സൈക്കിളിൽ കറങ്ങി കുശലം പറയാൻ ഇനി നഫീസത്തില്ല… മണ്ണഞ്ചേരിയെ കണ്ണീരിലാഴ്ത്തി കുഞ്ഞുമകളുടെ വേർപാട്

സൈക്കിളിൽ കറങ്ങി കുശലം പറയാൻ ഇനി നഫീസത്തില്ല… മണ്ണഞ്ചേരിയെ കണ്ണീരിലാഴ്ത്തി കുഞ്ഞുമകളുടെ വേർപാട്
Share Email

മണ്ണഞ്ചേരി: എന്നും സൈക്കിളിൽ വീടിനു സമീപത്തെ വഴികളിലൂടെ കറങ്ങും… പരിചയമുള്ളവരെ കണ്ടാൽ ചിരിച്ചുകൊണ്ട് അടുത്തെത്തും… വിശേഷങ്ങൾ ചോദിക്കും… കുശലം പറയും…

ആ കുഞ്ഞുചിരി ഇനി മണ്ണഞ്ചേരിയുടെ വഴികളിലുണ്ടാകില്ല. 💔

മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് ഉടുമ്പിത്തറ ബിസ്മില്ല മൻസിലിൽ സുഹൈൽ–ഷാഹിദ ദമ്പതികളുടെ മകൾ നഫീസത്തുൽ മിസ്‌രിയയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് ഒരു നാട്.

ഞായറാഴ്ച മദ്രസ പഠനം കഴിഞ്ഞ് വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചശേഷം, വീട്ടുകാരുടെ അനുമതിയോടെയാണ് നഫീസത്ത് തന്റെ പ്രിയപ്പെട്ട സൈക്കിളുമായി പതിവ് കറക്കത്തിനിറങ്ങിയത്.

ആ യാത്ര അവസാന യാത്രയാകുമെന്ന് ആരും കരുതിയില്ല…

മണ്ണഞ്ചേരി കിഴക്ക് അങ്ങാടി തോടിന്റെ വാഴയിൽ ഭാഗത്തുകൂടി സൈക്കിൾ ചവിട്ടുന്നതിനിടെ വെള്ളം നിറഞ്ഞ തോട്ടിലേക്ക് നഫീസത്ത് സൈക്കിളുമായി വീഴുകയായിരുന്നു. സംരക്ഷണഭിത്തിയില്ലാത്ത തോട്ടിലേക്ക് കുട്ടി വീണത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.

സമയം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ വീട്ടുകാരുടെ തിരച്ചിൽ തുടങ്ങി.

💔 ഒടുവിൽ മകളെ കണ്ടെത്തിയത് അമ്മ ഷാഹിദ തന്നെ…

മകളെ തോട്ടിൽ കണ്ടതോടെ ഷാഹിദ വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും അവരും മുങ്ങിപ്പോയി. സംഭവം കണ്ട നാട്ടുകാർ ഉടൻ തോട്ടിലിറങ്ങി ഇരുവരെയും കരയിലെത്തിച്ചു. പക്ഷേ നഫീസത്തിന്റെ ജീവൻ തിരിച്ചുപിടിക്കാനായില്ല.

നഫീസത്ത് വീണ സ്ഥലത്തുനിന്ന് പിന്നീട് അവളുടെ സൈക്കിളും കണ്ടെത്തി.

എന്നും അവളോടൊപ്പം നാട്ടുവഴികളിലൂടെ സഞ്ചരിച്ചിരുന്ന ആ സൈക്കിൾ തോട്ടിൽനിന്ന് കരയിലേക്ക് ഉയർത്തിയ കാഴ്ച കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.

ഇന്നലെ വരെ ആ സൈക്കിളിൽ കറങ്ങി എല്ലാവരോടും കുശലം പറഞ്ഞിരുന്ന കുഞ്ഞാണ്…

ഇനി ആ വഴിയിലൂടെ നഫീസത്ത് വരില്ല…

ആ കുഞ്ഞുചിരിയും കുശലാന്വേഷണവും ഇനി ഓർമ മാത്രം… 🌹

വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന വെള്ളം നിറഞ്ഞ തോടിന് സംരക്ഷണഭിത്തിയില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇനിയൊരു കുടുംബത്തിനും ഇത്തരമൊരു ദുരന്തം സംഭവിക്കാതിരിക്കാൻ അടിയന്തര സുരക്ഷാ നടപടികൾ വേണമെന്ന ആവശ്യവും ശക്തമാണ്.

നഫീസത്തുൽ മിസ്‌രിയയുടെ ഖബറടക്കം 17-08-2026 തിങ്കളാഴ്ച കിഴക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

🌹 പ്രിയ നഫീസത്തിന് ആദരാഞ്ജലികൾ…

കുടുംബത്തിന്റെ തീരാവേദനയിൽ മുഹമ്മയുടെ വാർത്തയും പങ്കുചേരുന്നു. 💔

Share Email
Top