ജുമാ മസ്ജിദ് പള്ളി
മുഹമ്മ ജുമാ മസ്ജിദിന് ഏതാണ്ട് 275 വർഷത്തിനുമേൽ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. എ. ഡി. 1750-ൽ ആണ് ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഈ കാലഘട്ടത്തിൽ ആലപ്പുഴയിൽ നിന്നും കച്ചവടാവശ്യങ്ങൾക്ക് മുഹമ്മയിൽ വന്ന അല്ലായിമാർ തങ്ങളുടെ ആരാധനയ്ക്കുവേണ്ടി പണികഴിപ്പിച്ചതാണിതെന്ന് പഴമക്കാർ പറയുന്നു. പള്ളി ഇപ്പോൾ നിൽക്കുന്ന സ്ഥലം വലിയപറമ്പ് കുടുംബക്കാരുടേതായിരുന്നു.
ആമക്കാട്ട് കുടുംബത്തിൽപ്പെട്ട അബ്ദു എന്നയാളിന്റെ പിതാവായ ഇബ്രാഹിമിന്റെ പൂർവ്വികരും മറ്റുമായിരുന്നു പള്ളിയുടെ സ്ഥാപകർ എന്ന് പ്രായംചെന്നവർ പറയുന്നു. ചങ്ങനാശ്ശേരി, ആലപ്പുഴ, കൊച്ചി എന്നീ പ്രദേശങ്ങളിൽനിന്ന് മുഹമ്മയിൽ കുടിയേറിപ്പാർത്തവരാണ് ആമക്കാട്, വലിയപറമ്പ്, നടുമുറി, കുഴിവേലി എന്നീ പുരാതന മുസ്ലീം കുടുംബങ്ങൾ.
വിവിധ മതവിശ്വാസികളുടെ ദേവാലയങ്ങളോടനുബന്ധിച്ചു നടന്നു വരുന്ന ആഘോഷങ്ങളിൽ ജാതിമതഭേദമന്യേ മുഹമ്മയിലെ ജനങ്ങൾ പങ്കെടുത്തിരുന്നു. ഇന്നും ആ പ്രവണത തുടരുന്നു എന്നത് മുഹമ്മയുടെ ഒരു പ്രത്യേകതയാണ്.


