ദുരന്തമുന്നറിയിപ്പ് ഇനി കൂടുതൽ ഇടങ്ങളിലേക്ക്; ആലപ്പുഴ ജില്ലയിൽ അഞ്ച് സൈറണുകൾ കൂടി
ആലപ്പുഴ: പ്രളയമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാൽ ജനങ്ങൾക്ക് വേഗത്തിൽ മുന്നറിയിപ്പ് നൽകാൻ ജില്ലയിൽ അഞ്ച് സൈറണുകൾ കൂടി സ്ഥാപിക്കും. ‘കവചം’ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കുന്നത്. നിലവിൽ ജില്ലയിൽ പത്ത് സൈറണുകളുണ്ട്.
കളക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഓഫീസ്, മങ്കൊമ്പിലെ കുട്ടനാട് താലൂക്ക് ഓഫീസ്, ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷൻ, മാന്നാർ ഗവ. ജെ.ബി.എസ്. സ്കൂൾ, കോടംതുരുത്ത് ഗവ. വി.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണ് പുതിയ സൈറണുകൾ സ്ഥാപിക്കുക.
സൈറൺ മുഴങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പിന്റെ കാരണം വ്യക്തമാക്കുന്ന ശബ്ദസന്ദേശം നൽകും. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ സമയം നൽകുകയാണ് ലക്ഷ്യം.







