വൈകിട്ട് എന്താ പരിപാടി? ഇനി വേമ്പനാട്ടുകായലിൽ ‘സൺസെറ്റ് ക്രൂസ്’!

വൈകിട്ട് എന്താ പരിപാടി? ഇനി വേമ്പനാട്ടുകായലിൽ ‘സൺസെറ്റ് ക്രൂസ്’!
Share Email

അസ്തമയസൂര്യന്റെ മനോഹാരിത ആസ്വദിച്ച് രണ്ടുമണിക്കൂർ കായൽയാത്ര; നിരക്ക് ₹300ൽ താഴെ

ആലപ്പുഴ: കായൽക്കാറ്റേറ്റ് വേമ്പനാടിന്റെ ഓളപ്പരപ്പിലൂടെ യാത്ര ചെയ്ത് അസ്തമയസൂര്യന്റെ മനോഹാരിത ആസ്വദിക്കാം. സഞ്ചാരികൾക്കായി പുതിയ ‘സൺസെറ്റ് ക്രൂസ്’ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന ജലഗതാഗത വകുപ്പ്.

പൂജാ അവധിക്കുമുമ്പായി ഒക്ടോബറിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന യാത്രയ്ക്ക് ₹300ൽ താഴെയായിരിക്കും നിരക്ക്.

ഉച്ചയ്ക്കുശേഷം ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കായൽയാത്രയ്ക്കും സൂര്യാസ്തമയം ആസ്വദിക്കാനും മതിയായ സൗകര്യമില്ലെന്ന പരാതിക്ക് പുതിയ സർവീസ് പരിഹാരമാകും. നിലവിൽ വൈകിട്ട് 4.45ന് കൈനകരിയിലേക്കുള്ള ഓർഡിനറി ബോട്ട് സർവീസ് മാത്രമാണുള്ളത്.

വൈകിട്ട് 5.30ന് പുറപ്പെടും; 7.30ന് മടങ്ങിയെത്തും

ആലപ്പുഴയിൽനിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ക്രൂസ് പുഞ്ചിരി ജെട്ടി, മംഗലശ്ശേരി എന്നിവിടങ്ങളിലൂടെ വേമ്പനാട്ടുകായലിലെത്തും. തുടർന്ന് സായി വഴി പുന്നമടയിലൂടെ സഞ്ചരിച്ച് രാത്രി 7.30ന് തിരിച്ചെത്തും.

നിലവിലുള്ള ‘സീ കുട്ടനാട്’ ബോട്ടാണ് സൺസെറ്റ് ക്രൂസിനായി ഉപയോഗിക്കുന്നത്. രാവിലെ 11ന് യാത്ര ആരംഭിക്കുന്ന ബോട്ട് വൈകിട്ട് 4.30ന് തിരിച്ചെത്തും. പിന്നീട് അടുത്ത ദിവസം രാവിലെവരെ മറ്റു സർവീസുകളില്ലാത്തതിനാൽ ആവശ്യമായ ചെറിയ മാറ്റങ്ങൾ വരുത്തി ഇതേ ബോട്ട് സൺസെറ്റ് ക്രൂസിനായി ഉപയോഗിക്കാനാണ് തീരുമാനം.

യാത്രക്കാർക്കായി ലഘുഭക്ഷണവും ബോട്ടിൽ ഒരുക്കും. കായൽക്കാറ്റും തെങ്ങിൻതോപ്പുകളുടെ പച്ചപ്പും വേമ്പനാട്ടുകായലിൽ പ്രതിഫലിക്കുന്ന അസ്തമയസൂര്യന്റെ പൊൻനിറവും ആസ്വദിക്കാവുന്ന യാത്ര വിനോദസഞ്ചാരികൾക്ക് വേറിട്ട അനുഭവമാകും.

ചെലവ് ₹300ൽ താഴെ, യാത്ര രണ്ടുമണിക്കൂർ—ആലപ്പുഴയിലെ വൈകുന്നേരങ്ങൾക്ക് ഇനി സൺസെറ്റ് ക്രൂസിന്റെ നിറപ്പകിട്ട്!

Share Email
Top