പൊടിശല്യവും സ്കൂൾ സമയത്തെ ഓട്ടവും; കായൽമണ്ണുമായി പോകുന്ന ലോറികൾക്ക് നിയന്ത്രണം
04 January 2026
മുഹമ്മ ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കായൽമണ്ണുമായി പോകുന്ന ലോറികൾക്ക് മോട്ടോർവാഹനവകുപ്പ് നിയന്ത്രണമേർപ്പെടുത്തി. സ്കൂൾക്കുട്ടികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്ന രീതിയിലുള്ള ഓട്ടവും പൊടിശല്യവും മൂലമാണ് നിയന്ത്രണം കൊണ്ടുവന്നത്. സ്കൂൾക്കുട്ടികൾ യാത്രചെയ്യുന്ന സമയത്ത് ലോറികൾ ഓടരുത്, പൊടിശല്യം ഒഴിവാക്കാനായി റോഡുകൾ നനച്ചുകൊടുക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ.
മോട്ടോർവാഹനവകുപ്പ് മുഹമ്മയിലും സമീപമേഖലയിലും കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ അലക്ഷ്യമായി കായൽമണ്ണു കയറ്റിയെത്തിയ രണ്ടു ലോറികൾ പിടികൂടി. പ്രാരംഭനടപടി എന്നനിലയിൽ ഡ്രൈവർമാർക്ക് മാർഗനിർദേശങ്ങൾ നൽകി. കായലിൽ ഡ്രജിങ് നടക്കുന്ന കണ്ണങ്കര മേഖലയിലും പരിശോധന നടത്തി. വരുംദിവസങ്ങളിലും വാഹനപരിശോധന തുടരും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബിജു ജോസഫ്, സി. ചന്ദ്രലാൽ എന്നിവർ നേതൃത്വം
നൽകി.
പരമാവധി കായൽമണ്ണുമായാണ് ഓരോ ലോറിയും കടന്നുപോകുന്നത്. വാഹനങ്ങൾ കുഴികളിൽ ചാടുമ്പോഴും പെട്ടെന്നു ബ്രേക്കിടുമ്പോഴുമാണ്
മണ്ണ് റോഡിലേക്കു തെറിച്ചുവീഴുന്നത്. ഇവ റോഡിൽക്കിടന്നാണ് പൊടിശല്യമുണ്ടാകുന്നത്. റോഡിനിരുവശവുമുള്ള കച്ചവടസ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും പൊടിശല്യംകൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്.
ലോഡ് ഇറക്കിയശേഷം ലോറി കഴുകാതെയും മണ്ണ് പൂർണമായും നീക്കാതെയും മൂടിയിടാതെയും ലോറികൾ ചീറിപ്പാഞ്ഞതുമെല്ലാം കണക്കിലെടുത്താണ് മോട്ടോർ വാഹനവകുപ്പിന്റെ ഇടപെടൽ.

