കലോത്സവ വേദികളിലെ നിറസാന്നിധ്യം വിടവാങ്ങി; സ്കൂട്ടറിൽ മിനിലോറിയിടിച്ച് പരിക്കേറ്റ അരുന്ധതി മരിച്ചു

കലോത്സവ വേദികളിലെ നിറസാന്നിധ്യം വിടവാങ്ങി; സ്കൂട്ടറിൽ മിനിലോറിയിടിച്ച് പരിക്കേറ്റ അരുന്ധതി മരിച്ചു
Share Email

മുഹമ്മ: നൃത്തവേദികളിലും കലോത്സവങ്ങളിലും നിറസാന്നിധ്യമായിരുന്ന അരുന്ധതി ഇനി ഓർമ. അമ്മയ്ക്കൊപ്പം സ്കൂളിൽനിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെ സ്കൂട്ടറിൽ മിനിലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ പതിനാറുകാരി ചികിത്സയിലിരിക്കെ മരിച്ചു.

മുഹമ്മ ചിറയിൽ സാബു–സരിത ദമ്പതികളുടെ മകൾ അരുന്ധതി സാബു (മിന്നു–16) ആണ് മരിച്ചത്. ആര്യാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു.

മണ്ണഞ്ചേരി റോഡുമുക്ക് ജങ്ഷനിലായിരുന്നു അപകടം. അമ്മ ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിലിരുന്ന് വീട്ടിലേക്കു വരികയായിരുന്നു അരുന്ധതി. മുന്നിലുണ്ടായിരുന്ന ബസ് നിർത്തിയതിനെത്തുടർന്ന് സ്കൂട്ടറും നിർത്തി. ഇതിനിടെ പിന്നിൽനിന്നെത്തിയ മിനിലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ അരുന്ധതിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് മരിച്ചത്.

നൃത്തത്തിൽ കഴിവുതെളിയിച്ച അരുന്ധതി, മോഹിനിയാട്ടം കലാകാരി വിനിത നെടുങ്ങാടിയുടെ നൃത്തസംഘത്തിലെ അംഗമായിരുന്നു. കലോത്സവങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന ഈ വിദ്യാർഥിനി രാജ്യപുരസ്കാർ അവാർഡും നേടിയിരുന്നു.

സംസ്കാരം നടത്തി. സഹോദരൻ: ഹരിനാരായണൻ.

Share Email
Top