കാവുങ്കൽ ദേവീക്ഷേത്രത്തിലെ കൊടിക്കയർ ചാലുങ്കൽ വീട്ടിൽ നിന്ന്
സഹജൻ മുഹമ്മ Saturday 14 February, 2026
മുഹമ്മ പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവീക്ഷേത്രത്തിലെ കൊടിയേറ്റിന്
കൊടിക്കയർ എത്തുന്നത് മുഹമ്മ പത്താം വാർഡിലെ ചാലുങ്കൽ വീട്ടിൽ നിന്ന്, അതും ആചാരാനുഷ്ഠാനങ്ങളോടെ. അഴുകിയ പച്ചത്തൊണ്ട് തല്ലി ചോറ് നീക്കി നാര് വേർതിരിച്ചെടുക്കുന്ന ശുദ്ധമായ ചകിരി കൊണ്ട് ആദ്യം കയർ പിടിച്ചെടുക്കും. തുടർന്ന് കയറുകൾ കൂട്ടിപ്പിരിച്ച് ഒരു വിരൽ വലിപ്പമുള്ല കയർ മാറ്റിയെടുക്കും. ചുവന്ന തുണി ചുറ്റിയാണ് കൊടിക്കയർ നിർമ്മിക്കുന്നത്. കയർ നിലം തൊടാതെയാണ് പണികൾ പൂർത്തിയാക്കുന്നത്. കൊടിയേറ്റ് ദിവസം വൈകിട്ടോടെ ക്ഷേത്രം ഭാരവാഹികൾ വാദ്യമേളങ്ങളോടെ ഇവിടെ എത്തും. തുടർന്ന് പ്രത്യേക പൂജകൾക്ക് ശേഷം താലപ്പൊലിയുടെ അകമ്പടിയോടെ കൊടിക്കയർ ക്ഷേത്രത്തിലെത്തിക്കും. കൊടിക്കയർ പനയോലക്കുടയ്ക്കുളിൽ വട്ടത്തിൽ ചുറ്റിവച്ചാണ് ക്ഷേത്രത്തിൽ കൊണ്ടുവരുന്നത്. കൊടിക്കയർ ഘോഷയാത്രയ്ക്കിടെ നായ്ക്കാപറമ്പിലെ വീട്ടുമുറ്റത്തെ പനമരത്തെയും വലംവയക്കും.
തലമുറകളുടെ പാരമ്പര്യം
കൊടിക്കർ എത്തിക്കുന്നതിനുള്ല ചാലുങ്കൽ വീടിന്റെ അപൂർവ ഭാഗ്യത്തിന് മൂന്ന് തലമുറകളുടെ പാരമ്പര്യമുണ്ട്. പണ്ട്, കാവുങ്കൽ ക്ഷേത്രം പൂർണമായും കാട്ടി കോവിലകത്തിന്റെ ഉടമസ്ഥയിലായിരുന്നു. രണ്ടാം തലമുറക്കാരനായ ശങ്കരന്റെ അച്ഛന്റെ കാലത്ത് തുടങ്ങിയതാണ് കൊടിക്കയർ സമർപ്പണം. മൂന്നാം തലമുറയിലെ സതീശനും അത് തുടരുന്നു. കൊടിക്കയർ സമർപ്പണം തുടങ്ങിയ കാലം തൊട്ടേ ചാലുങ്കൽ തറവാട്ടിൽ കാവും കുളവും വച്ചാരാധനയും ഉണ്ട്. പാരമ്പ്യര രീതിയിൽ കൊടിക്കയർ ചെയ്തെടുക്കാൻ കുറഞ്ഞത് ഒരാഴ്ച സമയമെടുക്കും. രണ്ടാം തലമുറ വരെ സ്വന്തമായി കയർ മാറ്റിയെടുക്കുമായിരുന്നു. എന്നാൽ,
കൊടിക്കയർ ആചാരാനുഷ്ഠാനങ്ങളോടെ നിർമ്മിച്ചു നൽകുന്നവരിൽ നിന്ന് വീട്ടുകാർ ഇപ്പോൾ വാങ്ങുകയാണ് ചെയ്യുന്നത്.

