പൊന്നാട് പാടത്ത് ആറ് കോടിയുടെ പദ്ധതി

പൊന്നാട് പാടത്ത് ആറ് കോടിയുടെ പദ്ധതി
Share Email

Monday 19 January, 2026 | 12:08 AM
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്തിലെ പെരുന്തുരുത്ത് തെക്കേക്കരി പാടത്ത്(പൊന്നാട് പാടം) കാർഷിക പുരോഗതിയ്ക്കായി ആറുകോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ഇറിഗേഷൻ വകുപ്പ് തണ്ണീർമുക്കം ഡിവിഷന്റെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. പൊന്നാട് പാടത്തിന്റെ നടുച്ചാൽ ആഴം കൂട്ടി ഇരുവശങ്ങളും കരിങ്കൽ ഭിത്തി നിർമ്മിക്കും. ശേഷം മൂന്നു മീറ്റർ വീതിയിൽ ചാലിന്റെ പടിഞ്ഞാറെ കരയിലൂടെ റോഡ് നിർമ്മിക്കും. ഇടയ്ക്ക് രണ്ട് കലുങ്കുകളുമുണ്ടാകും. ഒരു കിലോമീറ്ററിലധികം നീളം വരുന്ന റോഡ് എലിപ്പനം റോഡിൽ തുടങ്ങി അമ്പലക്കടവിൽ പൊന്നാട് റോഡിൽ ചേരും. ഈ റോഡ് അമ്പലക്കടവിൽ എത്തുന്നതിന് തൊട്ടുമുന്നിൽ നിന്ന് പാടത്തിനായി നിർമ്മിച്ച ഗോഡൗണിലേയ്ക്കും ചെന്നെത്താം.

കർഷകർക്കും ടൂറിസത്തിനും ഗുണകരം
നിർമ്മാണം പൂർത്തിയാകുന്നതോടെ, 70 ഏക്കറോളം വരുന്ന പാടത്തെ കർഷകർക്കും ഏറെ സഹായകമാകും. ടാക്ടറും കൊയ്ത് യന്ത്രങ്ങളും വിത്തും വളവുമൊക്കെ കൊണ്ടുവരാനും കർഷകർക്ക് പ്രയോജനപ്പെടും. കൊയ്തെടുക്കുന്ന നെല്ലും കച്ചിയും വിപണന കേന്ദ്രത്തിലെത്തിക്കാനുള്ല എളുപ്പ വഴി കൂടിയാണിത്. ഇപ്പോൾത്തന്നെ നിരവധി വിനോദ സഞ്ചാരികൾ പെരുന്തുരുത്ത് തെക്ക് വടക്ക് പാടങ്ങളിലേക്ക് എത്തുന്നുണ്ട്. വടക്കേ പാടത്ത് നടുച്ചാൽ നവീകരണം പൂർത്തിയായിട്ട് നാളേറെയായി. റോഡിന്റെ നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്.
പൊന്നാട് പാടത്തെയും കനാൽ നവീകരണവും റോഡ് നിർമാണവും പൂർത്തിയാകുമ്പോൾ അത് ഇവിടുത്തെ ടൂറിസം സാദ്ധ്യതകൾക്കും ഗതിവേഗം കൂട്ടും. ഇവിടെ ഫാം ടൂറിസം നടപ്പാക്കാനായി ജില്ലാ പഞ്ചായത്ത് ഫണ്ട് നീക്കി വച്ചിട്ടുണ്ട്. ഇവിടെ ഇരിപ്പിടങ്ങളും ഏറുമാടങ്ങളും കനാലിൽ കുട്ടവഞ്ചികളും പെഡൽ ബോട്ടുകളും സ്ഥാപിക്കാനാണ് പദ്ധതിയെന്നാണ് വിലയിരുത്തൽ. റീലുകളുടെയും വിവാഹ പാർട്ടികളുടെയും ഫോട്ടോ വീഡിയോ ഷൂട്ടിംഗിന് എത്തുന്നവർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ.

Share Email
Top