അവിട്ടനാളിൽ കായിക്കര ആഘോഷത്തിരയിൽ; നാടിനെ ആവേശത്തിലാക്കി ബ്രദേഴ്സിന്റെ വർണാഭമായ സാംസ്കാരിക ഘോഷയാത്ര
മുഹമ്മ: ചെണ്ടമേളത്തിന്റെ താളപ്പെരുക്കം… മാവേലി തമ്പുരാൻ… പുലികളി… വർണാഭമായ കാഴ്ചകൾ… അവിട്ടനാളിൽ മുഹമ്മ കായിക്കരയെ ആഘോഷത്തിമിർപ്പിലാക്കി കായിക്കര ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സാംസ്കാരിക ഘോഷയാത്ര.
കായിക്കര ബ്രദേഴ്സിന്റെ 18-ാമത് ഓണാഘോഷ പരിപാടികളുടെ രണ്ടാം ദിവസമായ ഇന്നലെ നടന്ന ഘോഷയാത്രയിൽ കുട്ടികളും യുവാക്കളും മുതിർന്നവരുമടക്കം നാട്ടുകാർ ആവേശത്തോടെ പങ്കുചേർന്നു. വഴിയോരങ്ങളിലും നിരവധി പേർ ഘോഷയാത്ര കാണാനെത്തിയതോടെ കായിക്കരയുടെ വീഥികൾ ഉത്സവാന്തരീക്ഷത്തിലായി.
താളമേളത്തിൽ കായിക്കര
തങ്കച്ചൻ ചേട്ടനും സംഘവും ഒരുക്കിയ മേളവും പുതിയ തലമുറയിലെ വിദ്യാർഥികളായ കിഞ്ചുവും സംഘവും അവതരിപ്പിച്ച മേളവും ഘോഷയാത്രയ്ക്ക് ആവേശം പകർന്നു. മാവേലി തമ്പുരാനും പുലികളിയും വിവിധ കലാരൂപങ്ങളും അണിനിരന്നതോടെ ഘോഷയാത്ര കാഴ്ചയുടെ വിരുന്നായി മാറി.
പച്ചപ്പണിഞ്ഞ മുഹമ്മയുടെ ഗ്രാമവഴികളിലൂടെ ഘോഷയാത്ര കടന്നുപോയപ്പോൾ ഇരുവശങ്ങളിലും കാത്തുനിന്ന നാട്ടുകാരും ആഘോഷത്തിൽ പങ്കുചേർന്നു. ഒരു ക്ലബ്ബിന്റെ ഓണാഘോഷം എന്നതിനപ്പുറം ഒരു നാടിന്റെ ഒരുമയും സൗഹൃദവും ഗ്രാമീണ കൂട്ടായ്മയും വിളിച്ചോതിയ ആഘോഷമായി സാംസ്കാരിക ഘോഷയാത്ര മാറി.
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാട്ടിൽ സജീവ സാന്നിധ്യമായ കായിക്കര ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 18-ാമത് ഓണാഘോഷം, ഇത്തവണയും കായിക്കരയ്ക്ക് ഓർത്തുവയ്ക്കാവുന്ന ആഘോഷക്കാഴ്ചകളാണ് സമ്മാനിച്ചത്.
ചിത്രം: മുഹമ്മ കായിക്കര ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന സാംസ്കാരിക ഘോഷയാത്ര.







