വേമ്പനാട് കായലിൽ ഇത്തവണയുമില്ല ആറ്റുകൊഞ്ച്; കായൽ കയ്യടക്കി അധിനിവേശ മത്സ്യങ്ങൾ


മീൻ മുട്ടകളും ചെറിയ മീനുകളെയും ഭക്ഷിക്കുന്നതിനാൽ തനത് മത്സ്യങ്ങൾക്കു സക്കർ ഫിഷ് ഭീഷണിയാകുന്നു

കണ്ടെത്തൽ വേമ്പനാട് കായലിലെ വാർഷിക മത്സ്യ കണക്കെടുപ്പിൽ


നാടൻ മത്സ്യങ്ങൾക്കു ഭീഷണിയായി വേമ്പനാട് കായലിൽ അധിനിവേശ മത്സ്യമായ സക്കർ ക്യാറ്റ് ഫിഷ് വ്യാപകമാകുന്നു. വേമ്പനാട് മത്സ്യ കണക്കെടുപ്പിലാണ് അധിനിവേശ മത്സ്യയിനങ്ങളായ സക്കർ ഫിഷ്, പാക്കു, പേൾ ഗൗരാമി എന്നിവയെ കണ്ടെത്തിയത്. മുൻപും വേമ്പനാട് കായലിൽ സക്കർ ഫിഷ് കണ്ടെത്തിയിട്ടുണ്ടെങ്കിലും തനത് മത്സ്യങ്ങളുടെ നിലനിൽപിനെ വരെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ ഇപ്പോൾ പ്രത്യുൽപാദനം നടത്തുന്നുവെന്നാണ് കണ്ടെത്തൽ. 2009ലും 2018ലെ പ്രളയ കാലത്തതും സക്കർ ഫിഷിനെ കാര്യമായി കണ്ടെത്തിയിരുന്നു. എന്നാൽ തുടർന്നുള്ള കണക്കെടുപ്പുകളിൽ ഇവയുടെ സാന്നിധ്യം കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ വൻതോതിൽ സക്കർ ഫിഷിനെ ലഭിക്കുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

പ്രധാനമായും അക്വേറിയങ്ങളിൽ പായലും അഴുക്കുകളും തിന്നു നശിപ്പിക്കുന്നതിനായി വളർത്തുന്ന ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് സക്കർ ക്യാറ്റ് ഫിഷ്. വീട്ടിലെ ചെറുകുളങ്ങളിലും ഇവയെ വളർത്താറുണ്ട്. മഴയത്ത് വെള്ളം കവിഞ്ഞ് ചെറിയ തോടുകൾ വഴിയും അക്വോറിയങ്ങളിൽ നിന്ന് ഉപേക്ഷിക്കുന്നതിലൂടെയുമാണ് ഇവ കായലുകളിൽ എത്തുന്നതെന്നാണ് വിലയിരുത്തൽ. മീൻ മുട്ടകളും ചെറിയ മീനുകളെയും ഭക്ഷിക്കുന്നതിനാൽ തനത് മത്സ്യങ്ങൾക്കു സക്കർ ഫിഷ് ഭീഷണിയുയർത്തുന്നുണ്ട്. ഏത് സാഹചര്യവും അതിജീവിക്കാനും ഏത് ആവാസവ്യവസ്ഥയോടും പൊരുത്തപ്പെടാനുമുള്ള ശേഷി ഈ മത്സ്യത്തിനുണ്ട്. ചെളി നിറഞ്ഞയിടങ്ങളിൽ കൂടുതലായി കാണപ്പെടുന്ന സക്കർ ഫിഷ് ജലാശയങ്ങളെ എപ്പോഴും കലക്കിക്കൊണ്ടിരിക്കുകയും ചെയ്യും.

വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടത്തി ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വേമ്പനാട് കായലിലെ മത്സ്യസമ്പത്തിന് ഇവ വലിയ ഭീഷണിയായി മാറുമെന്നാണ് വിലയിരുത്തൽ. അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റ് കമ്യൂണിറ്റി എൻവയൺമെന്റൽ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് വേമ്പനാട് കായലിൽ വാർഷിക മത്സ്യ കണക്കെടുപ്പ് നടത്തിയത്. 63 ഇനം ചിറക് മത്സ്യങ്ങളും 10 ഇനം തോട് മത്സ്യങ്ങളും കണക്കെടുപ്പിൽ കണ്ടെത്തി. തോട് മത്സ്യങ്ങളുടെ ലഭ്യത മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുതലാണ്. അതേസമയം വേമ്പനാട് കായലിലെ വർധിച്ചു വരുന്ന കുളവാഴയുടെയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും സാന്നിധ്യം മത്സ്യ കണക്കെടുപ്പിനെ തടസ്സപ്പെടുത്തുന്നുണ്ട്. പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണ് കൂടുതലായി കായലിനെ മലിനമാക്കുന്നത്. കായലിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ ജെല്ലി ഫിഷിന്റെ സാന്നിധ്യവും രേഖപ്പെടുത്തിയിട്ടുണ്ട്.

2008 മുതൽ എല്ലാ വർഷവും പൊതുജന പങ്കാളിത്തത്തോടെ നടന്നു വരുന്ന വേമ്പനാട് മത്സ്യ കണക്കെടുപ്പിൽ വിദ്യാർഥികളും ഗവേഷകരും മത്സ്യത്തൊഴിലാളികളും അടക്കം നൂറോളം പേർ പങ്കെടുത്തു. സമാപന ചടങ്ങ് കുഫോസ് വൈസ് ചാൻസലർ ഡോ. എ.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്മെന്റ് ഓഫ് ഫിഷറീസ് ആലപ്പുഴ, പനങ്ങാട് ഫിഷറീസ് സർവകലാശാല, യൂണിവേഴ്സിറ്റി കോളജ് കാര്യവട്ടം, എംജി സർവകലാശാല, ശ്രീനാരായണ കോളജ്, സെന്റ് മൈക്കിൾസ് കോളജ് ചേർത്തല, സെന്റ് അലോഷ്യസ് കോളജ് തുടങ്ങി പത്തോളം കോളജുകളും സംയുക്ത വേമ്പനാട് കായൽ സംരക്ഷണ സമിതിയും ഇത്തവണത്തെ കണക്കെടുപ്പിൽ പങ്കാളികളായി.

ഇത്തവണയുമില്ല ആറ്റുകൊഞ്ച്


വേമ്പനാട് കായൽ മത്സ്യ കണക്കെടുപ്പിൽ ഇത്തവണയും ആറ്റുകൊഞ്ചില്ല. കഴിഞ്ഞ വർഷത്തെ കണക്കെടുപ്പ് മുതലാണ് കായലിൽ ആറ്റുകൊഞ്ച് പൂർണമായും അപ്രത്യക്ഷമായതായി കണ്ടെത്തിയത്. കായൽ
മലിനീകരണവും തണ്ണീർമുക്കം ബണ്ടിന്റെ വരവോടെ ഉപ്പുവെള്ളം കയറുന്നതിലുണ്ടായ കുറവുമാണ് ആറ്റുകൊഞ്ച് അപ്രത്യക്ഷമാകാൻ
കാരണമെന്നാണ് വിലയിരുത്തുന്നത്. 2018ലെ പ്രളയം മുതലാണ്
ആറ്റുകൊഞ്ചിന്റെ അളവിൽ ഗണ്യമായ കുറവുണ്ടായിത്തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ മത്സ്യങ്ങളുടെ തൂക്കവും ലഭ്യതയും കുറയുകയും പിന്നീട് പൂർണമായും ഇല്ലാതാവുകയുമായിരുന്നു. കാലവർഷം എത്തി മഴ ശക്തമാകുമ്പോൾ മാത്രമാണ് ഇനി കായലിൽ ആറ്റുകൊഞ്ച് ഉണ്ടാകാൻ സാധ്യതയെന്ന് വിദഗ്ധർ വ്യക്തമാക്കി.

Top