ഇന്ധനം നിറയ്ക്കുന്നതിനിടെ കാർ മുന്നോട്ടെടുത്തു; ഹോസിൽ കുടുങ്ങി തെറിച്ചുവീണ പമ്പ് ജീവനക്കാരന് ഗുരുതര പരിക്ക്
ആലപ്പുഴ: ഇന്ധനം നിറച്ചശേഷം ഫ്യുവൽ ഡിസ്പെൻസർ നോസിൽ കാറിൽനിന്ന് മാറ്റുന്നതിന് മുമ്പ് ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതിനെ തുടർന്ന് പമ്പ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.
ആലപ്പുഴ കൈതവന സ്വദേശി രാമചന്ദ്രൻ (52) ആണ് അപകടത്തിൽപ്പെട്ടത്. വാരിയെല്ലിന് ക്ഷതമേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.40-ഓടെ കളർകോട് പക്കി ജങ്ഷനിലെ പെട്രോൾ പമ്പിലായിരുന്നു അപകടം. ഇന്ധനം നിറച്ചുകഴിഞ്ഞെന്നു കരുതിയ ഡ്രൈവർ കാർ മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയം കാറിൽനിന്ന് നോസിൽ ഊരിമാറ്റാൻ ശ്രമിച്ച രാമചന്ദ്രന്റെ കാലിൽ ഹോസ് കുടുങ്ങി.
കാർ മുന്നോട്ടുനീങ്ങിയതോടെ പമ്പിൽനിന്ന് ഹോസ് വേർപെടുകയും രാമചന്ദ്രൻ ശക്തമായി തെറിച്ച് കോൺക്രീറ്റ് തറയിൽ വീഴുകയും ചെയ്തു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഇന്ധനം നിറയ്ക്കുമ്പോൾ പമ്പ് ജീവനക്കാരൻ നോസിൽ പൂർണമായി മാറ്റിയെന്ന് ഉറപ്പാക്കിയശേഷം മാത്രമേ വാഹനം മുന്നോട്ടെടുക്കാവൂ എന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.







