
Nazareth Church
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം മുഹമ്മയിലും പരിസര പ്രദേശങ്ങളിലുമുള്ള ക്രിസ്താനികള്‍ മുഹമ്മ സെന്റ് ജോര്‍ജ്ജ് പള്ളിയിലാണ് ദിവ്യബലിയിലും മറ്റു തിരുകര്‍മ്മങ്ങളിലും സംബന്ധിച്ചുപോന്നത്. എന്നാല്‍ 1914-ാം മാണ്ടോടുകൂടി കിട്ടിപ്പറമ്പില്‍ കുര്യന്‍ പീലിപ്പോസിന്റെയും ഏതാനും സഹപ്രവര്‍ത്തകരുടെയും ശ്രമഫലമായി ഇപ്പോള്‍ കര്‍മ്മലീത്താ ആശ്രമം സ്ഥിതി ചെയ്യുന്നതിനു സമീപത്തായി ഒരു വണക്കമാസപ്പുര ആരംഭിക്കുകയും അതു പിന്നീട് അമലോത്ഭവമാതാ ജൂബിലികപ്പേള എന്ന പേരില്‍ ഒരു ആരാധനാലയമായി മാറുകയും ചെയ്തു.
1918 മുതല്‍ ഇവിടെ ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുകയും പത്തുവര്ഷങ്ങള്ക്ക്ശേഷം അത് വൈദികര്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ഒരു ദൈവാലയമായിത്തീരുകയും ചെയ്തു. നസ്രത്ത്പള്ളി എന്നാണ് ഈ ദൈവാലയം പൊതുവേ അറിയപ്പെട്ടിരുന്നത്. 1941 മുതല്‍ ഇവിടെ വൈദികര്‍ സ്ഥിരതാമസമില്ലാതെ വരികയും, അതേതുടര്ന്ന് മുഹമ്മ ഇടവകപ്പള്ളിയില്‍ നിന്ന് വൈദികര്‍ വന്ന് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന ഒരു കുരിശുപള്ളിയായി ഇതു മാറാകയും ചെയ്തു.

1955 -ല്‍ ബഹു.എബ്രഹാം ചങ്ങങ്കരിയച്ചന്‍ മുഹമ്മപള്ളി വികാരിയായിരിക്കുമ്പോള്‍ അദ്ധേഹത്തിന്റെ ശ്രമഫലമായി ഈ പള്ളിയും അതിന്റെ വസ്തുക്കളും സി.എം.ഐ.സഭയ്ക്കു വിട്ടു കൊടുക്കുകയും, കുരിശുപള്ളി ഇടവകക്കാരായി കഴിഞ്ഞിരുന്നവര്‍ വീണ്ടും മുഹമ്മപള്ളി ഇടവകക്കാരായി മാറുകയും ചെയ്തു. സി.എം.ഐ. സഭ ഈ പള്ളി ഏറ്റെടുത്ത ശേഷം ബഹു.ഹ്യൂബര്‍ട്ട് സി.എം.ഐ.സുപ്പീരിയര്‍ ആയിരിക്കുമ്പോള്‍ (1963-1968) അദ്ദേഹമാണ് ഇന്നുകാണുന്ന മനോഹരമായ ദൈവാലയവും ആശ്രമവും പണിയിച്ചത്. കൊവേന്തയുടെ മാനേജ്‌മെന്റില്‍ ഇവിടെ മദര്‍ തെരേസാ ഹൈസ്‌കൂളും കെ.ഇ. കാര്‍മ്മല്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളും കോളേജും നല്ലരീതിയില്‍ നടന്നു വരുന്നു.