ഇക്കോ ബാങ്കിൽ ‘മാലിന്യനിക്ഷേപം’ ഹിറ്റ്; 16 ദിവസം കൊണ്ട് ലഭിച്ചത് 7,468 കിലോ മാലിന്യം
09 October 2025
ആലപ്പുഴ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിയാമാലിന്യം
ഉപേക്ഷിക്കാൻ ക്ലീൻ കേരള കമ്പനി തുടങ്ങിയ ഇക്കോ ബാങ്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഹിറ്റായി. പദ്ധതി തുടങ്ങി 16 ദിവസംകൊണ്ട് 7,468 കിലോ മാലിന്യം ലഭിച്ചു. കഴിഞ്ഞ 22-നാണ് സംസ്ഥാനതലത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നീട്, കോഴിക്കോട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ പ്രവർത്തനം തുടങ്ങി.
വീടുകൾ, സ്ഥാപനങ്ങൾ, നിർമാണസ്ഥലങ്ങൾ, ആഘോഷസ്ഥലങ്ങൾ തുടങ്ങി എവിടെയുമുണ്ടാകുന്ന മാലിന്യം ഇക്കോ ബാങ്കിൽ സ്വീകരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനയക്കും. വീടുകളിൽനിന്നു നേരിട്ട് അജൈവമാലിന്യം ശേഖരിക്കുന്നത് വല്ലപ്പോഴുമാണ്. എന്നാൽ, ഇവിടെ തിങ്കൾ മുതൽ വെള്ളി വരെ അജൈവമാലിന്യം എത്തിച്ചുകൊടുക്കാം. ഒരു ജില്ലയിൽ ഒരു കേന്ദ്രം വീതമാണ് ഇപ്പോഴുള്ളത്.
കൂടുതൽ മാലിന്യം ലഭിച്ചത് വയനാട് ജില്ലയിലാണ്. വരദൂരിലെ കേന്ദ്രത്തിൽ 3,810 കിലോ ലഭിച്ചു. കൊല്ലം (1,450 കിലോ), കാസർകോട് (1,180) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കൊല്ലത്ത് ചാത്തിനാംകുളത്തും കാസർകോട്ട് നീലേശ്വരം പാലിയിലുമാണ് കേന്ദ്രങ്ങൾ. ശേഖരിച്ചതിൽ ഇ മാലിന്യം- 32.2 കിലോ (ടിവി, ഫ്രിജ്ജ്, ഫാൻ തുടങ്ങിയ), ആപത്കരമായവ (ട്യൂബ്, ബൾബ്, എൽഇഡി തുടങ്ങിയവ). 7.75 കിലോ, ചില്ല്- 211 കിലോ, ബാഗ്/ചെരിപ്പ്/തെർമോക്കോൾ- 171 കിലോ, തുണി- 359 കിലോ, സ്ക്രാപ്പ്- 60 കിലോ, നിഷ്ക്രിയ മാലിന്യം (പ്ലാസ്റ്റിക് അടക്കമുള്ളവ)- 6,582 കിലോ, തടിമാലിന്യം- 14 കിലോ എന്നിങ്ങനെയാണു ശേഖരിച്ചത്. ശേഖരിക്കുന്നവയിൽ പുനശ്ചംക്രമണം ചെയ്യാൻ കഴിയുന്നവയ്ക്കു പണം നൽകും. തുക എത്രയെന്ന് അതത് ജില്ലകളിലാണു നിശ്ചയിക്കുക. അല്ലാത്തവ സംസ്കരിക്കാൻ ചെലവേറുമെന്നതിനാൽ മാലിന്യമെത്തിക്കുന്നവരിൽനിന്ന് ചെറിയ തുക ഈടാക്കും. ഭക്ഷണാവശിഷ്ടം, മെഡിക്കൽ മാലിന്യം, സാനിറ്റ്റി മാലിന്യം, അപകടകരമായ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകൾ തുടങ്ങിയവ ഒഴികെ മറ്റെന്തും സ്വീകരിക്കും.

