സി.കെ. ഭാസ്കരൻ
മുഹമ്മ ഗ്രാമത്തിന്റെ വടക്കുപടിഞ്ഞാറുള്ള കല്ലാപ്പുറം എന്ന ദേശത്തു ചേനപ്പറമ്പിൽ വീട്ടിൽ കർഷകത്തൊഴിലാളിയായ കൊച്ചു കിട്ടന്റെയും, ചീരയുടെയും ഏഴുമക്കളിൽ ഇളയവനായി 1936-ൽ ജനനം. തന്റെ ജ്യേഷ്ഠ സഹോദരനായിരുന്ന സി. കെ. ദാമോദരന്റെ പ്രവർത്ത നമാണ് ഭാസ്ക്കരനെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ആകർഷിച്ചത്. പുന്നപ്രവയലാർ സമര സേനാനിയായിരുന്ന ദാമോദരൻ പട്ടാളത്തിന്റെ മർദ്ദനമേറ്റാണ് മരണമടഞ്ഞത്. ജ്യേഷ്ഠന്റെ മരണത്തെ ത്തുടർന്ന് പഠനം ഏഴാം ക്ലാസിൽ അവസാനിപ്പിച്ച ഭാസ്കരൻ കയർ ഫാക്ടറിയിൽ പോകാൻ തുടങ്ങി. അന്നുമുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി സി. കെ. ഭാസ്കരൻ
പ്രവർത്തനങ്ങളിൽ പങ്കാളിയായി. തുടർന്ന് കല്ലാപ്പുറത്തെ എസ്. എൻ. ഡി. പി. ശാഖായോഗത്തിന്റെയും ഈ ശാഖായോഗത്തിന്റെ ഓഫീസ് കെട്ടിടം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സന്മാർഗസന്ദായിനി ഗ്രന്ഥ ശാലയുടെയും പ്രവർത്തകനായി മാറി.
സി. കെ. എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം നാട്ടിലറിയപ്പെട്ടിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന സി. കെ. 1964-ൽ കമ്മ്യൂണിസ്റ്റുപാർട്ടി പിളർന്നപ്പോൾ സി. പി. ഐ. എം. ൽ നിന്നു.
22 വർഷം മുഹമ്മ ഗ്രാമപഞ്ചായത്തംഗമായിരുന്ന സി. കെ. 2001 മുതൽ 2011 വരെ 10 വർഷക്കാലം പഞ്ചായത്തു പ്രസിഡന്റായിരുന്നു സി. കെ. പഞ്ചായത്തു പ്രസിഡന്റായിരിക്കുമ്പോഴാണ് തെക്കൻകേരള ത്തിൽ ആദ്യമായി സാന്ത്വനപരിചരണം മുഹമ്മ പഞ്ചായത്തിൽ പ്രവർ ത്തനമാരംഭിച്ചത്.
2007-ൽ ആയിരുന്നു ഇത്. മുഹമ്മയിൽ സി. കെ. യുടെ നേതൃത്വത്തിൽ നടപ്പാക്കിയ സാന്ത്വന പരിചരണ പദ്ധതി പിന്നീട് സർക്കാർ നയമായി പ്രഖ്യാപിക്കുകയും മറ്റു പഞ്ചായത്തു കളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. പരമ്പരാഗത രീതിയിൽനിന്നു മാറി നൂതനമായ ജനകീയ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന കാഴ്ചപ്പാടുകാരനായിരുന്നു സി. കെ. മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. യൂണിയന്റെ സ്ഥാപക പ്രസിഡന്റ് ചീരപ്പൻചിറ തറവാട്ടിലെ കാരണവരും നാട്ടുപ്രമാണിയുമായിരുന്ന സി. കെ. കരുണാകരപ്പണിക്കർ ആയിരുന്നു. അക്കാലത്തു നാട്ടിലെ ഏതാണ്ട് എല്ലാ തർക്ക പ്രശ്നങ്ങളും ചീരപ്പൻ ചിറയിലെ മദ്ധ്യസ്ഥതയിലാണ് ഒത്തുതീർപ്പായിക്കൊണ്ടിരുന്നത്. കരുണാകരപ്പണിക്കർ യൂണിയൻ പ്രസിഡന്റായതോടെ നാട്ടിലെ ഇത്തരം എല്ലാപ്രശ്നങ്ങളും പരിഹരി ക്കുന്നതിനുള്ള വേദിയായി യൂണിയൻ മാറി. യുണിയനാഫീസിൽ മധ്യസ്ഥത്തിന് പ്രത്യേകം ഫയലുകളുണ്ടായിരുന്നു. പിന്നീട് സി. കെ. യൂണിയൻ ജനറൽ സെക്രട്ടറിയായപ്പോൾ നാട്ടിലെ പ്രധാനപ്പെട്ട മധ്യസ്ഥക്കാരനായി മാറി. തർക്കങ്ങളിൽ സി. കെ. യുടേതായിരുന്നു അവസാന വാക്ക്.
മികച്ച പഞ്ചായത്തു പ്രസിഡന്റിനുള്ള രാഷ്ട്രപതിയുടെ അവാർഡു ലഭിച്ചിട്ടുള്ള സി. കെ. 2009 -ൽ ആലപ്പുഴയിലെ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ പ്രസിഡന്റായി. പാലിയേറ്റിവ് സംവിധാനം മറ്റു പഞ്ചായത്തുകളെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് പല പഞ്ചായത്തു കളും സന്ദർശിക്കുകയും ഉപദേശങ്ങൾ നൽകുകയും പതിവായിരുന്നു. 2014 ജൂലൈ 4 ന് സി. കെ. അന്തരിച്ചു.

