കളഞ്ഞുകിട്ടിയത് 1.85 ലക്ഷം; തിരികെ ഏൽപ്പിച്ച ഹേമന്തിന് സ്വർണനാണയം നൽകി നാടിന്റെ ആദരം

കളഞ്ഞുകിട്ടിയത് 1.85 ലക്ഷം; തിരികെ ഏൽപ്പിച്ച ഹേമന്തിന് സ്വർണനാണയം നൽകി നാടിന്റെ ആദരം
Share Email

മുഹമ്മ: നടുറോഡിൽനിന്ന് ലഭിച്ചത് 1,85,200 രൂപ. എന്നാൽ ആ പണം സ്വന്തമാക്കാതെ പൊലീസിൽ ഏൽപ്പിച്ച് സത്യസന്ധതയുടെ മാതൃകയായി ഹേമന്ത്. ഈ 30കാരന്റെ പ്രവൃത്തിക്ക് അഭിനന്ദനങ്ങളുമായി നാടും പൊലീസും വ്യാപാരികളും രംഗത്തെത്തി.

മുഹമ്മയിലെ അലീന ഫാഷൻ ജ്വല്ലറി ഉടമ എബി തോമസ് ഹേമന്തിന് സ്വർണനാണയം സമ്മാനിച്ചു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ, മുഹമ്മ പൊലീസ് എസ്എച്ച്ഒ കെ.ജെ. ജേക്കബ് എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. മാരാരിക്കുളം പൊലീസും അഭിനന്ദനം അറിയിച്ചു.

ഹേമന്തിന്റെ സത്യസന്ധതയ്ക്ക് ആദരമായി മുഹമ്മ ജെ.പി. ഫിറ്റ്നസ് സെന്ററിൽ ആറുമാസത്തേക്ക് സൗജന്യമായി വ്യായാമം ചെയ്യാനുള്ള സൗകര്യവും ഉടമ ജിതിൻ പട്ടാറ വാഗ്ദാനം ചെയ്തു.

കലവൂരിലെ കെഎസ്ഡിപി ജീവനക്കാരനായ ഹേമന്ത്, ചാരമംഗലം മായിത്തറ അറയ്ക്കൽ വീട്ടിൽ ഹരിദാസിന്റെയും രജനിയുടെയും മകനാണ്.

ആദരച്ചടങ്ങിൽ വ്യാപാരി വ്യവസായി സമിതി നേതാക്കളായ ടിപ്പ് ടോപ്പ് ജലീൽ, അശോകൻ സായി, സിറാജ് ഹാബ്സൻ, ജിതിൻ പട്ടാറ തുടങ്ങിയവർ പങ്കെടുത്തു.

Share Email
Top