സ്കൂളിൽ മുറ്റത്ത് നെൽകൃഷി വിളവെടുത്ത് വിദ്യാർത്ഥികൾ
Wednesday 21 January, 2026
മുഹമ്മ: ഞാറുനടാനും കളപറിക്കാനും കൊയ്യാനും കറ്റ മെതിക്കാനും സ്കൂൾ വളപ്പിലെ നെൽകൃഷിയിലൂടെ കുട്ടികൾ പഠിച്ചു. പാഠപുസ്തകത്തിൽ നിന്ന് മാത്രം കിട്ടിയിരുന്ന അറിവുകൾ സ്കൂളിലെ മണ്ണിൽ നിന്നും പഠിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മുഹമ്മ എ.ബി വിലാസം സ്കൂളിലെ വിദ്യാർത്ഥികൾ.
‘പാഠം ഒന്ന് പാടത്തേക്ക്’ എന്ന സ്കൂൾ മുറ്റത്ത് പാടം ഒരുക്കിയാണ് ഉമ നെൽകൃഷി ചെയ്തത്. മുഹമ്മ കൃഷി ഓഫീസർ പി.എം.കൃഷ്ണ, സംസ്ഥാന കർഷക അവാർഡ് ജേതാവും പി.ടി.എ അംഗവുമായ കെ.പി.ശുഭകേശൻ എന്നിവരുടെ നിർദേശങ്ങൾ പാലിച്ചാണ് കൃഷി ചെയ്തത്. എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ കൃഷിയിൽ പങ്കാളികളായി. കുട്ടികൾ അവതരിപ്പിച്ച കൊയ്ത്തു പാട്ടിന്റെ അകമ്പടിയിൽ മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരും കുട്ടികളും കൊയ്ത്തിൽ പങ്കാളികളായി. മികച്ച കർഷകയും അദ്ധ്യാപികയുമായ എൽ.അർച്ചന കറ്റമെതിക്കാൻ കുട്ടികളെ പഠിപ്പിച്ചു. വിളവെടുപ്പ് ഉദ്ഘാടന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. കൃഷിക്ക് നേതൃത്വം നൽകിയ കെ.പി.ശുഭകേശനെ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ പൊന്നാട അണിയിച്ചു. കൃഷി ഓഫീസർ പി.എം.കൃഷ്ണ, സ്കൂൾ മാനേജർ ജെ.ജയലാൽ, ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ, സെക്രട്ടറി സി.എ.കുഞ്ഞുമോൻ, പ്രിൻസിപ്പൽ ബിജോ കെ. കുഞ്ചറിയ, പ്രഥമാദ്ധ്യാപിക നിഷ ദയാനന്ദൻ, സ്റ്റാഫ് സെക്രട്ടറി എസ്.സോളി, സീനിയർ അസിസ്റ്റന്റ് എൻ.കെ.സുപ്രിയ, കാർഷിക സമിതി കൺവീനർമാരായ ജാനി ദേവ്, ദിവ്യ, വി.വി.വിനിത എന്നിവർ സംസാരിച്ചു.

