മുഹമ്മയുടെ വേമ്പനാട്ട് കായൽ മരിക്കുകയാണോ? ഡ്രഡ്ജിങ്ങിന് പിന്നാലെ മത്സ്യവും കക്കയും കുറഞ്ഞു; കണ്ണീരിൽ മുങ്ങി മുഹമ്മയിലെ മത്സ്യത്തൊഴിലാളികൾ

മുഹമ്മയുടെ വേമ്പനാട്ട് കായൽ മരിക്കുകയാണോ? ഡ്രഡ്ജിങ്ങിന് പിന്നാലെ മത്സ്യവും കക്കയും കുറഞ്ഞു; കണ്ണീരിൽ മുങ്ങി മുഹമ്മയിലെ മത്സ്യത്തൊഴിലാളികൾ
Share Email

മുഹമ്മ: ഒരുകാലത്ത് കരിമീനും കക്കയും കൊണ്ട് സമൃദ്ധമായിരുന്ന മുഹമ്മയുടെ വേമ്പനാട്ട് കായൽ ഇന്ന് ജീവനോപാധി നഷ്ടപ്പെട്ട മത്സ്യ-കക്ക തൊഴിലാളികളുടെ നെടുവീർപ്പുകൾ കേൾക്കുന്ന ദുരിതഭൂമിയായി മാറുകയാണെന്ന് നാട്ടുകാർ. തിരയടിയുടെ രൂക്ഷത, അശാസ്ത്രീയ മണൽ ഖനനം, ഡ്രഡ്ജിങ് പ്രവർത്തനങ്ങൾ എന്നിവയെ തുടർന്ന് കായലിന്റെ ആവാസവ്യവസ്ഥ തകർന്നതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനം പ്രതിസന്ധിയിലായിരിക്കുകയാണ്.

ഡ്രഡ്ജിങ് ആരംഭിച്ചതിന് ശേഷം കാര്യസ്ഥംപാടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കായൽ മുഴുവൻ ചെളിവെള്ളം നിറഞ്ഞ നിലയിലാണ്. കണ്ണങ്കര, കുളക്കോടിച്ചിറ മേഖലകളിൽ നടന്ന മണൽ ഖനനത്തിന്റെ പ്രത്യാഘാതമായി പനങ്ങാമുക്കം മുതൽ മണ്ണഞ്ചേരി വരെ കായലിലെ വെള്ളം ചെളികലങ്ങി മങ്ങിയതായി തൊഴിലാളികൾ പറയുന്നു.

ഒരുകാലത്ത് കരിമീൻ, പൂമീൻ, കാളാഞ്ചി, പൂളൻ, മഞ്ഞപ്പള്ളത്തി തുടങ്ങി നിരവധി മത്സ്യവർഗങ്ങളുടെ സമൃദ്ധമായ ആവാസകേന്ദ്രമായിരുന്ന മുഹമ്മയുടെ കായൽ ഇന്ന് മത്സ്യങ്ങൾക്ക് പോലും അന്യമായിരിക്കുകയാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ വേദന.

“ഇപ്പോൾ കായലിൽ പോയാൽ പല ദിവസവും വെറുംകയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്. ഒരിക്കൽ എളുപ്പത്തിൽ ലഭിച്ചിരുന്ന കരിമീൻ പോലും ഇന്ന് അപൂർവമായി. കക്കയുടെ ലഭ്യതയും ഗണ്യമായി കുറഞ്ഞു,” തൊഴിലാളികൾ പറയുന്നു.

തുടർച്ചയായ തിരയടിയും നിയന്ത്രണമില്ലാത്ത മണൽ ഖനനവും കായലിന്റെ അടിത്തട്ടിലെ സ്വാഭാവിക ഘടനയെ തകർത്തതോടെ മത്സ്യങ്ങളുടെ പ്രജനനകേന്ദ്രങ്ങൾ നശിച്ചുവെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് മത്സ്യബന്ധനവും കക്ക ശേഖരണവും മാത്രം ആശ്രയിച്ച് ജീവിക്കുന്ന സാധാരണ തൊഴിലാളി കുടുംബങ്ങളാണ്.

പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന അശാസ്ത്രീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും, മുഹമ്മയുടെ വേമ്പനാട്ട് കായലിനെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മത്സ്യ-കക്ക തൊഴിലാളികൾ ആവശ്യപ്പെടുന്നു.

ഇല്ലെങ്കിൽ, തലമുറകളായി ഉപജീവനവും സംസ്കാരവും ഒരുമിച്ച് കാത്തുസൂക്ഷിച്ച മുഹമ്മയുടെ വേമ്പനാട്ട് കായൽ, ഭാവിയിൽ ഓർമ്മകളിൽ മാത്രം അവശേഷിക്കുമെന്ന ആശങ്കയാണ് തീരദേശ ജനത പങ്കുവെക്കുന്നത്.

Share Email
Top