സമൂഹമാധ്യമങ്ങളിലെ വീഡിയോ കണ്ട് തുടങ്ങിയ നെറ്റിപ്പട്ട നിർമ്മാണം ഇന്ന് ഈ വീട്ടമ്മയ്ക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്
ചരടുകളിൽ വിരിയുന്ന സ്വർണ്ണപ്രഭ: നെറ്റിപ്പട്ടത്തിന്റെ ലോകത്ത് സൗമ്യയുടെ മനോഹരമായ യാത്ര
തൃശ്ശൂർ, എറണാകുളം തുടങ്ങിയ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന സ്വർണ്ണമണികളും അപ്പൂപ്പൻ താടികളും ചേർത്തുവെച്ച് സൗമ്യ നിർമ്മിക്കുന്ന നെറ്റിപ്പട്ടങ്ങൾ ഇന്ന് കലാപ്രേമികൾക്കിടയിൽ ശ്രദ്ധേയമാണ്. വെറുമൊരു അലങ്കാരവസ്തുവല്ല, മറിച്ച് അതീവ ശ്രദ്ധയോടെയും ഭക്തിയോടെയും തുന്നിച്ചേർക്കുന്ന ഒരു കലാരൂപമായാണ് സൗമ്യ ഇതിനെ നോക്കിക്കാണുന്നത്.
കലയിലെ ദൃശ്യവിസ്മയം
അഞ്ചടിയിലധികം നീളത്തിൽ വിരിയുന്ന ഈ നെറ്റിപ്പട്ടങ്ങളിൽ മൂല ഗണപതി, ത്രിമൂർത്തികൾ, ലക്ഷ്മി, സരസ്വതി, പാർവ്വതി തുടങ്ങിയ ദൈവീക രൂപങ്ങളെയും അഷ്ടവസ്തുക്കളെയും നവഗ്രഹങ്ങളെയും സൗമ്യ തുന്നിച്ചേർക്കുന്നു. ഇതിൽ ഏറ്റവും സവിശേഷമായത് വിഷ്ണുവിനായി തയ്യാറാക്കുന്ന നെറ്റിപ്പട്ടമാണ്; മഞ്ഞാടിക്കൊരു മയിൽപ്പീലിയും സെന്ററിൽ ഗുരുവായൂരപ്പന്റെ രൂപവും ചേർത്തുവെക്കുമ്പോൾ അതൊരു ദൃശ്യവിസ്മയമായി മാറുന്നു.
ഒത്തൊരുമയുടെ കരവിരുത്
സൗമ്യയുടെ ഈ കലാപ്രവർത്തനങ്ങൾ വെറുമൊരു തൊഴിലല്ല, ഉപഭോക്താക്കളുടെ ആവശ്യാനുസരണം അവർ പറയുന്ന മോഡലിലും നിറത്തിലും ചെയ്തുകൊടുക്കുന്ന ഒരു സേവനം കൂടിയാണ്. ചെറിയ നെറ്റിപ്പട്ടങ്ങൾ ഒറ്റയ്ക്ക് ഒരു ദിവസം കൊണ്ട് പൂർത്തിയാക്കുമ്പോൾ, വലിയ നെറ്റിപ്പട്ടങ്ങൾ തയ്യാറാക്കാൻ ടീമായി ചേർന്ന് പ്രവർത്തിക്കുകയാണ് പതിവ്.
സൗമ്യയുടെ ക്രാഫ്റ്റ് വേൾഡ്
തന്റെ ഈ ക്രാഫ്റ്റ് വർക്കുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ‘നെറ്റിപ്പട്ടം ലോട്ടസ് ക്രാഫ്റ്റ് വേൾഡ്’ (Nettippattom Lotus Craft World) എന്ന പേരിൽ സൗമ്യയ്ക്ക് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളുണ്ട്. ഇതിലൂടെയാണ് തനിക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നതെന്ന് സൗമ്യ പറയുന്നു. ഒരു കാലത്ത് ഹോബിയായി തുടങ്ങിയ ഈ പ്രവർത്തനം ഇന്ന് പലർക്കും തൊഴിൽ നൽകുന്ന ഒരു സംരംഭമായി വളർന്നിരിക്കുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്.
കോവിഡ് കാലത്തെ വിരസതയകറ്റാൻ ചേർത്തല സ്വദേശിനി സൗമ്യ കണ്ടെത്തിയ വഴിയാണ് നെറ്റിപ്പട്ട നിർമ്മാണം, സൗമ്യക്ക് കീഴിൽ ഏഴോളം വനിതകളും ലോട്ടസ് ക്രാഫ്റ്റ്‌സ് എന്ന സ്ഥാപനത്തിൽ ഇന്ന് ജോലി ചെയ്യുന്നു..






