
ആളില്ലാക്കപ്പലും ഫ്ലോട്ടിംഗ് പാലവും ഋഷിയുടെ കണ്ടുപിടുത്തങ്ങൾ
ലോകത്തെവിടെ നിന്നും പ്രവർത്തിപ്പിക്കാനാവുന്ന സംവിധാനത്തിൽ, വീടിന്റെ ആധാരം പണയപ്പെടുത്തി ഇദ്ദേഹമിപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത് ഒരു ആളില്ലാ യുദ്ധക്കപ്പലാണ്.
മുഹമ്മ സ്വദേശിയായ ഋഷികേശിന്റെ വീട്ടുമുറ്റത്തുള്ളത് കാറും ബൈക്കുമൊന്നുമല്ല, കപ്പലാണെന്ന് പറഞ്ഞാൽ ഒരുപക്ഷേ അവിശ്വസനീയമായി തോന്നിയേക്കാം. ലോകത്തെവിടെ നിന്നും പ്രവർത്തിപ്പിക്കാനാവുന്ന സംവിധാനത്തിൽ, വീടിന്റെ ആധാരം പണയപ്പെടുത്തി ഇദ്ദേഹമിപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത് ഒരു ആളില്ലാ യുദ്ധക്കപ്പലാണ്. പണ്ടുമുതലേ കണ്ടുപിടിത്തങ്ങളുടെ ലോകം ഋഷിക്കെന്നും ആവേശം നിറഞ്ഞതാണ്.
പുന്നമടക്കായലിൽ എല്ലാ വർഷവും നടക്കുന്ന നെഹ്രു ട്രോഫി വള്ളം കളിയിൽ സ്റ്റാർട്ടിംഗ് പോയിന്റിൽ നിരന്നുകിടക്കുന്ന വള്ളങ്ങൾക്ക് അനക്കം വെപ്പിക്കുന്നത് അദ്ദേഹം വികസിപ്പിച്ചെടുത്ത സ്റ്റാർട്ടിങ് സംവിധാനമാണ്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കാനാവുന്ന വാട്ടർ ലെവൽ ഡിറ്റക്റ്റർ, ഫ്ലോട്ടിംഗ് പാലം തുടങ്ങി ഋഷിയുടെ കണ്ടുപിടിത്തങ്ങൾ നിരവധിയാണ്. റൂറൽ ഇന്നൊവേഷനുള്ള 2015 ലെ രാഷ്ട്രപതിയുടെ അവാർഡ് ജേതാവ് കൂടിയാണ് ഋഷി.