വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം പണവും ഏഴു പവനുമായി മുങ്ങിയെന്ന് പരാതി; ആറു വർഷത്തിനുശേഷം അറസ്റ്റിൽ
ഡോക്ടറാണെന്ന് അവകാശപ്പെട്ട് വിവാഹപരസ്യങ്ങൾ; നിരവധി സ്ത്രീകളെ കബളിപ്പിച്ചതായി പൊലീസ്
ചേർത്തല: വിവാഹം കഴിച്ച് മൂന്നുദിവസം കഴിഞ്ഞപ്പോൾ യുവതിയുടെ പണവും സ്വർണവുമായി കടന്നെന്ന കേസിൽ 45കാരൻ അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശി ബിജു ആന്റണിയെയാണ് ചേർത്തല പൊലീസ് വയനാട്ടിലെ വീട്ടിലെത്തി പിടികൂടിയത്.
2020ൽ വയലാർ സ്വദേശിനിയെ വിവാഹം കഴിച്ചശേഷം 30,000 രൂപയും അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴു പവൻ സ്വർണവുമായി ഇയാൾ കടന്നെന്നാണ് പരാതി. ഹോട്ടൽ തുടങ്ങാനെന്നു പറഞ്ഞാണ് പണം കൈക്കലാക്കിയതെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ആറു വർഷത്തിനുശേഷം അറസ്റ്റ്.
വിവിധ സ്ഥലങ്ങളിൽ പല പേരുകളിൽ താമസിച്ചിരുന്ന ബിജു, വൈവാഹിക സൈറ്റുകളിൽ ഡോക്ടറാണെന്നും മറ്റും അവകാശപ്പെട്ട് പരസ്യം നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ നിരവധി സ്ത്രീകളെ വിവാഹം കഴിച്ച് കബളിപ്പിച്ചതായും വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികളുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. സുൽത്താൻ ബത്തേരിയിൽ ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുള്ളതായും പൊലീസ് കണ്ടെത്തി.
വിവാഹപരസ്യത്തിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ പീഡിപ്പിച്ചശേഷം മൂന്നരപ്പവൻ സ്വർണവുമായി കടന്നെന്ന കേസും മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലുണ്ട്. കണ്ണൂർ ടൗൺ, തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ചേർത്തല ഡിവൈഎസ്പി എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അപമാനം ഭയന്ന് സമാനമായ തട്ടിപ്പിന് ഇരയായ പലരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.







