ശവക്കല്ലറയ്ക്കു മുകളിൽ ലഹരി ഉപയോഗിച്ച് റീൽ; ആറുമാസത്തെ തിരച്ചിലിനൊടുവിൽ അഞ്ചാം പ്രതിയും പിടിയിൽ

ശവക്കല്ലറയ്ക്കു മുകളിൽ ലഹരി ഉപയോഗിച്ച് റീൽ; ആറുമാസത്തെ തിരച്ചിലിനൊടുവിൽ അഞ്ചാം പ്രതിയും പിടിയിൽ
Share Email

ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയ സെമിത്തേരിയിൽ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായതായി പൊലീസ്

ആലപ്പുഴ: രാത്രിയുടെ മറവിൽ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ശവക്കല്ലറയ്ക്കു മുകളിൽ ഇരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ദൃശ്യങ്ങൾ റീലാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും പിടിയിൽ. എറണാകുളം പൂക്കാട്ടുപടി സ്വദേശി പുത്തൻപുരയ്ക്കൽ നസ്റുദ്ദീൻ (24) ആണ് സംഭവത്തിന് ആറുമാസത്തിനുശേഷം പൊലീസിന്റെ പിടിയിലായത്.

ഇതോടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

മാർച്ച് 20ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിന്റെ സെമിത്തേരിയിൽ സംഘം അതിക്രമിച്ചുകയറി ശവക്കല്ലറയ്ക്കു മുകളിൽ ഇരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് റീലായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തെന്നാണ് പൊലീസ് കേസ്.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. സെമിത്തേരിയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

സംഘം സെമിത്തേരിയിൽ പ്രവേശിക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ ദേവാലയ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലും പതിഞ്ഞിരുന്നു. തുടർന്ന് ദേവാലയ അധികൃതർ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, സമൂഹത്തിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്നതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് പൂന്തോപ്പ് സ്വദേശികളായ ഇരട്ടസഹോദരന്മാർ സച്ചിൻ (18), സഞ്ജയ് (18), അൻസിൽ (18) എന്നിവരെ മാർച്ചിൽത്തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റൊരു യുവാവിനെയും പിന്നീട് പിടികൂടി. എന്നാൽ വീഡിയോ ചിത്രീകരിച്ചുവെന്ന് പൊലീസ് പറയുന്ന നസ്റുദ്ദീൻ സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്നു.

തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കി. ആലപ്പുഴ ഡിവൈ.എസ്.പി. വിശാൽ ജോൺസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് നസ്റുദ്ദീനെ കൊച്ചി പൂക്കാട്ടുപടിയിൽനിന്ന് പിടികൂടിയത്.

എസ്.ഐ. സുനിൽ രാജ്, വിപിൻദാസ്, ആർ. ശ്യാം, ബിനോയ് ജോർജ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റോടെ ആറുമാസമായി നീണ്ടുനിന്ന അന്വേഷണത്തിനാണ് നിർണായക വഴിത്തിരിവുണ്ടായത്.

വിശ്വാസികൾ ആദരവോടെ കാണുന്ന സെമിത്തേരി പോലെയുള്ള സ്ഥലങ്ങളിൽ അതിക്രമിച്ചുകയറി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിനായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സമൂഹമാധ്യമങ്ങളിലെ ശ്രദ്ധയ്ക്കായി നടത്തുന്ന ഇത്തരം പ്രവൃത്തികൾ ക്രിമിനൽ കേസിലേക്കും ജയിൽവാസത്തിലേക്കും നയിക്കാമെന്നും അധികൃതർ ഓർമിപ്പിച്ചു.

Share Email
Top