Things to Know

ഇടപ്പള്ളി തമ്പൂരാക്കന്മാരുടെ അധീനതയിലായിരുന്ന മുഹമ്മ പ്രദേശം കരപ്രമാണിമാരായ മഞ്ചേഴത്തു, പെരിങ്ങഴ, കായിക്കരകോട്ട, മണക്കാട്ടംവെളി എന്നീ നായര്‍ തറവാട്ടുകാരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു. ഇവര്‍ വസ്തുക്കള്‍ നോക്കി കരം പിരിച്ച് ഇടപ്പള്ളി തമ്പൂരാനും നല്കിയിരുന്നതായി പറയപ്പെടുന്നു. ഇവരോടുള്ള കൂറു മൂലം തമ്പൂരാന്‍ മേല്പറഞ്ഞ തറവാട്ടുകാര്‍ക്കു കൂറേ വസ്തുക്കള്‍ കരമൊഴിവായി പതിച്ചുകൊടുത്തു. കാണപ്പൊട്ടത്തിനും, കാണദേഹണ്ഡത്തിനുമായി അവര്‍ വസ്തുവകകള്‍ കൃഷിക്കാര്‍ക്ക് കൊടുത്തു. ഇവരില്‍ പ്രമുഖന്‍ ക്രിസ്ത്യാനികള്‍ ആയിരുന്നു. ജന്മിഭോഗമായിട്ട് നെല്ല്, തേങ്ങ, വെളിച്ചെണ്ണ എന്നിവയും കൂടാതെ ഓണക്കാഴ്ചയും ആമ്ടുതോറും കൊടുത്തുവന്നിരുന്നു. നല്ല വളക്കൂറുള്ള മണലും ചെളിയും ചേര്‍ന്ന കായലോരപ്രദേശങ്ങളില്‍ അക്കാലത്ത് തെങ്ങ്, നെല്ല്, വാഴ, പച്ചക്കറിവര്‍ഗ്ഗങ്ങള്‍ എന്നിവ സമൃദ്ധിയായി ഉണ്ടാകുമായിരുന്നു. ഏതാണ്ട് ഏ.ഡി. 1540 ല്‍ രണ്ടു തമ്പൂരാട്ടിമാര്‍ കുടുംബ കലഹം മൂലം ഇടപ്പള്ളി സ്വരൂപത്തില്‍ നിന്നും മുഹമ്മയില്‍ വന്നു. മൂത്തസഹോദരി കായിക്കര കോട്ടയിലെ ഒരു നായര്‍ യുവാവിനെ വിവാഹം കഴിച്ചെന്നും ഇളയ സഹോദരി ഉൂരാളശ്ശേരി കുടുംബത്തില്‍ നിന്ന് ഒരു ഈഴവനെ വിവാഹം കഴിച്ചുവെന്നും പറയപ്പെടുന്നു അവര്‍ക്ക് തമ്പൂരാന്‍ 169 ഏക്കര്‍ സ്ഥലം കരമൊഴിവായിട്ട് നല്‍കിയെന്നും അവരുടെ സ്ഥലമായ ആര്യക്കരയില്‍ ഒരു ദേവിക്ഷേത്രം പണിയെന്നും ആണ് ഐതിഹ്യം. ഈ ക്ഷേത്രം 1936-ല്‍ കരക്കാര്‍ക്ക് വിട്ടു കൊടുത്തു. സവര്‍ണ്ണമേധാവിത്വം നിലനിന്നിരുന്ന കാലത്ത് മേല്‍പ്പറഞ്ഞ നായര്‍ തറവാട്ടുകാര്‍ക്ക് ശിക്ഷിക്കുവാനും രക്ഷിക്കുവാനുമുള്ള അധികാരം വരെയുണ്ടായിരുന്നു. കുറ്റം ചെയ്തവരെ അക്കാലത്ത് പെരിങ്ങഴ മുറ്റത്തുള്ള പുളിയില്‍ കെട്ടി അടിശിക്ഷ നല്കുമായിരുന്നു. ഈ പുളിമരം ഇന്നും അവരുടെ തറവാടുമുറ്റത്ത് നില്‍ക്കുന്നുണ്ട്.

മുഹമ്മയുടെ തീരപ്രദേശങ്ങളില്‍ തിങ്ങി വസിക്കുന്ന അരയന്മാര്‍ വേമ്പനാട്ടു കായലില്‍ നിന്ന് മത്സ്യം പിടിച്ച് അതില്‍ നിന്നും കിട്ടുന്ന ആദായം കൊണ്ട് ജീവിതം കഴിച്ചിരുന്നു. പടിപ്പുരയും, നാലുകെട്ടും, നടുമുറ്റവും ഉണ്ടായിരുന്ന അന്നത്തെ പ്രസിദ്ധ കുടുംബമായിരുന്നു വലിയ വീട്. തറവാടിന്റെ കാരണവര്‍, ചെമ്പില്‍ ആണ്ടി അരയനായിരുന്നു. ആലപ്പുഴ കൊട്ടാരത്തില്‍ നിന്നും വൈക്കം ക്ഷേത്രത്തിലേക്ക് അഷ്ടമി തൊഴുവാന്‍ പോകുന്ന രാജാവിനെ ഓടിവള്ളങ്ങളില്‍ അകമ്പടി സേവിച്ചിരുന്നതു ഈ കുടുംബക്കാരായിരുന്നു. ഇവരുടെ വസ്തുക്കളും കുടുംബവും വെട്ടിയ്ക്കാപള്ളിക്കു വിറ്റു. വേമ്പനാട്ടു കായലില്‍ നിന്നു പിടിക്കുന്ന കിമീന്‍, കൊഞ്ച്, കണമ്പ്, കാളാഞ്ചി, പൂമീന്‍ എന്നീ മത്സ്യങ്ങള്‍ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതീവ രുചികരമായ ഭക്ഷണങ്ങളാണ്. വേമ്പനാട്ടുകായലും പ്രകൃതി രമണീയത നിറഞ്ഞ പ്രദേശങ്ങളും ധാരാളം ടൂറിസ്റ്റുകളെ മുഹമ്മയിലേക്കു ആകര്‍ഷിക്കുന്നു. മുഹമ്മ പഞ്ചായത്തിന്റെ ഇതരപ്രദേശങ്ങളില്‍ നിന്ന് വേറിട്ട് വേമ്പനാട്ടുകായലിന്റെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു തുരുത്താണ് പാതിരാമണല്‍. ആഴ്‌വാഞ്ചേരി മനയിലെ ഒരു തമ്പുരാന്‍ മുറജപത്തിനു വള്ളത്തില്‍ മടങ്ങുമ്പോള്‍ പാതിരാസമയത്ത് മൂത്രശങ്ക ഉണ്ടായെന്നും ജലത്തില്‍ മൂത്രവിസര്‍ജ്ജനം നടത്തുന്നത് ആചാരങ്ങള്‍ക്ക് നിരക്കാത്തതുകൊണ്ട് ഒരു പിടി ചെളി വള്ളക്കാരനെക്കൊണ്ട് കഴുക്കോല്‍ പൂണിയില്‍ നിന്ന് എടുപ്പിച്ച് ഒരു താമരയിലയില്‍ വച്ച് തമ്പുരാന്‍ മന്ത്രം ചൊല്ലി കായലില്‍ നിക്ഷേപിച്ചെന്നും അങ്ങനെ ഒരു വിഭാഗം കരയായി മാറിയെന്നും അവിടെ ആവശ്യം നിറവേറ്റായെന്നുമാണ് ഐതിഹ്യം. പാതിരാവില്‍ ഉണ്ടായതുകൊണ്ടാണ് ഈ ദ്വീപിന് പാതിരാമണല്‍ എന്ന പേരുവന്നതത്രേ. പാതിരാമണല്‍, കടല്‍ മാറിയപ്പോള്‍ പൊങ്ങിവന്ന ഒരു ദ്വീപാണെന്നും പറയുന്നു. ഇന്നിവിടെ ടൂറിസത്തിനുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതിന് മള്‍ട്ടിനാഷണല്‍ ഹോട്ടല്‍ ശൃംഖലയുള്ള ഒബ്‌റോയ്, ടാജ് എന്നിവയും സര്‍ക്കാര്‍ ഉടമയിലുള്ള കെ.റ്റി.ടി.സി.യും തമ്മില്‍ കടുത്ത മത്സരത്തിലാണ്.

        സി.എം.എസ്സ് മിഷണറിമാര്‍ 1855-ല്‍ മുഹമ്മ സി.എം.എസ്സ് എല്‍.പി. സ്‌ക്കൂള്‍ സ്ഥാപിച്ചു. സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ചിറയിന്‍ കുടുംബക്കാര്‍ ഒരു പെണ്‍പള്ളിക്കുടം സ്ഥാപിച്ചു. ഇന്ന് ആ സ്ഥാപനം ഇല്ല. കെ.പി.എം.യു.പി.എ.ബി. വിലാസം യു.പി സ്‌ക്കൂള്‍ എന്നിവ 1937-ല്‍ സ്ഥാപിച്ചു. അന്നു മുഹമ്മ നിവാസികള്‍ ആയ കുട്ടികള്‍ ഈ സ്‌ക്കൂളിലാണ് പഠിച്ചിരുന്നത്. 1982-ല്‍ എ.ബി. വിലാസം ഹൈസ്‌ക്കൂളായി. ആ വര്‍ഷം തന്നെ കര്‍മ്മലീത്ത പുരോഹിതന്മാര്‍ മദര്‍തെരേസ ഹൈസ്‌ക്കൂളും മുഹമ്മയില്‍ സ്ഥാപിച്ചു. ഈ സ്‌ക്കൂളിന്റെ എസ്സ്.എസ്സ്.എല്‍.സി വിജയശതമാനം എല്ലാവര്‍ഷവും 98-നും 100-നും ഇടയിലായതുകൊണ്ട് വിജയശതമാനത്തില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. കര്‍മ്മലീത്ത മഠത്തിന്റെ മേല്‍നോട്ടത്തില്‍ ദീപ്തി സ്‌പെഷ്യല്‍ ഹോം ഫോര്‍ മെന്റലി റിറ്റാര്‍ഡഡ് എന്ന സ്ഥാപനം നടത്തുന്നു. 52 കുട്ടികളുള്ള ഈ സ്ഥാപനത്തിലെ സിസ്റ്റേഴ്‌സിന്റെ സേവനം സ്തുത്യര്‍ഹമാണ്. മേല്‍പ്പറഞ്ഞ ഹൈസ്‌ക്കൂള്‍ ഉണ്ടാകുന്നതിനു മുന്‍പ് മുഹമ്മ നിവാസികളായ കുട്ടികള്‍ കണ്ണങ്കര സെന്റ് മാത്യൂസ്, കലവൂര്‍ ഗവണ്‍മെന്റ് സ്‌ക്കൂള്‍, കണിച്ചുകുളങ്ങര ഹൈസ്‌ക്കൂള്‍ എന്നിവയില്‍ പോയി പഠിച്ചിരുന്നു.

       ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നേതാക്കന്മാര്‍ മുഹമ്മയില്‍ ഉണ്ടായിരുന്നു. ഇവരില്‍ പ്രമുഖനായിരുന്നു ചിലമ്പിശ്ശേരി തറവാട്ടിലെ പരേതനായ സി.കെ. കുഞ്ഞിക്കൃഷ്ണന്‍, മഹാത്മാഗാന്ധിയോടൊപ്പം 1924-ല്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു. ഇവരോടൊപ്പം ഹരിജനങ്ങളായ പത്തു കണ്ടത്തില്‍ തേവന്‍, വാവ എന്നിവരും ഉണ്ടായിരുന്നു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തവരുടെ കണ്ണില്‍ സവര്‍ണ്ണരായ ഗുണ്ടകള്‍ ചുണ്ണാമ്പെഴുതുകയുണ്ടായി. അങ്ങനെ ഒരു കണ്ണു നഷ്ടപ്പെട്ടവരില്‍ ഒരാളാണ് സി.കെ. കുഞ്ഞിക്കൃഷ്ണന്‍, ആര്യക്കര സ്‌ക്കൂള്‍, മുഹമ്മ കോപ്പറേറ്റീവ് സൊസൈറ്റി, മുഹമ്മ പി.എച്ച്.സി ആയുര്‍വേദ ഡിസ്‌പെന്‍സറി, മുഹമ്മ തണ്ണീര്‍മുക്കം റോഡ്, മുഹമ്മ ബോട്ടുജെട്ടി റോഡ്, പോലീസ് സ്റ്റേഷന്‍ എന്നിവ സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തത് കുഞ്ഞിക്കൃഷ്ണനായിരുന്നു.

പുരാതന കാലത്ത് ചിലമ്പിശ്ശേരി തറവാട്ടു കാരണവന്മാര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്ന നാട്ടു പ്രമാണിമാര്‍ ആയിരുന്നു. ഇവരില്‍ പ്രമുഖനായ ഒരു വ്യക്തിയാണ് ചിലമ്പിശ്ശേരില്‍ നാരായണന്‍. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരായ ആദ്യനാവ് പ്രമുഖ ഈ ഴവ കുടുംബമായ ശ്രാമ്പിക്കല്‍ തറവാട്ടില്‍ നിന്നായിരുന്നു എന്നു പറയപ്പെടുന്നു. മുലക്കരം പിരിക്കുവാന്‍ വന്ന അധികാരിയുടെ മുമ്പില്‍ സ്വന്തം മൂല ഛേദിച്ചുവെന്ന ധീരവനിത ഈ കുടുംബക്കാരിയായിരുന്നു എന്നുള്ളത് അഭിമാനപൂര്‍വ്വം സ്മരിക്കേണ്ടതാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയത് നവോത്ഥാന നായകനായ നാരായണ ഗുരു സ്വാമിയുടെ രംഗപ്രവേശത്തോടു കൂടിയാണ്. കായിപ്പുറം ഭാഗത്ത് കുറ്റവക്കാട് ഭവനം സന്ദര്‍ശിച്ചപ്പോള്‍ ആ കുടുംബത്തിന്റെ വക സര്‍പ്പക്കാവിലെ ചിത്രകൂടങ്ങള്‍ ഗുരുവിന്റെ ആജ്ഞപ്രകാരം ഇളക്കി കായലില്‍ കളഞ്ഞതായി പറയപ്പെടുന്നു. അതിനുശേഷം ഗുരു കായിപ്പുറത്തുള്ള സന്മാര്‍ഗ്ഗ സന്ദായിനി ഭജനമഠത്തിന് സ്ഥാനം നിര്‍ണ്ണയിച്ചുകൊടുക്കുകയും ചെയ്തു. മുഹമ്മ നിവാസികളെ ശുചിത്വ ബോധം ഉള്ളവരും സദാചാര നിരതരും ആക്കുന്നതിനുവേണ്ടിയാണ് ഗുരു ഇപ്രകാരം ചെയ്തത്.

     രാജവാഴ്ചയ്ക്കും ദിവാന്‍ഭരണത്തിനും എതിരായി 1947-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്രവയലാര്‍, മാരാരിക്കുളം സമരങ്ങളുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ മുഹമ്മ പ്രദേശത്തു നടന്നിരുന്നു. പൂജവെളി, കരിങ്ങാട്ടവെളി, കാക്കാലം വെളി എന്നിവ സമരസേനാനികളുടെ ക്യാമ്പുകളായിരുന്നു. പ്രസ്തുത സമരത്തില്‍ പങ്കെടുത്തു ജീവന്‍ ത്യജിച്ച തോട്ടത്തുശ്ശേരി ഭാനു, ശങ്കരന്‍ എന്നിവര്‍ ഇവിടുത്തുകാരനായിരുന്നു. സ്റ്റേറ്റു കോണ്‍ഗ്രസ്സിന്റെ ആവിര്‍ഭാവവും പ്രവര്‍ത്തനങ്ങളും അക്കാലത്ത് തുടര്‍ന്നുപോന്ന ദിവാന്‍ ഭരണത്തിനെതിരെയുള്ള മാറ്റത്തിന് വളരെയേറെ പ്രചോദനം നല്‍കി.

      പ്രാചീനകാലത്തു മുഹമ്മയിലെ ജനങ്ങള്‍ രാവിലെ പഴഞ്ചോറ് അല്ലെങ്കില്‍ കഞ്ഞി, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണ്, രാത്രിയില്‍ കപ്പയും കക്കായിറച്ചിയും അല്ലെങ്കില്‍ ഇറച്ചി ചേര്‍ത്തുണ്ടാക്കുന്ന പുഴുക്ക് എന്നിവയാണ് സാധാരണ കഴിച്ചിരുന്നത്. രണ്ടാംലോകമഹായുദ്ധകാലത്താണ് ചരിത്രത്തിലെ ഏറ്റവും വലിയ ദാരിദ്ര്യം ഇവിടെ അനുഭവപ്പെട്ടത്. ചോളം, ബജറാ, കപ്പക്കൊത്ത് എന്നിവയായിരുന്നു പാവപ്പെട്ടവരുടെ ആഹാരം പിണ്ണാക്ക് തിന്നു ജീവന്‍ നിലനിര്‍ത്തിയ അനുഭവങ്ങളുമുണ്ട്. പട്ടിണി മരണങ്ങളും പകര്‍ച്ചവ്യാധികളും അന്നത്തെ നിത്യസംഭവങ്ങളായിരുന്നു. അന്നത്തെ ഒരു വിഭാഗം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചും കായല്‍ തീര നിവാസികള്‍ കായലില്‍ നിന്നുകിട്ടുന്ന മത്സ്യങ്ങള്‍ പിടിച്ചും ജീവിച്ചു പോന്നു. കാലക്രമേണ അവര്‍ കൊപ്രാ, കയര്‍ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങി. ഇവയെല്ലാംതന്നെ വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ട ജലഗതാഗതത്തെ ആശ്രയിച്ചു നിലനിന്നിരുന്നു.

മുഹമ്മ നിവാസികളായ കത്തോലിക്കരില്‍ സിംഹഭാഗവും 17,18 ന്യൂറ്റാണ്ടുകളിലായി കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ്. കൂറ്റുവേലി ഭാഗത്ത് താമസിച്ചിരുന്ന കണ്ണേക്കാരും, കണിച്ചുകുളങ്ങരയിലും അതിന്റെ ചുറ്റുപാടുകളിലും വസിച്ചിരുന്ന കുരുവക്കേരിക്കാരും, ആര്യക്കര ഭാഗത്തു താമസിച്ചിരുന്ന പുതുപ്പറമ്പുക്കാരും പടിഞ്ഞാറെ പള്ളിക്കു സമീപമുള്ള കരിപ്പുറവും ഇവിടെയുള്ള പുരാതന കുടുംബക്കാരാണെന്ന് പഴമക്കാര്‍ പറയുന്നു. പുതുപ്പറമ്പു കുടുംബക്കാരുടെ സമീപത്ത് പ്രഗല്‍ഭരായ നായര്‍ തറവാട്ടുകാരും ഇതേ വിട്ടുപേരില്‍ തന്നെ അറിയപ്പെടുന്നു.

       ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് 17-ാം ന്യൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് നിരണത്തും അവിടെ നിന്ന് മുഹമ്മയിലും വന്നു താമസിച്ച കത്തോലിക്ക വിശ്വാസികളാണ് കാട്ടിപറമ്പ് എന്ന കുടുംബക്കാര്‍. എ.ഡി. 1751 ല്‍ നടന്ന ഒരു ആധാരത്തില്‍, കൊടുങ്ങല്ലൂര്‍ കോട്ടയ്ക്കാവൂ മനയ്ക്കല്‍ വടക്കേകാട്ടിപറമ്പില്‍ വക കൊട്ടിട്ടി കുര്യന്‍ എന്നു രേഖപ്പെടുത്തിയിരുന്നതായി കാണുന്നു. വടക്കേകാട്ടിപറമ്പ് എന്ന വീട്ടുപേരിലാണ് എന്നും ഇവര്‍ കൊടുങ്ങല്ലൂരില്‍ അറിയപ്പെട്ടിരുന്നത് എന്നുവേണം അനുമാനിയ്ക്കുവാന്‍. എന്നാല്‍ ഈഴവ, നായര്‍, വേലന്‍ എന്നിങ്ങനെ മറ്റു മൂന്നു ജാതിക്കാരും ഇതേ വീട്ടുപേരില്‍ തന്നെ മുഹമ്മയില്‍ അറിയപ്പെടുന്നുണ്ട്. ഇവര്‍ അവകാശപ്പെടുന്നത് നാലുജാതിക്കാര്‍ ടിപ്പുവിന്റെ പടയോട്ടകാലത്ത് കൊടുങ്ങല്ലൂരില്‍ നിന്ന് കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് മുഹമ്മയില്‍ വന്ന് കര്‍മ്മലീത്താ പള്ളിയ്ക്കു സമീപമുള്ള ഒരു കാട്ടുപ്രദേശം വെട്ടിത്തെളിച്ച് അവിടെ താമസിച്ചെന്നും കാടുപിടിച്ചുകിടന്ന പറമ്പായതുകൊണ്ട്, ഇവിടെ താമസിച്ച എല്ലാവീട്ടുകാരും കാട്ടിപറമ്പ് എന്ന പേരില്‍ അറിയപ്പെടുന്നുവെന്നുമാണ്.

         എ.ഡി.1750 ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും ആലപ്പുഴയ്ക്ക് സമീപമുള്ള പുറക്കാട്ടും അവിടെ നിന്ന് തത്തംപള്ളിയിലും വന്ന് താമസമാക്കിയ പുരാതന ക്രൈസ്തവ കുടുംബത്തിലെ അംഗമായ ചാണ്ടി ഇപ്പോഴത്തെ മുഹമ്മ സെന്റ് ജോര്‍ജ്ജു പള്ളിക്കു സമീപത്ത് (പട്ടാറ തറവാട് എന്നു പറയുന്ന സ്ഥലത്ത്) വന്നു താമസമാക്കി. പട്ടാറ കുടുംബ വംശാവലിയില്‍പെട്ടവരാണ് പട്ടാറ, മറ്റം, കുരിശുങ്കല്‍, പുത്തന്‍പുരയ്ക്കല്‍, വള്ളവന്തറ, എന്നിങ്ങനെ വിവിധ വീട്ടുപേരുകളില്‍ മുഹമ്മയില്‍ അറിയപ്പെടുന്ന കുടുംബങ്ങള്‍, മുഹമ്മ മഠം സ്ഥാപിച്ച കര്‍മ്മലീത്ത സഭയിലെ മദര്‍ ജനറലായിരുന്ന അന്തരിച്ച സിസ്റ്റര്‍ കൊച്ചു ത്രേസ്യാമ്മയും അതേ സഭയില്‍ത്തന്നെ അംഗമായിരുന്നു.

ചമ്പക്കുളത്തുനിന്ന് 18-ാം ന്യൂറ്റാണ്ടില്‍ മുഹമ്മയില്‍ വന്നു താമസമാക്കിയ കാത്തോലിക്കാവിശ്വാസികള്‍ മണ്ണുമഠം എന്നവീട്ടുപേരില്‍ അറിയപ്പെടുന്നു. ഇടയാഴത്തുനിന്നു (വൈക്കം) കുര്യാക്കോസ് എന്ന കാരണവര്‍ കരുവക്കേരി മാമ്മിയെ വിവാഹം കഴിച്ച് മുഹമ്മ അങ്ങാടിയ്ക്കു സമീപം താമസമാക്കി. ഇടയേഴത്തു മേമ്പടിക്കാട്ടില്‍ നിന്നു 1900- മാണ്ടേടുകൂടിവന്ന ഈ കാരണവരുടെ വംശാവലിയാണ് കപ്പലുമാവുങ്കല്‍ കുടുംബക്കാര്‍. ചിറയില്‍ കൊച്ചുത്തൊയി, തോമ്മാ ന്നിവരും മേപ്പടി കുടുംബാംഗങ്ങളായിരുന്നു.

        ആദിമകാലത്തു മുഹമ്മ നിവാസികളായ കത്തോലിക്കര്‍ ആദ്ധ്യാത്മികാവശ്യങ്ങള്‍ക്ക് ആശ്രയിക്കേണ്ടിയിരുന്നത് പള്ളിപ്പുറം, വെച്ചൂര്‍ പള്ളികളേയായിരുന്നു. വേമ്പനാട്ടുകായലിന്റെ ഇരുകരകളിലായി വൈക്കത്തിനും പള്ളിപ്പുറത്തിനും തെക്ക് അന്നു പള്ളിപ്പുറം പള്ളിയോടു ബന്ധപ്പെട്ടിരുന്ന മുഴുവന്‍ വിശ്വാസികളും എ.ഡി. 1463-ല്‍ സ്ഥാപിതമായ കുടവെച്ചൂര്‍ പള്ളി ഇടവകയിലെ അംഗങ്ങളായി. അതോടൊപ്പം മുഹമ്മയിലെ കത്തോലിക്കാവിശ്വാസികളും മാതാവിന്റെ നാമധേയത്തില്‍ ഉണ്ടായ വെച്ചൂര്‍ പള്ളി ഇടവകയോടു ചേര്‍ക്കപ്പെട്ടു. ഒരു പ്രത്യേക പള്ളിയോടു ബന്ധപ്പെട്ടു ജനങ്ങള്‍ വസിക്കുന്ന പ്രദേശത്തിനു പറയുന്ന പേരാണ് ഇടവക. പരോക്കിയ എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ഇടവക എന്നര്‍ത്ഥമുള്ള പാരിഷ് എന്ന വാക്കു രൂപമെടുത്തത്. ഇടവക എന്ന വാക്കിന്റെ വാച്യാര്‍ത്ഥം തീര്‍ത്ഥാടകരുടെ സമൂഹം, ദൈവത്തോടു അടുത്തവര്‍ എന്നൊക്കെയാണ്. ‘ മാമ്മോദീസ, വിവാഹം, മരിച്ചടക്കല്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് മുഹമ്മ നിവാസികളായ കത്തോലിക്കര്‍ക്കു വെച്ചൂര്‍ പള്ളിയെ ആശ്രയിക്കേണ്ടിയിരുന്നു. വേമ്പനാട്ടുകായലില്‍ കൂടിയുള്ള

കൂടവെച്ചൂര്‍ പള്ളി – എന്‍.കെ. ജോസ്. ദീര്‍ഘയാത്ര പ്രത്യേകിച്ച് വര്‍ഷകാലത്ത്, ക്ലേശകരവും അപകടെ നിറഞ്ഞതുമായതിനാല്‍ അന്നത്തെ വിശ്വാസികളുടെ ശ്രമഫലമായി എ.ഡി.1817-ല്‍ (കൊല്ലവര്‍ഷം 992-കര്‍ക്കിടകമാസം) പെരുന്തുരുത്തി (മുഹമ്മ) സെന്റ് ജോര്‍ജ്ജ് പള്ളിയുടെ കല്ലിട്ടു. പട്ടാറ ചാണ്ടി ചാക്കോ എ.ഡി. 1817 ല്‍ (കൊല്ലവര്‍ഷം 992 കന്നിമാസം 19 നു) പള്ളിയ്ക്കു ദേഹണ്ഡചീട്ടു നല്‍കിയതായും കൊല്ലവര്‍ഷം 994 കന്നിമാസം 11-ാം തീയതി (എ.ഡി.1819) പള്ളിയിരിക്കുന്ന സ്ഥലം തീറാധാരം ചെയ്തു കൊടുത്തതായും പള്ളിരേഖകളില്‍ കാണുന്നു. സ്ഥലം കൈമാറ്റം ചെയ്തതിനു പ്രതിഫലമായി ആണ്ടില്‍, മരിച്ചവര്‍ക്കു വേണ്ടി ഒരു റാസ ചൊല്ലിക്കൊള്ളാമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. മാക്കില്‍ മത്തായി മെത്രാനുമായുള്ള കത്തിടപാടുകളിലെല്ലാം തന്നെ പെരുന്തുരുത്തി പള്ളി എന്നാണ് കാണുന്നത്. മഞ്ചേഴത്തുകാര്‍ക്ക് ജന്മം ഉണ്ടായിരുന്ന പള്ളിയിരിക്കുന്ന സ്ഥലം കൊല്ലവര്‍ഷം 1002 കുംഭം 26 (എ.ഡി. 1827) ല്‍ കരക്കാര്‍ കൈച്ചിട്ടു (കൈപ്പറ്റിയ) നല്കിയതായും രേഖപ്പെടുത്തിയിരിക്കുന്നു.എ.ഡി. 1826- ലാണ് മുഹമ്മ സെന്റ് ജോര്‍ജ്ജ് പള്ളി ഇടവകയായി രൂപാന്തരപ്പെട്ടത്. മുഹമ്മയിലെ കത്തോലിക്കാ വിശ്വാസികള്‍ എ.ഡി. 1463 മുതല്‍ 1826 വരെ വെച്ചൂര്‍ പള്ളി ഇടവകാംഗങ്ങളായിരുന്നു.

       കേരവൃക്ഷങ്ങളാല്‍ നിബിഡമായ കരപ്പുറത്തിന്റെ കിഴക്കേ വശത്ത് വെള്ളിക്കസവണിഞ്ഞപോലെ നീണ്ടുപരന്നു കിടക്കുന്ന വേമ്പനാട്ടുകായലിന്റെ തിരുമുറ്റത്ത് താഴികക്കുടം പോലെ തലയെടുത്തു നില്ക്കുന്ന ഈ ദോവാലയം മുഹമ്മയിലെ ക്രിസ്ത്യാനികളുടെ ദീര്‍ഘകാലത്തെ സ്വപ്നസാക്ഷാത്കാരമായിരുന്നു. മുഹമ്മ സെന്റ് ജോര്‍ജ്ജ് പള്ളി റവ:ഫാ. എബ്രാഹാം മുപ്പറത്തറ വികാരിയായിരുന്നപ്പോള്‍ പൊളിച്ചു പണികഴിപ്പിച്ചു. മുഹമ്മപള്ളിയുടെ കുരിശു പള്ളികളാണ് മണ്ണഞ്ചേരി, കണിച്ചുകുളങ്ങര, കോനാട്, എന്നിവ . മണ്ണഞ്ചേരി, കണിച്ചുകുളങ്ങര, കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളം എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഇടവകയില്‍ ഏതാണ്ടു 480 കത്തോലിക്ക കുടുംബങ്ങളും 2500 ല്‍പരം കത്തോലിക്കരും അംഗങ്ങളായിട്ടുണ്ട്. താഴെപ്പറയുന്ന വൈദികന്മാര്‍,സന്യാസിനിമാര്‍ എന്നിവരെക്കൊണ്ട് ധന്യമായ ഇടവകയാണ് മുഹമ്മ കവല്ക്കു പടിഞ്ഞാറുവശം നസ്രത്ത് കാര്‍മ്മല്‍ ആശ്രമത്തിനോടനുബന്ധിച്ച് കര്‍മ്മലീത്താസഭക്കാരുടെ നസ്രത്തു പള്ളിയും അടിനോടനുബന്ധിച്ചു തന്നെ മദര്‍തെരേസ ഹൈസ്‌ക്കുളും ഉണ്ട്. ആദ്യകാലത്ത് നസ്രത്തുപള്ളി ഒരു ഇടവകയായിരുന്നു. പിന്നീട് മുഹമ്മ ഇടവക പള്ളിയുടെ കപ്പേളയായ ഈ ദേവാലയം കര്‍മ്മലീത്താ സഭക്കാര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. മുഹമ്മ പഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ സി.എസ്സ്. ഐ മതവിശ്വാസികളുടെ സെന്റ് മാത്യൂസ് ചര്‍ച്ചും കവലയ്ക്ക് പടിഞ്ഞാറു ഭാഗത്ത് ലൂഥറന്‍ മതവിശ്വാസികളുടെ ഒരു ആരാധനാലയവും സ്ഥിതി ചെയ്യുന്നു.

ഏതാണ്ട് 250 (അ.ഉ1750) വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുണ്ടെന്നു കരുതപ്പെടുന്ന മൊഹയൂദ്ദീന്‍ പള്ളി ആലപ്പുഴയില്‍ നിന്ന് കച്ചവടാവശ്യങ്ങള്‍ക്കു മുഹമ്മയില്‍ വന്ന അല്ലായിമാര്‍ ആരാധനയ്ക്കുവേണ്ടി പണികഴിപ്പിച്ചതാണെന്ന് പഴമക്കാര്‍ പറയുന്നു. ചങ്ങനാശ്ശേരി, ആലപ്പുഴ, കൊച്ചി എന്നീ പ്രദേശങ്ങളില്‍ നിന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കായി മുഹമ്മയില്‍ കുടിയേറി പാര്‍ത്തവരാണ് ആമക്കാട്, വലിയപറമ്പ്, നടുമുറി, കുഴിവേലി എന്നീ പുരാതന മുസ്‌ളീം കുടുംബങ്ങള്‍.

വിവിധ മതവിശ്വാസികളുടെ ദേവാലയങ്ങളോടനുബന്ധിച്ചു നടന്നുവരുന്ന ആഘോഷങ്ങളില്‍ ജാതിമതഭേദമന്യേ ജനങ്ങള്‍ പങ്കെടുത്തിരുന്നു. ഇന്നും ആ പ്രവണത തുടരുന്നു എന്നത് ജാതിമത ഭിന്നതകള്‍ക്കിടയില്‍ ഒരു രജതരേഖയായി കാണേണ്ടിയിരിക്കുന്നു.

         മുഹമ്മ പഞ്ചായത്തു എ.ഡി. 1953-ല്‍ രൂപം കൊണ്ടു. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് പി.എസ്സ്. ബാഹുലേയനായിരുന്നു. മുഹമ്മ കയര്‍മാറ്റ്, ആന്റ് മാറ്റിംഗ്‌സ്, കക്ക സൊസെറ്റികള്‍, കോസ്റ്റല്‍ കോപ്പറേറ്റീവ് ട്രാന്‍സ്‌പോര്‍ട്ട് എന്നീ സ്ഥാപനങ്ങള്‍ പി.എസ്സ്.ബാഹുലേയന്റെ ശ്രമഫലമായി ഉണ്ടായിട്ടുള്ളവയാണ്. ആലപ്പുഴജില്ലയില്‍ സമ്പൂര്‍ണ്ണസാക്ഷരതാ പ്രഖ്യാപനം നടത്തി നടത്തിയത് മുഹമ്മ പഞ്ചായത്തായിരുന്നു. മുഹമ്മ പഞ്ചായത്തിന്റെ നാലാമതു ഭരണസമിതി 30-1-1988-ല്‍ നിലവില്‍ വന്നു. പഞ്ചായത്തിന്റെ 1991-ലെ കനേഷുമാരി കണക്കു പ്രകാരം ജനസംഖ്യ 22128 ആണ്. പ്രാചീനകാലത്ത് ജനങ്ങള്‍ കൃഷി, മീന്‍പിടിത്തം, കൂലിപ്പണി, എന്നിവയില്‍ ഏര്‍പ്പെട്ട് ജീവിതം നയിച്ചുപോന്നു. തെങ്ങുകൃഷിയ്ക്ക് ബാധിച്ച മാരക രോഗങ്ങളായ കാറ്റുവീഴ്ച, മണ്ഡരി, എന്നിലയും നെല്‍കൃഷിയ്ക്ക് വേണ്ടിവരുന്ന ഭീമമായ കൂലിച്ചെലവുകളും കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചു. അങ്ങനെ ഇന്ന് കാര്‍ഷികരംഗം മുരടിച്ചുപോയി. ഇന്നത്തെ ജനസംഖ്യകണക്കനുസരിച്ച് പഞ്ചായത്തില്‍ കയര്‍ഫാക്ടറി തൊഴിലാളികള്‍ 40% മത്സ്യതൊഴിലാളികള്‍ 17%, കര്‍ഷകതൊഴിലാളികള്‍ 10%, കര്‍ഷകര്‍ 5%, കച്ചവടക്കാര്‍ 2%, നിര്‍മ്മാണതൊഴിലാളികള്‍ 5%, കൂലിതൊഴിലാളികള്‍ 8%, ഉദ്യോഗസ്ഥര്‍ 1%, തൊഴില്‍ രഹിതര്‍ 12%, എന്നിങ്ങനെയാണ്.

Top