Attractions

ALAPPUZHA
The “Venice of the East”

മധ്യ കേരളത്തിലെ ഒരു നഗരം. ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് – വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. 02/03/2016 ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസുരു, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു.
പേരിനുപിന്നിൽ
ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങൾ ഉണ്ട്.  ‘ആഴം’ + ‘പുഴ’ (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന ആരാധന രൂപമാണ് ആൽമരം. ബുദ്ധവിഹാരങ്ങൾക്ക് ആൽ മരം കൂടിയേ തീരു. ബുദ്ധമതത്തിന്റെ സ്വാധിനം അധികമായിരുന്ന ആലപ്പുഴയിൽ ആൽ മരങ്ങൾ അഥവാ ബുദ്ധവിഹാരങ്ങൾ നിരവധിയായിരുന്നിരിക്കാം എന്ന കാരണം കൊണ്ട് ആലുകൾ നിറഞ്ഞ പുഴ എന്ന വാദം പ്രംബലമാകുന്നു.

ചേർത്തല

ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യപുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം) ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴ് കന്യകമാരെ കാണാനിടയായി അവർ ദേവതമാരായിരുന്നു വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തെ ദേവത വില്വമംഗലത്തെ കുറേ വട്ടം കറക്കി, അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ്‌ ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേര് വന്നത്.

തണ്ണീർമുക്കം

ആലപ്പുഴ ജില്ലയിൽപ്പെട്ട ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് തണ്ണീർമുക്കം. ഇവിടെ വേമ്പനാട് കായലിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ബണ്ട് (തണ്ണീർമുക്കംബണ്ട്) പ്രശസ്തമാണ്.
സ്ഥലനാമ ചരിത്രം
ഭൂമിശാസ്ത്രപരമായി വെള്ളത്താൽ ചുറ്റപ്പെട്ട മുനമ്പോ കായലിന്റെ മുഖമോ ആയതിനാലായിരുന്നു ഈ പ്രദേശത്തിന് ‘തണ്ണീർമുക്കം’ എന്ന പേര് ലഭിച്ചതെന്നു കരുതുന്നു. ‘തണ്ണീർമുഖം’ വ്യവഹാരഭേദത്തിലൂടെ ‘തണ്ണീർമുക്കം’ ആയി പരിണമിച്ചിരിക്കാം. തിരുവിതാംകൂറിലെ ശ്രീപത്ഭനാഭ ക്ഷേത്രത്തിൽ മുറജപത്തിനായി വടക്കൻ ദേശങ്ങളിൽ നിന്നും ജലമാർഗ്ഗം സഞ്ചരിച്ചെത്തുന്ന നമ്പൂതിരിമാർ വിശ്രമിക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനുമായി തണ്ണീർമുക്കത്ത് ഇറങ്ങുമായിരുന്നു. അങ്ങനെ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന സ്ഥലം എന്ന അര്ത്ഥത്തിൽ തണ്ണീർമുക്കം എന്ന സ്ഥലപ്പേര് ഉണ്ടായി എന്നും കരുതപ്പെടുന്നുണ്ട്.

മണ്ണഞ്ചേരി

മണ്ണഞ്ചേരി എന്ന സ്ഥലനാമവുമായി പൊരുത്തപ്പെടുന്ന ഐതിഹ്യകഥകളോ, പൌരാണികചരിത്രവിവരങ്ങളോ വലുതായി അവകാശപ്പെടാനില്ലാത്ത ചൊരിമണൽ നിറഞ്ഞ പ്രദേശമാണിത്. എന്നിരുന്നാലും ചരിത്രമുറങ്ങുന്ന മാടത്തുംകര ശിവക്ഷേത്രവും, മണ്ണഞ്ചേരി തൃക്കോവില്‍ ക്ഷേത്രവും, എ.ഡി 1500-നും 1600-നുമിടയ്ക്ക് സ്ഥാപിച്ചതെന്ന് പരക്കേ വിശ്വസിക്കപ്പെടുന്ന ആര്യാട് മുസ്ളീം ദേവാലയവും പൌരാണികചരിത്രവും പേറി ഇവിടെ സ്ഥിതി ചെയ്യുന്നു. ഇത്രയും പഴക്കം അവകാശപ്പെടാന്‍ കഴിയുന്ന ഒരു മുസ്ളീംദേവാലയവും അയല്‍പ്രദേശങ്ങളിലില്ല. ഇതില്‍ മാടത്തുംകരക്ഷേത്രവുമായി ബന്ധപ്പെട്ട് ധാരാളം കഥകള്‍ പ്രചാരത്തിലുണ്ട്.

മുറജപത്തിനായി അനന്തപുരിയിലേക്ക് യാത്ര ചെയ്തിരുന്നവരുടെ വിശ്രമകേന്ദ്രമായിരുന്നു ഇവിടമെന്ന് പറയപ്പെടുന്നു. മണ്ണഞ്ചേരി തൃക്കോവില്‍ ക്ഷേത്രം തരണനല്ലൂര്‍ നമ്പൂതിരികുടുംബത്തിന്റെ വകയായിരുന്നു. തുടര്‍ന്ന് പില്‍ക്കാലത്ത് ചിരട്ടക്കാട്ടു കുടുംബത്തിന്റെ വകയായിത്തീരുകയും ചെയ്തു. പൂഞ്ഞിലിക്കാവില്‍ ക്ഷേത്രത്തിന്റെ ആസ്ഥാനം അമ്പലക്കടവില്‍ ആയിരുന്നുവെന്നും പുനഃപ്രതിഷ്ഠ നടത്തി പൂവിലഞ്ഞികൾ തിങ്ങിനിറത്ത കാവുങ്കലിൽ സ്ഥാപിച്ചതായ് പറയപ്പെടുന്നു. വലിയകലവൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം കേരളത്തിലെ പുരാതനക്ഷേത്രങ്ങളിലൊന്നാണ്.

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ക്ഷേത്രങ്ങളില്‍ ഒന്നായിട്ടാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. പരശുരാമന്റെ 108 ക്ഷേത്രങ്ങളും വട്ട ശ്രീകോവില്‍ ആണ്. ഈ ക്ഷേത്രവും ആ മാതൃകയിലുള്ളതാണ്. ഞാണ്ടിരിക്കല്‍ ശ്രീകോവിലകം അതിപുരാതനമായ ഒരു ക്ഷേത്രമാണ്. പഴയകാലത്ത് ക്ഷേത്രങ്ങളുടെ ഉടമയായിരുന്ന നാടു വാഴുന്ന രാജാവ് ക്ഷേത്രഭരണത്തിന് രാജകുടുംബത്തിലെ ഇളമക്കാരെ ചുമതലപ്പെടുത്തുക പതിവായിരുന്നു.

ക്ഷേത്രസമുച്ചയങ്ങളുടെ നാടായിരുന്നു അക്കാലത്ത് മണ്ണഞ്ചേരി. മാടത്തുംകര, മണ്ണഞ്ചേരി, കാവുങ്കല്‍, കലവൂര്‍, വലിയ കലവൂര്‍, കല്ലൂങ്കല്‍, വിരുശ്ശേരി, ഷണ്‍മുഖം, കണക്കൂര്‍, അമ്പനാകുളങ്ങര, മനവീട് വലിയവാട്, ഞാണ്ടിരിക്കല്‍ തുടങ്ങി നിരവധി ക്ഷേത്രങ്ങളും കാവുകളും ഈ പ്രസ്താവനയെ ശരി വയ്ക്കുന്നു. മുസ്ളീം ദേവാലയങ്ങള്‍ പഴക്കത്തില്‍ ഒട്ടും പിന്നിലല്ല. എ.ഡി.1500-നും 1600-നും ഇടയ്ക്ക് സ്ഥാപിച്ചതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ആര്യാട് മുസ്ളീം ജുമാമസ്ജിദ് ഇവിടെയാണ്. ഈ ദേവാലയം പൌരാണികവാസ്തുശില്പകലയുടെ പ്രതീകമാണ്. വേമ്പനാട് കായലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മണ്ണഞ്ചേരി ജുമാ അത്ത് പള്ളിയാണ് മറ്റൊരു മുസ്ളീം ദേവാലയം. ഇന്ന് കാണുന്ന മണ്ണഞ്ചേരി അങ്ങാടി (ചന്ത) ഈ ദേവാലയത്തിനോട് ചേര്‍ന്ന പുരയിടത്തിലായിരുന്നതായി വിശ്വസനീയമായ തെളിവുകളുണ്ട്. ആ സ്ഥലം ഇന്നും അങ്ങാടി സ്ഥലം എന്ന പേരിലറിയപ്പെടുന്നു.

പിന്‍തലമുറയ്ക്ക് തോന്നിയ മറ്റൊരു ആശയത്തിന്റെ ഫലമാണ് പില്‍ക്കാലത്ത് സ്ഥാപിക്കപ്പെട്ട മണ്ണഞ്ചേരി അങ്ങാടി. രണ്ട് സ്ഥലങ്ങളേയും ബന്ധിപ്പിക്കുന്ന തോടിനെ അങ്ങാടി തോട് എന്നു വിളിക്കുന്നു. സര്‍ക്കാര്‍ അധീനതയില്‍ ആയിരുന്ന ഈ തോട്ടിലൂടെ വള്ളങ്ങളില്‍ വരുന്ന ചരക്കുകള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തിയിരുന്നതായും ആ സ്ഥലത്തിന് ഇപ്പോഴും ചുങ്കത്തില്‍ എന്ന പേര് നിലനില്‍ക്കുന്നതായും കാണുന്നു. മണ്ണഞ്ചേരി ജുമാഅത്ത് പള്ളിക്കൊപ്പമോ ഒരു പക്ഷെ, അതിന് മുന്‍പേയുള്ള പ്രാചീനത അവകാശപ്പെടാന്‍ കഴിയുന്നതാണ് പൊന്നാട് ജുമാഅത്ത് പള്ളി. ഇവ കൂടാതെ അമ്പനാകുളങ്ങര ജുമാ മസ്ജിദ്, പടിഞ്ഞാറേ ജുമാ മസ്ജിദ്, മണ്ണഞ്ചേരി ടൌണ്‍ ജുമാ മസ്ജിദ് എന്നീ ജുമാ അത്തുകളും മറ്റനേകം നിസ്ക്കാര പള്ളികളും ഇവിടെയുണ്ട്.

ക്രിസ്തീയദേവാലയങ്ങളുടെ കാര്യത്തിലും പ്രദേശം പിന്നിലല്ല. കലവൂര്‍ ചെറുപുഷ്പം പള്ളി, മണ്ണഞ്ചേരി നിത്യസഹായ മാതാവ് ദേവാലയം, വലിയ കലവൂര്‍ ലൂര്‍ദ്മാതാ ദേവാലയം തുടങ്ങിയവയാണ് പ്രധാന പള്ളികള്‍. ചെറുപുഷ്പം പള്ളിയുടെ പെരുന്നാളിനോടനുബന്ധിച്ച് പച്ചക്കറിവിത്തുകള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ വലിയ തോതില്‍ വില്‍പന നടക്കാറുണ്ടായിരുന്നു. തദ്ദേശവാസികള്‍ക്ക് ഇന്നതൊരു ഗതകാലസ്മരണമാത്രം.

ഇന്ത്യന്‍ ദേശീയസമരത്തിലും, അതിന്റെ ഭാഗമായി തിരുവിതാംകൂറില്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തിലും ഈ ഗ്രാമത്തില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു. മുഹമ്മ അയ്യപ്പന്‍, സത്യാഗ്രഹി കേശവന്‍, എം.എസ് വാവച്ചൻ, പി.കെ.വാസു, കാവുങ്കൽ ഗോപാലന്‍, നരിക്കാട്ടുവേലു, കരിച്ചാറമ്പില്‍ തമ്പി, കൂനംപുളിക്കല്‍ വാസു, പുത്തന്‍പുരയ്ക്കല്‍ ദിവാകരന്‍ തുടങ്ങിയവര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരാകുന്നു. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ സ്ഥാനം നേടിയ കണ്ണര്‍കാട് പ്രദേശം ഇവിടെ മണ്ണഞ്ചേരിയോട് ചേർന്നാണ്.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തേയും വലിയ നേതാവായിരുന്ന പി.കൃഷ്ണപിള്ള സര്‍പ്പദംശനമേറ്റ് മരണമടഞ്ഞത് 1946 ആഗസ്റ്റ് 19-ന് ഇവിടെവെച്ചാണ്. പുന്നപ്ര-വയലാര്‍ സമരത്തിനോട് അനുബന്ധിച്ച് വെടിവെയ്പ്പ് നടന്ന മാരാരിക്കുളം കളി തട്ട് സ്ഥിതിചെയ്യുന്നത് മണ്ണഞ്ചേരി പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തായാണ്. പുന്നപ്ര-വയലാര്‍ സമരസേനാനികളെ സംഘടിപ്പിച്ച് സമരത്തിന് ആഹ്വാനം ചെയ്തത് ഈ പഞ്ചായത്തിലുള്ള വലിയ വീട് ക്ഷേത്രമൈതാനിയില്‍ വെച്ചായിരുന്നു.

തിരുവിതാംകൂറിന്റെ അടിസ്ഥാനചരിത്രരേഖയായ സെറ്റില്‍മെന്റ് രജിസ്റ്റര്‍ തയ്യാറാക്കുന്ന കാലഘട്ടത്തില്‍ തിരുവിതാംകോട് എന്നായിരുന്നു ഈ നാട്ടുരാജ്യത്തിന്റെ പേര്. കോട്ടയം ജില്ലയില്‍ ചേര്‍ത്തലതാലൂക്കില്‍ 2-ാം നമ്പര്‍ ആര്യാട് വടക്ക് വില്ലേജെന്ന് ഈ വില്ലേജിനെ വിളിച്ചിരുന്നു. 1948-ല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട വില്ലേജ് യൂണിയനുകളില്‍ മണ്ണഞ്ചേരി വില്ലേജു യൂണിയനും ഉള്‍പ്പെട്ടിരുന്നു. വില്ലേജു യൂണിയന്റെ പ്രവര്‍ത്തനമേഖല തെക്കനാര്യാട് വില്ലേജില്‍ ഇന്നു കാണുന്ന ആലപ്പുഴ മുനിസിപ്പല്‍ അതിര്‍ത്തിക്ക് വടക്കോട്ടുള്ള പ്രദേശമായിരുന്നു. 1959-ല്‍ ആരംഭിച്ച കേരളത്തിലെ ഭൂപരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഭൂഉടമാ സമ്പ്രദായം മറ്റെല്ലായിടത്തേയും പോലെ ഇവിടെയും പടിപടിയായി അവസാനിച്ചു.

പൂർണ്ണമായും വെളുത്ത മണൾ വിരിച്ച സമതലപ്രദേശമാണു മണ്ണഞ്ചേരി ഗ്രാമം. ഗ്ലാസ്സ് അഥവാ സ്ഫടികം നിർമ്മിക്കാൻ അനുയോജ്യമായ നിറമില്ലാത്ത വെളുത്ത മണലാണ് ഇവിടുത്തേത്. 

 

Top