നവംബറിൽ വിവാഹപ്പന്തലിലേക്ക് കടക്കേണ്ടിയിരുന്ന അശ്വതി ഇനി ഓർമ; അപ്രതീക്ഷിത വിയോഗത്തിൽ മുഹമ്മ
മുഹമ്മ: നവംബറിൽ നടക്കാനിരുന്ന വിവാഹത്തിന്റെ സന്തോഷകരമായ ഒരുക്കങ്ങൾക്കിടെയാണ് അശ്വതിയെ തേടി അപ്രതീക്ഷിത മരണമെത്തിയത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മുഹമ്മ കാവുങ്കൽ സ്വദേശിനിയായ അശ്വതി (അമ്മു–27)യുടെ വിയോഗം കുടുംബത്തെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
കാവുങ്കൽ ചിറയിൽ ഓട്ടോ തൊഴിലാളിയായ രഞ്ജന്റെയും ദീപയുടെയും മകളാണ് അശ്വതി. കാവുങ്കൽ അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന അശ്വതി നാട്ടുകാർക്കും പരിചിതയായിരുന്നു.
ഞായറാഴ്ച വൈകിട്ട് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അമ്മ ദീപയ്‌ക്കൊപ്പം മുഹമ്മ ജങ്ഷന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
കാവുങ്കൽ സ്വദേശിയായ യുവാവുമായി അശ്വതിയുടെ വിവാഹം നവംബറിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി കാത്തിരുന്ന കുടുംബത്തിലേക്കെത്തിയ അപ്രതീക്ഷിത ദുരന്തം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.
അശ്വതിക്ക് ആദരാഞ്ജലികൾ. കുടുംബത്തിന്റെ തീരാദുഃഖത്തിൽ Muhamma.com പങ്കുചേരുന്നു.







