തിരക്കിന്റെ ആരവങ്ങളില്ല; വാഗ്ദാനങ്ങളിലൊതുങ്ങി മുഹമ്മ ബോട്ട് ജെട്ടി വികസനം
February 12, 2026
മുഹമ്മ ബോട്ട് ജെട്ടിയുടെ വികസനം വാഗ്ദാനങ്ങളിൽ ഒതുങ്ങുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിച്ചിരുന്ന ബോട്ട് ജെട്ടിയിൽ ഇന്ന് തിരക്കിന്റെ ആരവങ്ങളില്ല. ആലപ്പുഴ, ചേർത്തല, കഞ്ഞിക്കുഴി മേഖലകളിൽനിന്നുള്ള യാത്രക്കാർക്ക് കോട്ടയം ജില്ലയുമായി ബന്ധപ്പെടുന്നതിനുള്ള എളുപ്പമാർഗമാണ് ഈ ബോട്ട് സർവീസ്. മുൻ കാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽനിന്നു ള്ള യാത്രക്കാരുടെ വരവിനാൽ മുഹമ്മ സജീവമായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ബോട്ട് സർവീസ് മുഹമ്മയിലേതായിരുന്നു. ജില്ലയിലെ അറിയപ്പെടുന്ന വ്യാപാര കേന്ദ്രമെന്ന നിലയിലും മു ഹമ്മ ശ്രദ്ധയാകർഷിച്ചിരുന്നു. ബോട്ടുജെട്ടിയെ ആശ്രയിക്കുന്നവരുടെ തിരക്കാണ് വ്യാപാരശാലകൾക്ക് ഉണർവു പകർന്നിരുന്നത്.
ബസ് സർവീസുകൾ നിലച്ചതും ബോട്ടുകളുടെ എണ്ണം കുറഞ്ഞതുമാണ് ബോട്ട് ജെട്ടിയുടെ താളംതെറ്റിച്ചത്. നേരത്തെ ബോട്ട് ജെട്ടി വരെ ബസ് സർവീസുണ്ടായിരുന്നു. ബോട്ടിന്റെ സമയത്തിന് ജെട്ടിയിലെത്താ ൻ അന്ന് കഴിഞ്ഞിരിന്നു. ബസ് സർവീസ് താളം തെറ്റിയതോടെ യാത്രക്കാർ ബോട്ട് ജെട്ടിയിൽനിന്നകന്നു.
ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ വികസന സാധ്യതയുള്ള പഞ്ചായത്താണ് മുഹമ്മ. പാതിരാമണൽ ദ്വീപിന്റെ വികസനം സാധ്യമായാൽ മുഹമ്മയുടെ മുഖഛായ മാറും. മന്ത്രി ഗണേഷ്കുമാർ മുൻകൈ എടുത്ത് നടപ്പാക്കുന്ന വികസന പദ്ധതികൾ ടൂറിസ്റ്റുകളുടെ വരവിൽ ഗണ്യമായ വർധന ഉണ്ടാക്കിയിട്ടുണ്ട്. ആലപ്പുഴയിൽനിന്ന് പാതിരാമണൽ ദ്വീപിലേക്ക് സർവീസ് നടത്തുന്ന വേഗാ, സീ കുട്ടനാട് ബോട്ടുകൾ മുഹമ്മ ബോട്ട് ജെട്ടിയിൽ അടുത്ത് ആളെ കയറ്റിയാണ് മിക്കവാറും കടന്നുപോകുന്നത്.
മുഹമ്മ – കുമരകം ഫെറിയിൽ സർവീസ് നടത്തുന്ന രണ്ടു ബോട്ടുകൾക്കു പുറമേ പാതിരാമണൽ ദ്വീപിലേക്കും മുഹമ്മയിൽനിന്ന് സർവീസുണ്ട്. 1000 രൂപ നൽകിയാൽ 10 പേർക്ക് എപ്പോൾ വേണമെങ്കിലും ബോട്ടിൽ പാതിരാമണൽ ദ്വീപിലെത്താം.
ടൂറിസ്റ്റുകളുടെ കടന്നുവരവ് മുഹമ്മ ബോട്ട് ജെട്ടിക്ക് ഉണർവ് പകരുന്നുണ്ടെങ്കിലും സമഗ്രവികസനത്തിന് നടപടി ഉണ്ടാകുന്നില്ല. ബോട്ട് സർവീസ് മുഹമ്മ ബസ് സ്റ്റാൻഡുവരെ നീട്ടിയാൽ മുഹമ്മയുടെ മുഖഛാ യ തന്നെ മാറും. മുഹമ്മയുടെ വ്യാപാര മേഖലയിൽ ഇത് പുത്തനുണർവ് സൃഷ്ടിക്കും.
എന്നാൽ, ബന്ധപ്പെട്ടവർ ഉറക്കം നടിക്കുകയാണ്. ബോട്ട് സർവീസ് ബസ് സ്റ്റാൻഡിലേക്ക് നീട്ടുമെന്ന പ്രസ്താവനകൾ ഇടയ്ക്കിടെ അധികാരികൾ നടത്തുന്നുണ്ടെങ്കിലും ഇതിനായി ചെറുവിരൽ പോലും അന ക്കുന്നില്ലെന്നതാണ് യാഥാർഥ്യം.
ഭാവനാപൂർണമായ പദ്ധതികളും ഇച്ഛാശക്തിയോടെയുള്ള നിലപാടുകളുമുണ്ടെങ്കിൽ മുഹമ്മയുടെ വികസനം വിരൽത്തുമ്പിലാണെന്ന് നാട്ടുകാർ പറയുന്നു.

