പാതിരാമണലിൽ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണി; ഫ്ലോട്ടിങ് ജെട്ടികൾക്കായുള്ള ആവശ്യം അവഗണനയിൽ!

പാതിരാമണലിൽ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണി; ഫ്ലോട്ടിങ് ജെട്ടികൾക്കായുള്ള ആവശ്യം അവഗണനയിൽ!
Share Email

ഒന്നിലധികം ബോട്ടുകൾ ഒരുമിച്ചെത്തിയാൽ യാത്രക്കാർക്ക് കരയിലിറങ്ങാൻ ദുരിതം; സ്ത്രീകളും കുട്ടികളും വയോധികരും അപകടഭീതിയിൽ

മുഹമ്മ: വേമ്പനാട്ടുകായലിന്റെ നടുവിലെ പ്രകൃതിരമണീയമായ പാതിരാമണൽ ദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുമ്പോഴും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നു. ദ്വീപിന് ചുറ്റും ഫ്ലോട്ടിങ് ജെട്ടികൾ സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇന്നും കടലാസിലൊതുങ്ങുകയാണ്.

ജലഗതാഗത വകുപ്പിന്റേതുൾപ്പെടെ നിരവധി ബോട്ടുകൾ ദിവസേന എത്തുന്ന പാതിരാമണലിൽ യാത്രക്കാരെ കയറ്റിയിറക്കാൻ നിലവിലുള്ളത് ഒരേയൊരു ജെട്ടി മാത്രം. ഒന്നിലധികം ബോട്ടുകൾ ഒരേസമയം എത്തുന്നതോടെ യാത്രക്കാർ ദുരിതത്തിലാകുന്നു.

ഒരു ബോട്ടിൽനിന്ന് മറ്റൊരു ബോട്ടിലേക്ക് കയറിയിറങ്ങി കരയിലെത്തേണ്ട അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം അപകടസാധ്യതയും വർധിപ്പിക്കുന്നു.

വിനോദസഞ്ചാരികളുടെ എണ്ണത്തിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

ദ്വീപിന് ചുറ്റും ആവശ്യമായ സ്ഥലങ്ങളിൽ ഫ്ലോട്ടിങ് ജെട്ടികൾ സ്ഥാപിച്ചാൽ ബോട്ടുകൾക്ക് സുരക്ഷിതമായി അടുക്കാനും യാത്രക്കാരെ സുഗമമായി കയറ്റിയിറക്കാനും സാധിക്കും. നിലവിലെ ജെട്ടിയിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം ബോട്ട് സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ കഴിയും.

ഫ്ലോട്ടിങ് ജെട്ടികൾ സ്ഥാപിക്കണമെന്ന ആവശ്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് സ്രാങ്ക് അസോസിയേഷൻ ആരോപിച്ചു.

പാതിരാമണലിനെ കൂടുതൽ വിനോദസഞ്ചാര സൗഹൃദമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഫ്ലോട്ടിങ് ജെട്ടികൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്ന് സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. ആദർശ് ആവശ്യപ്പെട്ടു.

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പാതിരാമണലിൽ അവർക്ക് സുരക്ഷിതമായി കരയിലിറങ്ങാനുള്ള സൗകര്യം ഒരുക്കാൻ ഇനിയും എത്രകാലം കാത്തിരിക്കണം?

Muhamma.com | മുഹമ്മയുടെ വാർത്തകൾ ലോകത്തേക്ക്

Share Email
Top