മുഹമ്മയിൽ ദാഹശമനത്തിനായി തണ്ണീർപ്പന്തൽ; വേനലിന് ആശ്വാസമായി ജനകീയ സംരംഭം
വേനലിന്റെ കാഠിന്യത്തിൽ വഴിയാത്രക്കാർക്ക് ഒരുതുള്ളി ആശ്വാസമൊരുക്കി മുഹമ്മ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ആര്യക്കരയിൽ തണ്ണീർപ്പന്തൽ പ്രവർത്തനം ആരംഭിച്ചു. ചുട്ടുപൊള്ളുന്ന ചൂടിൽ ദാഹമകറ്റുന്ന ഈ ജനകീയ സംരംഭം, മുഹമ്മയുടെ കരുതലിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മനോഹരമായ ഉദാഹരണമായി മാറുകയാണ്.
തണ്ണീർപ്പന്തലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. എൻ. നസീമ അധ്യക്ഷത വഹിച്ചു. വേനൽക്കാലത്ത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കി മനുഷ്യസ്നേഹത്തിന്റെ സന്ദേശം പകരുക എന്ന ലക്ഷ്യത്തോടെയാണ് മുഹമ്മ പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്.
പരിപാടിയിൽ സ്ഥിരംസമിതി അധ്യക്ഷൻ എൻ. ആർ. മോഹിത്, മി. നി. ബിജു, പഞ്ചായത്ത് സെക്രട്ടറി എം. പി. മഹീധരൻ, കെ. ബി. ബിമൽ റോയ് എന്നിവർ സംസാരിച്ചു.
ചൂടിന്റെ തീക്ഷ്ണതയിൽ ദാഹിക്കുന്നവർക്ക് ഒരു ഗ്ലാസ് ശീതളജലം നൽകുന്നത് ഒരു സേവനം മാത്രമല്ല, മനുഷ്യനോടുള്ള കരുതലിന്റെ പ്രതീകവുമാണ്. അത്തരമൊരു സന്ദേശമാണ് മുഹമ്മ വീണ്ടും സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നത്. ജനങ്ങളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ മുഹമ്മയെ കൂടുതൽ ജനസൗഹൃദ ഗ്രാമപഞ്ചായത്താക്കി മാറ്റുമെന്ന പ്രതീക്ഷയാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്.







