sthala nama charithram

സ്ഥലനാമ ചരിത്രം
“കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്ന ആലപ്പുഴയിൽ നിന്നും 12 കി. മീറ്റർ വടക്കോട്ടും തണ്ണീർമുക്കത്തുനിന്നും 10 കി. മീറ്റർ തെക്കോട്ടും NH-66 (പഴയ NH-47)ൽ നിന്നും 4 കി. മീറ്റർ കിഴക്കോട്ടും, വേമ്പനാട്ടുകായലിൽ കുമരകത്തുനിന്നും 8 കി. മീറ്റർ പടിഞ്ഞാറോട്ടും സഞ്ചരിച്ചാൽ പ്രസിദ്ധമായ കരപ്പുറം ദേശത്തിന്റെ ഭാഗമായ മുഹമ്മ ഗ്രാമത്തിലെത്താം.
കുറ്റിക്കാടുകളും ചതുപ്പും നിറഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു ഒരുകാലത്തു മുഹമ്മ. വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറെ തീരത്തു സ്ഥിതിചെയ്യുന്ന ഒരു ദേശം. മുഹമ്മ ദേശത്തിന് ഏതാണ്ട് പത്തു നൂറ്റാണ്ടുകാലത്തെ പഴക്കം മാത്രമേ ഉള്ളൂ എന്ന് കരുതപ്പെടുന്നു. ഒന്നാം ചേരവംശാവലിയുടെ കാലശേഷം കേരള ചരിത്രത്തിന്റെ അജ്ഞാത കാലഘട്ടം കഴിഞ്ഞപ്പോൾ മഹോദയപുരം തലസ്ഥാനമായി വാണ ചേര, ചോള ചക്രവർത്തിമാരുടെ കാലത്തു കുട്ടനാട് ഉൾപ്പെടെ യുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്നത് വെൺപൊലി നാട്ടുരാജാക്കന്മാരാ യിരുന്നു. വിംബലന്മാരുടെ (പാണ്ഡ്യന്മാർ) ആധിപത്യത്തിൻ കീഴിലായി രുന്നതിനാലാണ് വെമ്പൊലിനാട് എന്ന പേര് ഉണ്ടായത്. വേമ്പനാട്ടു കായൽ എന്ന പേരും ഇപ്രകാരം ഉണ്ടായതാണ്. എ ഡി 1100ൽ വെമ്പൊലിനാട് തെക്കുംകൂർ എന്നും വടക്കുംകൂർ എന്നും രണ്ടായി ഭിന്നിച്ചു. ഏറ്റുമാനൂരും വൈക്കവും മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗവും ഉൾപ്പെടുന്ന പ്രദേശമായിരുന്നു വടക്കുംകൂർ രാജ്യം. ഈ രാജ്യത്തിന്റെ തലസ്ഥാനം ആദ്യം കടുത്തുരുത്തിയും പിന്നീട് വൈക്കവുമായിരുന്നു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം മീനച്ചിൽ താലൂക്കിന്റെ ഒരുഭാഗം ഹൈറേഞ്ച് എന്നിവ തെക്കുംകൂർ രാജ്യത്തിലായിരുന്നു.

1749ൽ (കൊല്ലവർഷം 924) തെക്കുംകൂർ രാജ്യം മാർത്താണ്ഡവർമ്മ പിടിച്ചടക്കി അതിനെ തിരുവിതാംകൂറിന്റെ ഭാഗമാക്കി. “925-ാമാണ്ട് മകരം 5-ാം തീയതി തെക്കുംകൂറും വടക്കുംകൂറും അടങ്ങുകയും തോവാളക്കോട്ടമുതൽ കവണാറുവരെ രാജ്യവും ശ്രീപദ്മനാഭ സ്വാമിക്ക് ആ ചന്ദ്രതാരം ദാനമായി സമർപ്പണം ചെയ്തു” എന്ന് രേഖ ഒപ്പിട്ടു model [govt.of Kerala, Dpt.of culchural Publications (1999) Travankore Archiyological series Vol .Part.1,11 &111 No.6-Marthandavarma Record of Kollam -925. കവണാർ എന്നത് മീനച്ചിലാറിന്റെ പഴയ പേരാണ്. വിംബലന്മാരുടെ കാലഘട്ടത്തിലാണ് കടൽ പിന്മാറി കരപ്പുറം ദേശം രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. കടൽ പിന്മാറിയപ്പോൾ ഇരുവശവും ഉയർന്നുവന്ന കര അവരുടെ അധീനതയിൽ ആയിരുന്നതിനാലാ യിരിക്കാം അതിനുള്ളിലുണ്ടായ തടാകത്തിന് വേമ്പനാട്ട് കായൽ എന്ന പേരുണ്ടായത്. നാട്, കര, ഊര് എന്നീ വാക്കുകൾ ചെന്തമിഴ് വാക്കുകളാണ്. മലയാള ഭാഷ ആവിർഭവിക്കുന്നതിന് മുൻപ് ചെന്തമിഴ് കലർന്ന ഭാഷയാണ് ഇവിടെ ഉപയോഗിച്ചുവന്നിരുന്നത്.

കൊച്ചി രാജാവിന്റെ അധീനതയിലായിരുന്ന ചേർത്തല-കരപ്പുറം പ്രദേശങ്ങൾ, മാർത്താണ്ഡവർമ്മയുമായി സന്ധിയിലേർപ്പെട്ടതനുസരിച്ചു തിരുവിതാംകൂറിന് വിട്ടുകൊടുക്കുകയും ഊരാണ്മ ക്ഷേത ങ്ങളെ കേന്ദ്രീകരിച്ചു കരപ്പുറം പ്രദേശത്തു ഭരണം നടത്തുകയും ചെയ്തിരുന്നതായി പഴമക്കാർ പറയുന്നു.

മുഹമ്മ എന്ന സ്ഥല നാമത്തിന് ഏതാണ്ട് രണ്ട് നൂറ്റാണ്ടിന് താഴെ പഴക്കമേയുള്ളൂ. ഇന്നത്തെ മുപ്പിരിത്തോടിന് തെക്കുവശം പെരും തുരുത്ത് എന്നും വടക്കുവശം ചാരമംഗലം എന്നുമാണ് അറിയപ്പെട്ടിരു ന്നത്. മൊത്തത്തിൽ ഇത് തണ്ണീർമുക്കം ദേശമായിരുന്നു. ഇന്നും ഇവിടുത്തെ വില്ലേജ് ഓഫീസ് തണ്ണീർമുക്കം തെക്ക് വില്ലേജ് ഓഫീസ് എന്നാണ് അറിയപ്പെടുന്നത്. ചാരമംഗലത്തിന്റെ തെക്കുഭാഗത്തിന് അത്താഴക്കാട് എന്ന് പേരുണ്ടായിരുന്നു. ഈ പ്രദേശം കണ്ടൽച്ചെടികളും പൊന്തക്കാടുകളും നിറഞ്ഞു കാടുപിടിച്ചു കിടന്നിരുന്നു. വേമ്പനാട്ടു കായലിൽക്കൂടി യാത്രചെയ്തിരുന്ന വള്ളക്കാരും സഞ്ചാരികളും അവരുടെ വള്ളങ്ങൾ ഈ കരയിലടുപ്പിച്ചു അത്താഴം പാകം ചെയ്തി രുന്നു. അതുകൊണ്ടായിരിക്കാം “അത്താഴക്കാട്’ എന്നപേരിൽ ഇ പ്രദേശം ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്.

തോട് ഒഴുകിച്ചെന്ന് കായലിനോട് ചേരുന്ന ഭാഗത്തിന് “മുഖപ്പ് എന്ന് പറയാറുണ്ട്. കായൽ മുഖത്തോട് ചേർന്ന ഭാഗം എന്നാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. പടിഞ്ഞാറ് ഭാഗം (പടിഞ്ഞാറ് വശം) എന്നതിന് മേക്ക് എന്ന പദം പണ്ടുകാലത്തു ഉപയോഗിച്ചിരുന്നു. പഴയകാലത്തെ ആധാരങ്ങളിലും മറ്റും ഇപ്രകാരം കാണാൻ കഴിയും. “മേക്ക്’ എന്നതിന് “മേൽ’ എന്നും പറയാറുണ്ട്. മുപ്പിരിത്തോട് ഒഴുകി വേമ്പനാട്ടുകായലിൽ ചേരുന്ന മുഖപ്പിന് തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഒരു ഈഴവ ഭവനം “മുഖമേൽ’ എന്ന വീട്ടുപേരിൽ അറിയപ്പെട്ടിരുന്നു. മോട്ടോർ വാഹന ങ്ങളും മറ്റുമില്ലാതിരുന്ന അക്കാലത്തു പ്രധാന ഗതാഗത മാർഗം ജലഗതാഗതമായിരുന്നു. ജലമാർഗ്ഗം എല്ലാ സാധനങ്ങളും നാനാ ദിക്കുകളിൽനിന്നും എത്തിയിരുന്ന ഈ പ്രദേശത്തു മേൽപ്പറഞ്ഞ വീടിനടുത്തായി ഒരു കമ്പോളം രൂപപ്പെടുകയും അത് “മുഖമ്മേൽ ക്കമ്പോളം’ എന്നപേരിൽ അറിയപ്പെടുകയും ചെയ്തു. പിന്നീട് ഖ എന്ന അക്ഷരം ഉച്ചാരണത്തിൽ ‘ഹ’ എന്നായി മാറുകയും അങ്ങനെ “മുഖമ്മ’ എന്നത് “മുഹമ്മ’ എന്നായി മാറുകയും ചെയ്തു എന്നാണ് പ്രായം ചെന്നവർ പറയുന്നത്.

Top