₹1,000 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: തേടിനടന്ന പ്രതി പരാതിക്കാരന്റെ കൺമുന്നിൽ; ചേർത്തലയിൽ നാടകീയമായി പിടിയിൽ

₹1,000 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: തേടിനടന്ന പ്രതി പരാതിക്കാരന്റെ കൺമുന്നിൽ; ചേർത്തലയിൽ നാടകീയമായി പിടിയിൽ
Share Email

യുഎസ് പ്രതിരോധ വകുപ്പിന്റെ പേരിൽ വ്യാജകരാർ കാട്ടിയെന്ന് പരാതി; ₹70 ലക്ഷം നഷ്ടപ്പെട്ട മുനീർ ഹോട്ടലിൽവച്ച് പ്രതിയെ തിരിച്ചറിഞ്ഞു

ചേർത്തല: യുഎസ് പ്രതിരോധ വകുപ്പിനുവേണ്ടി ആയുധങ്ങളും മറ്റ് ഉപകരണങ്ങളും നിർമിക്കാൻ വൻകിട കരാറുകൾ ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് നിക്ഷേപകരിൽനിന്ന് പണം തട്ടിയെന്ന കേസിൽ ‘വിപിവിവി’ കമ്പനിയുടെ കേരള കോഓർഡിനേറ്റർ ചേർത്തലയിൽ പിടിയിലായി. ഒരു കോടി രൂപ നിക്ഷേപിച്ചാൽ ₹5,000 കോടിയുടെ ഉപകരാറും 25 ശതമാനം ലാഭവും ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് പണം സ്വീകരിച്ചതെന്നാണ് പരാതി.

കൊല്ലം പാരിപ്പള്ളി സ്വദേശി പി. പ്രദീപ് കുമാറിനെയാണ് ചേർത്തല റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. വർക്കല വടശേരിക്കോണം സ്വദേശി എ.എം. മുനീറിൽനിന്ന് ₹70 ലക്ഷം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

വൈകിട്ട് നാലോടെ ഹോട്ടലിലെത്തിയ പ്രദീപിനെ അവിടെവച്ച് മുനീർ അപ്രതീക്ഷിതമായി തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഹോട്ടലിലുണ്ടായിരുന്നവരുടെ സഹായത്തോടെ ഇയാളെ തടഞ്ഞുവച്ച മുനീർ ചേർത്തല പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രദീപിനെ കസ്റ്റഡിയിലെടുത്തു.

പിന്നീട് ഇയാളെ വർക്കല പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

വർക്കലയിൽ നടപ്പാക്കുമെന്ന് പറഞ്ഞ ₹350 കോടിയുടെ ശിവപുരി ക്ഷേത്രനിർമാണ പദ്ധതിയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചും പണം തട്ടിയതായാണ് മുനീർ പൊലീസിന് നൽകിയ പരാതിയിലെ മറ്റൊരു ആരോപണം.

കമ്പനി ചെയർമാനും കേസിലെ മുഖ്യപ്രതിയുമായ വെങ്കിട്ട വെങ്കിട്ട്, കേരള കോഓർഡിനേറ്റർ ജി.എസ്. ബിജു, തട്ടിപ്പിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഡോ. സാബ്, യെലതി പദ്മരാജ് ഗോപാൽ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

ഈ മാസം ആദ്യം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ട വെങ്കിട്ട്, കമ്പനി ഡയറക്ടർമാരായ ഡൽഹി സ്വദേശി ഹിതേഷ് കുമാർ, എറണാകുളം കൂത്താട്ടുകുളം സ്വദേശി രാഹുൽ രാജീവ് നായർ എന്നിവർ നിലവിൽ ജാമ്യത്തിലാണെന്നാണ് വിവരം.

വെങ്കിട്ട വെങ്കിട്ട്, പി. പ്രദീപ് കുമാർ, മറ്റൊരു കോഓർഡിനേറ്ററായ വിനോദ് വാരിയർ എന്നിവരുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ‘വിപിവിവി’ കമ്പനി ആരംഭിച്ചതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.

Share Email
Top