കുഞ്ഞ് ഗൗരിക്കും ശരണ്യക്കും വീട് നിർമിച്ചുനൽകും – കെ.സി. വേണുഗോപാൽ
08 January 2026
മണ്ണഞ്ചേരി ഗൗരിക്കും ശരണ്യക്കും വൈകാതെ അവരുടെ ആഗ്രഹംപോലെ അടച്ചുറപ്പുള്ള വീട്ടിൽ ഉറങ്ങാൻ വഴിയൊരുങ്ങും. ഇവർക്കായി മൂന്നുമാസത്തിനകം വീട് നിർമിച്ചുനൽകാമെന്ന് കെ.സി. വേണുഗോപാൽ എം.പി.യുടെ ഉറപ്പ്. കൂട്ടുകാർക്കൊപ്പം കളിക്കേണ്ട പ്രായത്തിൽ കുടുംബത്തിനു കൈത്താങ്ങാകാൻ എൽ.ഇ.ഡി. ബൾബ് നിർമിച്ച് അച്ഛനെ സഹായിക്കുകയാണ് കുഞ്ഞുങ്ങളായ ഗൗരിയും ശരണ്യയും. മണ്ണഞ്ചേരി പൊന്നാട് വിജയവിലാസം ക്ഷേത്രത്തിനുസമീപം
വാത്തിശ്ശേരിയിൽ വി.ജി. ഗവേഷിന്റെ മക്കളാണ് ഇരുവരും.
അടച്ചുറപ്പുള്ള വീടിനായി ഇരുവരും രാപകൽ കഷ്ടപ്പെടുന്നതു സംബന്ധിച്ച മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇവർക്കായി വീട് നിർമിച്ചുനൽകാമെന്ന് എം.പി. ഉറപ്പുനൽകിയത്. പാതിവഴിയിൽ മുടങ്ങിയ വീടിന്റെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. മുഹമ്മ ആര്യക്കര എ.ബി. വിലാസം സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനി ഗൗരി ഗവേഷാണ് എൽ.ഇ.ഡി. ബൾബ് നിർമാണത്തിൽ ഗവേഷിനെ ഏറെയും
സഹായിക്കുന്നത്. രണ്ടുവർഷമായി വീട്ടിൽ ഇലക്ട്ര പവർ ഡിവൈസസ് എന്ന ചെറുകിട യൂണിറ്റ് നടത്തുകയാണ് ഗവേഷ്. ഇലക്ട്രിക് ജോലികൾചെയ്തു വരുകയായിരുന്ന ഗവേഷ് വലിയൊരു
ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നതോടെ പിന്നീട് ആ ജോലികൾ ചെയ്യാനാകാത്ത സ്ഥിതിയായി.
സാമ്പത്തികബാധ്യതകൂടിയായതോടെ വീട് നിർമാണവും പാതിവഴിയിൽ മുടങ്ങുകയായിരുന്നു. മൂന്നുവർഷമായി വാടകവീട്ടിലാണ് ഇവരുടെ താമസം. സാമ്പത്തികബാധ്യത പെരുകിയതോടെ അച്ഛനെ സഹായിക്കാൻ ബൾബ് നിർമാണജോലി കുഞ്ഞ് ഗൗരി ഏറ്റെടുക്കുകയായിരുന്നു. രണ്ടാം ക്ലാസുകാരിയാണ് സഹോദരി ശരണ്യ. ഗൗരിയുടെ അവസ്ഥ മനസ്സിലാക്കി വീട്ടിലെത്തിയ കെ.സി. വേണുഗോപാൽ എം.പി. വീടിന്റെ നിർമാണത്തിന് സഹായം നൽകുന്നതിനുപുറമേ ഗവേഷിന്റെ ചികിത്സയ്ക്കും
സഹായംനൽകാമെന്ന് ഉറപ്പുനൽകി.
പഞ്ചായത്തംഗങ്ങളായ സിനിമോൾ സുരേഷ്, സൽമ അസീസ്, ജി.
ചന്ദ്രബാബു, അജിത് കുമാർ, സിന്ധുക്കുട്ടി, നേതാക്കളായ ബി. അൻസൽ, അബൂബക്കർ കുഞ്ഞ് ആശാൻ തുടങ്ങിയവരും കെ.സി.ക്കൊപ്പമുണ്ടായിരുന്നു.

