീഴുകയായിരുന്നു. അപകടത്തിൽ കാർത്തികയുടെ കാൽപാദം അറ്റുപോയി.

ആ നിർണായക നിമിഷത്തിൽ സുരേഷ് ബാബു രക്ഷകനായി എത്തി. പ്ലാറ്റ്‌ഫോമിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ട്രെയിനിനടിയിലൂടെ നിരങ്ങിയെത്തിയാണ് അദ്ദേഹം പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

സാമൂഹ്യപ്രവർത്തകൻ കൂടിയായ സുരേഷ് ബാബുവിന്റെ ഈ ധീരമായ ഇടപെടലിനാണ് സൗഹൃദ കൂട്ടായ്മ ആദരമർപ്പിച്ചത്. സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ചേർത്തല രാജൻ അദ്ദേഹത്തെ ആദരിച്ചു. എസ്.ആർ. ഇന്ദ്രൻ, നളിനപ്രഭ, ബേബി തോമസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

സഹജീവിക്ക് തുണയായ സുരേഷ് ബാബുവിന് മുഹമ്മ.com സ്നേഹാദരം. കാർത്തികയ്ക്ക് എത്രയും വേഗം സുഖം പ്രാപിക്കാനാകട്ടെ. ❤️

Share Email
Top