വീട് ജപ്തി ചെയ്തു; രോഗിയായ മത്സ്യത്തൊഴിലാളിയുടെ ജീവനോപാധിയും ഇല്ലാതായി

PUBLISHED: OCTOBER 24, 2025

പള്ളിപ്പുറം വീട് പുതുക്കാൻ എടുത്ത 8 ലക്ഷം രൂപ വായ്പയുടെ ഗഡുക്കൾ മുടങ്ങി. രണ്ടംഗ കുടുംബത്തിന്റെ വീട് സ്വകാര്യ ധനകാര്യസ്ഥാപനം ജപ്തി ചെയ്തു. വീടിനോട് ചേർന്നു സാരി വലിച്ചുകെട്ടിയ കൂരയിലാണ് ഇപ്പോൾ താമസം. പള്ളിപ്പുറം പള്ളിക്കടവ് പുതിയവീട്ടിൽ ശിവദാസനാണ് ഈ ദുരവസ്ഥ.
താമസിച്ചിരുന്ന വീട് ജീർണിച്ചപ്പോൾ പുതുക്കാൻ വേണ്ടിയാണ് അഞ്ചര സെന്റ് ഭൂമിയും വീടും ഈട് നൽകി 2023ൽ വായ്പ എടുത്തത്. മത്സ്യത്തൊഴിലാളി ആയിരുന്ന ശിവദാസന് ജോലിക്കിടെ തലകറക്കം ഉണ്ടായതിനെ തുടർന്ന് മാസങ്ങളോളം ജോലിക്കു പോകാൻ കഴിയാതായി. പിന്നീട് പെയ്ന്റിങ് ജോലിക്കു പോയപ്പോഴും തലകറങ്ങി വീണു. വീട്ടിൽ ചന്ദനത്തിരി നിർമിച്ച് വിൽപന നടത്തിയാണ് ഇപ്പോൾ ജീവിക്കുന്നത്.
പത്തിലേറെ തവണ വായ്പ മുടങ്ങിയതിനെ തുടർന്നാണു ജപ്തി നടപടി ഉണ്ടായത്. മുന്നറിയിപ്പ് ഇല്ലാതെയാണു ജപ്തി ചെയ്തതെന്നു ശിവദാസൻ ആരോപിക്കുന്നു. താൻ സ്ഥലത്തില്ലായിരുന്നു. ഭാര്യ ഗീത മാത്രമാണ്
വീട്ടിലുണ്ടായിരുന്നതെന്നും അവശ്യ സാധനങ്ങൾ എടുക്കാൻ മാത്രമാണു ജപ്തി ചെയ്യാനെത്തിയവർ അനുവദിച്ചതെന്നും പറഞ്ഞു. ചന്ദനത്തിരി നിർമിക്കുന്ന യന്ത്രസാമഗ്രികളും വീടിനുള്ളിലാണ്.
പലിശയടക്കം 8,39,707 രൂപ രണ്ടു മാസത്തിനുള്ളിൽ അടയ്ക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്നു ശിവദാസൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എംപി, മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിട്ടുണ്ട്.

Top