കായലിൽ മൂന്ന് മണിക്കൂർ ജീവൻ കൈയിൽ പിടിച്ച് ഒരു കുടുംബം; തുണി വീശിയുള്ള സഹായാഭ്യർഥന കണ്ടു പാഞ്ഞെത്തി മുഹമ്മയിലേക്കുള്ള ബോട്ടിലെ അഞ്ച് രക്ഷകർ
മുഹമ്മ: അച്ഛനും അമ്മയും മകനും… സന്തോഷത്തോടെ തുടങ്ങിയ കായൽയാത്ര. എന്നാൽ മടക്കയാത്രയിൽ അപ്രതീക്ഷിതമായി കാറ്റും കോളും ശക്തമായി. വലിയ ഓളങ്ങളിൽ ശിക്കാരവള്ളം ആടിയുലഞ്ഞതോടെ സന്തോഷയാത്ര നിമിഷങ്ങൾക്കകം ഭീതിയുടെ യാത്രയായി.
ഹൈദരാബാദിൽ നിന്നെത്തിയ മൂന്നംഗ കുടുംബമാണ് വേമ്പനാട്ടുകായലിൽ ഏകദേശം മൂന്ന് മണിക്കൂറോളം കുടുങ്ങിയത്.
പാതിരാമണൽ ദ്വീപിന് തെക്കുഭാഗത്ത് എത്തിയപ്പോൾ ശക്തമായ കാറ്റിലും കോളിലും മോതയിലും അകപ്പെട്ട ശിക്കാരവള്ളത്തിന് മുന്നോട്ടുപോകാനായില്ല. വള്ളം ശക്തമായി ആടിയുലഞ്ഞതോടെ കുടുംബം ഭയചകിതരായി.
ഒടുവിൽ ഡ്രൈവർ തുണി വീശി സഹായത്തിനായി സൂചന നൽകി…
അപ്പോഴാണ് കുമരകത്ത് നിന്ന് മുഹമ്മയിലേക്ക് വരികയായിരുന്ന എസ്-54 ജലഗതാഗത വകുപ്പ് സർവീസ് ബോട്ടിലെ ജീവനക്കാർ അപകടസൂചന ശ്രദ്ധിച്ചത്.
ഒരു നിമിഷം പോലും വൈകിയില്ല. ബോട്ട് ശിക്കാരവള്ളത്തിന് സമീപത്തേക്ക് എത്തിച്ചു. ശക്തമായ ഓളങ്ങൾക്കിടയിൽ കയർ ഉപയോഗിച്ച് വള്ളം നിയന്ത്രണത്തിലാക്കി അച്ഛനെയും അമ്മയെയും മകനെയും സുരക്ഷിതമായി സർവീസ് ബോട്ടിലേക്ക് മാറ്റി.
തുടർന്ന് മൂന്ന് സഞ്ചാരികളുമായി ബോട്ട് മുഹമ്മ ജെട്ടിയിലെത്തി. പിന്നീട് ഇവരെ സുരക്ഷിതമായി കുമരകം ബോട്ട് ജെട്ടിയിലും എത്തിച്ചു.
ആ ഭീതിനിറഞ്ഞ നിമിഷങ്ങളിൽ രക്ഷകരായ അഞ്ച് പേർ ഇവരാണ്:
ബോട്ട് മാസ്റ്റർ ബേബിലാൽ കുഴിപ്പോട്ട് — സി.പി.ഐ.(എം) മുൻ എസ്.എൻ.വി. വടക്ക് ബ്രാഞ്ച് സെക്രട്ടറി
സ്രാങ്ക് റഫീഖ്
ഡ്രൈവർ നിഷാദ് ബാബു
ലാസ്കർ സന്ദീപ്
ലാസ്കർ ഷാജഹാൻ

അപകടസൂചന കണ്ടപ്പോൾ മറിഞ്ഞുനിൽക്കാതെ, ഒരു കുടുംബത്തിന്റെ സുരക്ഷയ്ക്കായി സമയോചിതമായി ഇടപെട്ട ഈ അഞ്ച് ജീവനക്കാർ ഇന്ന് മുഹമ്മയുടെ അഭിമാനമായി.
ഒരു വലിയ ദുരന്തമായി മാറാമായിരുന്ന കായൽയാത്ര സുരക്ഷിതമായി അവസാനിപ്പിച്ച ഈ അഞ്ചുപേർക്കും നാടിന്റെ ബിഗ് സല്യൂട്ട്! ![]()
![]()







