ആലപ്പുഴ ബീച്ചിൽ വലയിൽ കുടുങ്ങിയത് ഹുക്ഡ് നോസ് കടൽപാമ്പ്; കടുത്ത വിഷമുള്ളയിനം

FEBRUARY 06, 2026
ആലപ്പുഴ ബീച്ചിൽ വീശുവലയിൽ കുടുങ്ങിയത് ഹുക് നോസ് കടൽപാമ്പ്. വലയിൽനിന്നു മോചിപ്പിച്ചതോടെ പാമ്പ് കടലിലേക്കു തിരികെപ്പോയി. കടുത്ത വിഷമുള്ളയിനമാണിത്. ഇവയുടെ മേൽച്ചുണ്ടിന്റെ അറ്റം പക്ഷിയുടേതുപോലെ താഴേക്കു വളഞ്ഞതാണ്, ഇതു വലയിൽ കടിച്ചു കുടുങ്ങുന്നതിനാൽ ഇവയെ “വലകടിയൻ’ എന്നാണു മത്സ്യത്തൊഴിലാളികൾ വിളിക്കുന്നത്.
കടൽത്തീരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന വലകടിയൻ കടൽപാമ്പിന് ഒന്നരമീറ്ററോളം നീളമാണ് ഉണ്ടാവുക. ശരീരത്തിന് ഇളം നീലകലർന്ന ചാരനിറമാണ്. വാൽ തുഴയുടെ ആകൃതിയിലാണ് ഇരിക്കുക. മീൻപിടുത്തക്കാരുടെ വലയിൽ കുടുങ്ങിയാണ് ഈ പാമ്പുകൾ കരയിലെത്താറുള്ളത്. മൂർഖനേക്കാൾ പത്തിരട്ടി വീര്യമുള്ള വിഷപ്പാമ്പാണെങ്കിലും ഇവ അപൂർവമായി മാത്രമേ കടിയ്ക്കാറുള്ളു.
വലകടിയൻ കടൽപാമ്പ് കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുക. ഒരു പ്രസവത്തിൽ 4 മുതൽ 9 വരെ കുഞ്ഞുങ്ങളുണ്ടാവും. മത്സ്യങ്ങളാണ് പ്രധാന
ഭക്ഷണം.

Top