Alleppy aka Alappuzha

മധ്യ കേരളത്തിലെ ഒരു നഗരം. ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് – വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. 02/03/2016 ൽ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സി.എസ്.ഇ) മൈസുരു, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു.

പേരിനുപിന്നിൽ ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങൾ ഉണ്ട്.  ‘ആഴം’ + ‘പുഴ’ (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന ആരാധന രൂപമാണ് ആൽമരം. ബുദ്ധവിഹാരങ്ങൾക്ക് ആൽ മരം കൂടിയേ തീരു. ബുദ്ധമതത്തിന്റെ സ്വാധിനം അധികമായിരുന്ന ആലപ്പുഴയിൽ ആൽ മരങ്ങൾ അഥവാ ബുദ്ധവിഹാരങ്ങൾ നിരവധിയായിരുന്നിരിക്കാം എന്ന കാരണം കൊണ്ട് ആലുകൾ നിറഞ്ഞ പുഴ എന്ന വാദം പ്രബലമാകുന്നു.

.

Top