മോഷ്ടിച്ച ബൈക്കിലെ യാത്ര ദുരന്തമായി; ചികിത്സയിലായിരുന്ന ഷിജാസും മരിച്ചു, അപകടത്തിൽ മരണം മൂന്നായി
മണ്ണഞ്ചേരി: മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസ് (19) മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഷിജാസ് ഉച്ചയ്ക്ക് 12.30ഓടെയാണ് മരിച്ചത്.
ആലപ്പുഴ–തണ്ണീർമുക്കം റോഡിൽ കൈചൂണ്ടി ജംഗ്ഷന് തെക്കുവശത്ത് പുലർച്ചെ 3.20ഓടെയായിരുന്നു അപകടം. മണ്ണഞ്ചേരിയിലെ ഒരു വീട്ടിൽനിന്ന് മോഷ്ടിച്ചതായി പൊലീസ് പറയുന്ന ബൈക്കിലാണ് മൂന്നംഗ സംഘം സഞ്ചരിച്ചിരുന്നത്.
ആലപ്പുഴ ഭാഗത്തേക്ക് അമിതവേഗത്തിൽ തെറ്റായ ദിശയിലൂടെ പോകുന്നതിനിടെ ബൈക്ക് തെരുവുനായയെ ഇടിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ ബൈക്ക് എതിർദിശയിൽ വന്ന മറ്റൊരു ബൈക്കിലിടിക്കുകയും ഏകദേശം 50 മീറ്ററോളം റോഡിലൂടെ തെന്നിനീങ്ങുകയും ചെയ്തു.
മൂന്നംഗ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് സബീൽ (17), റിൻഷാദ് റഷീദ് (20) എന്നിവർ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. റിൻഷാദാണ് ബൈക്ക് ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
എതിർദിശയിൽ വന്ന ബൈക്കിൽ സഞ്ചരിച്ചിരുന്ന റിജോ ജോൺസണും അക്ഷയ് വിൻസന്റിനും അപകടത്തിൽ പരിക്കേറ്റിരുന്നു.
മകന്റെ അപകടവിവരമറിഞ്ഞ് ദുബായിലായിരുന്ന ഷിജാസിന്റെ മാതാവ് സുബിന കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. സഹോദരിമാർ: ഷഹനാസ്, ആയിഷ, സന ഫാത്തിമ. ഷിജാസിന്റെ മൃതദേഹം മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി.
ഈ അപകടത്തിൽ ദിവസങ്ങൾക്കിടെ മൂന്ന് യുവജീവനുകളാണ് പൊലിഞ്ഞത്. അമിതവേഗവും തെറ്റായ ദിശയിലൂടെയുള്ള യാത്രയും എത്ര വലിയ ദുരന്തത്തിലേക്കാണ് നയിക്കുന്നതെന്നതിന്റെ വേദനാജനകമായ ഓർമപ്പെടുത്തലായി സംഭവം മാറി.







