‘എന്റെ വിചാരങ്ങളിലൂടെ’ മറ്റൊരു റെക്കോർഡിലേയ്ക്ക് മധു കാവുങ്കൽ
മുഹമ്മ: ‘എന്റെ വിചാരങ്ങൾ’ എന്ന ശീർഷകത്തിൽ സ്വന്തം ദാർശനിക ഉദ്ധരണികളും അവയുടെ വിശകലനവുമായി ദിവസവും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മധു കാവുങ്കൽ. ‘എന്റെ വിചാരങ്ങൾ’ 105 ദിവസം പിന്നിട്ടു. 365 ദിവസമാണ് ലക്ഷ്യം.
2022-ൽ സ്പോണ്ടിലൈറ്റിസ് മൂലം ഇരുന്ന് എഴുതാനോ വായിക്കാനോ കഴിയാത്ത ദിവസങ്ങൾ. മറുവശത്ത് ജോലിത്തിരക്കും വീട്ടിലെ ഉത്തരവാദിത്തങ്ങളും. എന്നിട്ടും അന്നത്തെ കവിത മുടങ്ങാൻ സി.ജി. മധു കാവുങ്കൽ അനുവദിച്ചില്ല. ആ സാഹചര്യത്തിൽ മനസ്സിൽ രൂപപ്പെട്ട വരികൾ മറ്റൊരാളോട് പറഞ്ഞ് എഴുതിച്ചു. അങ്ങനെ 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ 365 ദിവസവും ഓരോ പുതിയ കവിത ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു. ആ തുടർച്ചയാണ് മധുവിനെ യു.ആർ.എഫ്. വേൾഡ് റെക്കോർഡിലെത്തിച്ചത്.

റെക്കോർഡ് നേടണമെന്ന ലക്ഷ്യത്തോടെയായിരുന്നില്ല തുടക്കം. ആദ്യ ദിവസം ഒരു കവിത എഴുതി; പിറ്റേന്നും എഴുതി. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു സുഹൃത്ത് ചോദിച്ചു: “ഇതെന്താ, ഒരു പരമ്പരയാണോ?” അതോടെ നൂറു ദിവസം തുടർച്ചയായി എഴുതാമെന്ന് മധു കരുതി. നൂറു ദിവസം കഴിഞ്ഞിട്ടും എഴുത്ത് നിന്നില്ല. വർഷത്തിന്റെ അവസാന ദിവസം 365-ാമത്തെ കവിതയും പ്രസിദ്ധീകരിച്ചു.
ആദ്യാക്ഷരത്തിൽ നിന്ന് ഗാനരചനയിലേക്ക്
ആര്യക്കരയിലെ അമ്മവീട്ടിലാണ് മധു ജനിച്ചത്. രാജപ്പൻ ആശാന്റെ അടുത്ത് മണലിൽ എഴുതിയാണ് ആദ്യാക്ഷരങ്ങൾ കുറിച്ചത്. ആസാദ് സ്കൂൾ, ആര്യക്കര സ്കൂൾ, കാവുങ്കൽ, കായിപ്പുറം സംസ്കൃത സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം എസ്.എൻ. കോളേജിൽ പ്രീഡിഗ്രിയും എസ്.ഡി. കോളേജിൽ ബിരുദവും പൂർത്തിയാക്കി.

കുട്ടിക്കാലം മുതൽ പാട്ടുകളായിരുന്നു ഇഷ്ടം. പ്രത്യേകിച്ച് ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളാണ് വരികളോട് കൂടുതൽ അടുപ്പിച്ചതെന്ന് മധു പറയുന്നു. കോളേജ് മാഗസിനിൽ കവിതകളും ലേഖനങ്ങളും എഴുതി. പഠനശേഷം പാരലൽ കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ചു. പിന്നീട് വെറ്ററിനറി വകുപ്പിൽ ചേർന്നു. 1996-ൽ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടറായി തുടങ്ങിയ ഔദ്യോഗിക ജീവിതം ഫീൽഡ് ഓഫീസർ സ്ഥാനത്തെത്തി; 2023-ൽ വിരമിച്ചു.
2010-ൽ കാവുങ്കൽ ദേവസ്വത്തിനുവേണ്ടി തയ്യാറാക്കിയ പത്ത് ഗാനങ്ങളടങ്ങിയ ഭക്തിഗാന ആൽബത്തിലൂടെയാണ് ഗാനരചനയിൽ സജീവമായി തിരിച്ചെത്തിയത്. വിജയ് യേശുദാസും എം.ജി. ശ്രീകുമാറും സുധീപ് കുമാറും ഉൾപ്പെടെയുള്ളവർ ആ ആൽബത്തിൽ പാടി. ആര്യക്കരക്കാരനായ സജി സ്വരരാഗാണ് സംഗീതം നൽകിയത്. വിജയ് യേശുദാസ് ആലപിച്ച ‘അശ്വതി നക്ഷത്രം…’ എന്ന ഗാനം ഇന്നും ക്ഷേത്രങ്ങളിൽ കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ടെന്ന് മധു പറയുന്നു. ഭക്തിഗാന സംഗീതരംഗത്തെ ഇളയരാജ എന്നറിയപ്പെടുന്ന ടി.എസ്. രാധാകൃഷ്ണൻ സംഗീതം നൽകി, മധു ബാലകൃഷ്ണൻ ആലപിച്ച ആൽബത്തിലെ എട്ട് ഗാനങ്ങളും മധു എഴുതിയിട്ടുണ്ട്.
പിന്നീട് അയ്യപ്പ, ദേവീ, ക്രിസ്തീയ ഭക്തിഗാനങ്ങളും ഓണപ്പാട്ടുകളും എഴുതി. ചിത്ര അരുൺ ആലപിച്ച അർത്തുങ്കൽ പള്ളിയെക്കുറിച്ചുള്ള ഗാനത്തിനും പി. ജയചന്ദ്രൻ പാടിയ ഗുരുവായൂർ ഭക്തിഗാനത്തിനും വരികളെഴുതിയതായി അദ്ദേഹം പറയുന്നു. സിനിമയ്ക്കായി എഴുതിയ ഗാനങ്ങളും റെക്കോർഡ് ചെയ്തിട്ടുണ്ട്. പാലക്കാട്ട് പൂജ നടന്ന ഒരു ചിത്രത്തിനായി സുനിൽ പള്ളിപ്പുറം സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ സിതാരയും ശ്രീനാഥും ആലപിച്ചതായും മധു അറിയിച്ചു.

ഒരു നിമിത്തംപോലെ ‘ചന്ദനച്ചാറ്’
ദിവസേന എഴുതിയ കവിതകൾക്ക് ഒരു പേര് ആലോചിച്ചുകൊണ്ടിരുന്ന സമയത്താണ് സഹപ്രവർത്തകയായ ശുഭ ക്ഷേത്രത്തിൽനിന്ന് കൊണ്ടുവന്ന ചന്ദനം ഇലയിൽ നീട്ടിയത്. ആ കാഴ്ച ഒരു നിമിത്തംപോലെ മധുവിന് തോന്നി. അങ്ങനെ മനസ്സിലെത്തിയ പേരാണ് ‘ചന്ദനച്ചാറ്’. പിന്നീട് അതുതന്നെ കവിതാസമാഹാരത്തിന്റെ പേരുമായി.

2023-ൽ പുറത്തിറങ്ങിയ ‘ചന്ദനച്ചാറ്’ 101 കവിതകളുടെ സമാഹാരമാണ്. ഡോ. മുഞ്ഞിനാട് പത്മകുമാറാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. 51 കവിതകളടങ്ങിയ രണ്ടാമത്തെ പുസ്തകമായ ‘കറ്റയിൽ കുടുങ്ങിയ വയൽച്ചുള്ളികൾ’ 2026 ഏപ്രിലിൽ പുറത്തിറങ്ങി. കവി രാവുണ്ണി അതിന് അവതാരികയും കുരീപ്പുഴ ശ്രീകുമാർ ബ്ലർബും എഴുതിയതായി മധു പറയുന്നു.

യൂണിവേഴ്‌സൽ റെക്കോർഡ്സ് ഫോറത്തിന്റെ രേഖപ്രകാരം, 365 ദിവസവും കുറഞ്ഞത് 16 വരികളുള്ള മലയാള കവിത സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചതിനാണ് റെക്കോർഡ് അംഗീകാരം. നേട്ടത്തിനു പിന്നാലെ കാവുങ്കലിലും ആര്യക്കരയിലും നാട്ടുകാർ സ്വീകരണമൊരുക്കിയതും മധുവിന് പ്രിയപ്പെട്ട ഓർമയാണ്.

പാട്ടുകളെ വീണ്ടും പഠിക്കുന്ന വിദ്യാർഥി
എഴുതിയ പാട്ടുകൾക്കൊപ്പം, തന്നെ സ്വാധീനിച്ച പാട്ടുകളെക്കുറിച്ചും മധു ഇപ്പോൾ പഠിക്കുന്നു. മലയാള സാഹിത്യപഠനത്തിന്റെ അവസാന വർഷത്തിലുള്ള അദ്ദേഹം ശ്രീകുമാരൻ തമ്പിയുടെ സിനിമാഗാനങ്ങളിൽ പ്രകൃതിയും പ്രണയവും ഇഴചേരുന്നതിനെക്കുറിച്ച് പ്രബന്ധം തയ്യാറാക്കുകയാണ്.
‘എന്റെ വിചാരങ്ങൾ’ എന്ന പേരിൽ ദാർശനിക ചിന്തകളും ഉദ്ധരണികളും ചെറുകവിതകളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നു. ഈ ചിന്തകളുടെ ദാർശനികതലം വിശദീകരിക്കുന്ന വീഡിയോകളും തയ്യാറാക്കുന്നുണ്ട്. പാട്ടിലെ വരികളുടെ കാവ്യഭംഗി പരിചയപ്പെടുത്തുന്ന ‘പാട്ടിലെ കവിത’ എന്ന വീഡിയോ പരമ്പരയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
സാംസ്കാരിക പ്രവർത്തനത്തിനൊപ്പം കാരുണ്യത്തിന്റെ വഴിയിലും
പൊതുപ്രവർത്തനത്തിലും മധു സജീവമായിരുന്നു. ‘സാസ്’ എന്ന സംഘടനയിലൂടെ കാവുങ്കലിലും സമീപപ്രദേശങ്ങളിലും രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം, നിലവിൽ കാവുങ്കലിലെ ചാരിറ്റി സംഘടനയായ ‘കനിവ്’ — കാവുങ്കൽ കനിവ് നേച്ചർ വില്ലേജിന്റെ ചീഫ് കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.
വിരമിച്ചതിനുശേഷം കൗൺസിലിങ് സൈക്കോളജി, മോട്ടിവേഷൻ തുടങ്ങിയ വിഷയങ്ങളിൽ പഠനം നടത്തിയ അദ്ദേഹം സ്കൂളുകളിൽ പേരന്റിങ്, കുടുംബജീവിതം, വ്യക്തിത്വവികസനം എന്നിവയെക്കുറിച്ച് ക്ലാസെടുക്കുന്നു.
അംബേദ്കർ സ്മാരക കാവ്യശ്രീ പുരസ്കാരം, ഭരതൻ സ്മാരക പുരസ്കാരം തുടങ്ങി വലുതും ചെറുതുമായ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
ഭാര്യ ജയ. മക്കൾ ലക്ഷ്മി മധു, പാർവതി മധു.
ആര്യക്കരയിലെ മണലിൽ അക്ഷരങ്ങൾ എഴുതിപ്പഠിച്ച മധുവിന്റെ യാത്ര ഗാനരചയിതാവിലേക്കും റെക്കോർഡ് നേടിയ കവിയിലേക്കും നീണ്ടു. ആ യാത്രയിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം 365-ാമത്തെ കവിത പ്രസിദ്ധീകരിച്ചതുമാത്രമല്ല; സ്വയം എഴുതാൻ കഴിയാതിരുന്ന ദിവസങ്ങളിലും കവിതയ്ക്ക് വഴികണ്ടെത്തിയതാണ്.











