പൊൻവെയിലും കായൽക്കാറ്റും; വേമ്പനാട്ടിലെ അസ്തമയം ആസ്വദിക്കാൻ സൺസെറ്റ് ക്രൂസ്

പൊൻവെയിലും കായൽക്കാറ്റും; വേമ്പനാട്ടിലെ അസ്തമയം ആസ്വദിക്കാൻ സൺസെറ്റ് ക്രൂസ്
Share Email

ആലപ്പുഴ: തെങ്ങിൻതലപ്പുകൾക്കിടയിലൂടെ സൂര്യൻ താഴുമ്പോൾ വേമ്പനാട്ടിന്റെ കായൽപ്പരപ്പിൽ അസ്തമയവർണങ്ങൾ പടരും. ഈ മനോഹരക്കാഴ്ച ബോട്ടിലിരുന്ന് ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുകയാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂസ് ടൂറിസം ബോട്ട് സർവീസ്.

നെഹ്റു ട്രോഫി വള്ളംകളിക്ക് വേദിയാകുന്ന പുന്നമട കായലിലൂടെ സായി–മംഗലശ്ശേരി–കുപ്പപ്പുറം–പുഞ്ചിരി ജെട്ടി വഴിയാണ് സവാരി. രണ്ടുമണിക്കൂർ നീളുന്ന യാത്രയിൽ കായൽക്കാഴ്ചകൾക്കൊപ്പം കുട്ടനാടിന്റെ ഗ്രാമഭംഗിയും സായാഹ്നത്തിലെ ആകാശവർണങ്ങളും ആസ്വദിക്കാം.

‘സീ കുട്ടനാട്’ ബോട്ടാണ് സൺസെറ്റ് ക്രൂസ് സർവീസിനായി ഒരുക്കിയിരിക്കുന്നത്. താഴത്തെ നിലയിലും മുകളിലെ ഡെക്കിലും ഇരുന്ന് കാഴ്ചകൾ കാണാനുള്ള സൗകര്യമുണ്ട്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കായൽക്കാറ്റേറ്റ് സായാഹ്നം ചെലവഴിക്കാനും അസ്തമയദൃശ്യങ്ങൾ പകർത്താനും യാത്ര അവസരമൊരുക്കുന്നു.

സർവീസിന്റെ ഉദ്ഘാടനം ജി. സുധാകരൻ നിർവഹിച്ചു. എ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനയാത്രയിൽ ഇരുവരും യാത്രക്കാർക്കൊപ്പം പങ്കെടുത്ത് കായലിലെ സായാഹ്നക്കാഴ്ചകൾ ആസ്വദിച്ചു.

ജലഗതാഗത രംഗത്ത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുടെ ഭാഗമാണ് സൺസെറ്റ് ക്രൂസ് സർവീസെന്ന് ജി. സുധാകരൻ പറഞ്ഞു. സൂര്യാസ്തമയവും കുട്ടനാടിന്റെ സൗന്ദര്യവും ആസ്വദിക്കാൻ അവസരമൊരുക്കുന്ന പദ്ധതി ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.

യാത്രാനിരക്ക് ഒരാൾക്ക് 200 രൂപ. ബുക്കിങ്ങിനും യാത്രാസമയം അറിയുന്നതിനും: 9400050326.

Share Email
Top