തലയുടെ പിന്നിൽ ആഴത്തിലുള്ള മുറിവ്; തണ്ണീർമുക്കത്ത് 53കാരന്റെ ദുരൂഹമരണം—കൊലപാതകമെന്ന് സംശയം, അന്വേഷണം ശക്തമാക്കി
മുഹമ്മ: തണ്ണീർമുക്കത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് സ്കൂൾ കവലയ്ക്ക് സമീപം കരീക്കാട് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53) ആണ് മരിച്ചത്.
തലയുടെ പിന്നിൽ ഇടതുചെവിയോടു ചേർന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത മുഹമ്മ പൊലീസ് അന്വേഷണം ശക്തമാക്കി.
പൊലീസ് എത്തിയത് പരാതിയെ തുടർന്ന്
സമീപവാസിയായ പെൺകുട്ടിയോട് മോശമായി സംസാരിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സന്തോഷിനെ ശനിയാഴ്ച മുഹമ്മ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം സ്റ്റേഷനിൽ എത്തിയില്ല. ഫോണിൽ ബന്ധപ്പെടാനും കഴിയാതെ വന്നതോടെ ഞായറാഴ്ച രാവിലെ ഏഴോടെ പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
തലയിലും ചെവിക്കു പിന്നിലും മുറിവുകളുണ്ടായിരുന്നു. ഇടതുകാലിലും ചെറിയ മുറിവ് കണ്ടെത്തി. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽനിന്ന് ഒടിഞ്ഞ നിലയിലുള്ള ഒരു മുളവടിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് ആലപ്പുഴയിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വീടിനും പരിസരപ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, ചേർത്തല ഡിവൈഎസ്പി മഞ്ജുലാൽ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. ചേർത്തല സർക്കിൾ ഇൻസ്പെക്ടർ മഞ്ജുദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മരംവെട്ട്–തടിപ്പണി തൊഴിലാളിയായിരുന്ന സന്തോഷ് കുടുംബവുമായി അകന്ന് കഴിഞ്ഞ രണ്ടുവർഷത്തോളമായി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മക്കളും ഭാര്യവീട്ടിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഭാര്യ: സുനിത
മക്കൾ: സ്വർണ സന്തോഷ്, സൂര്യ പണിക്കർ, സാരംഗ് പണിക്കർ
സന്തോഷിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ എന്തൊക്കെയാണെന്നും വീട്ടിൽ മറ്റാരെങ്കിലും എത്തിയിരുന്നോ എന്നും കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലാണ് പൊലീസ്.







