Thannermukkam
ആലപ്പുഴ ജില്ലയിൽപ്പെട്ട ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് തണ്ണീർമുക്കം. ഇവിടെ വേമ്പനാട് കായലിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ബണ്ട് (തണ്ണീർമുക്കംബണ്ട്) പ്രശസ്തമാണ്.
സ്ഥലനാമ ചരിത്രം
ഭൂമിശാസ്ത്രപരമായി വെള്ളത്താൽ ചുറ്റപ്പെട്ട മുനമ്പോ കായലിന്റെ മുഖമോ ആയതിനാലായിരുന്നു ഈ പ്രദേശത്തിന് ‘തണ്ണീർമുക്കം’ എന്ന പേര് ലഭിച്ചതെന്നു കരുതുന്നു. ‘തണ്ണീർമുഖം’ വ്യവഹാരഭേദത്തിലൂടെ ‘തണ്ണീർമുക്കം’ ആയി പരിണമിച്ചിരിക്കാം. തിരുവിതാംകൂറിലെ ശ്രീപത്ഭനാഭ ക്ഷേത്രത്തിൽ മുറജപത്തിനായി വടക്കൻ ദേശങ്ങളിൽ നിന്നും ജലമാർഗ്ഗം സഞ്ചരിച്ചെത്തുന്ന നമ്പൂതിരിമാർ വിശ്രമിക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനുമായി തണ്ണീർമുക്കത്ത് ഇറങ്ങുമായിരുന്നു. അങ്ങനെ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന സ്ഥലം എന്ന അർത്ഥത്തിൽ തണ്ണീർമുക്കം എന്ന സ്ഥലപ്പേര് ഉണ്ടായി എന്നും കരുതപ്പെടുന്നുണ്ട്.