ഇനി ഒപ്പമുണ്ടാകും ‘ഒപ്പം’ പാലിയേറ്റീവ് കെയർ
Tuesday 13 January, 2026
മുഹമ്മ പഞ്ചായത്ത് 13-ാം വാർഡിൽ “ഒപ്പം” എന്ന പേരിൽ ആരംഭിച്ച സാന്ത്വന പരിചരണ പദ്ധതിയുടെ പ്രയോജനം സമീപ വാർഡുകളിലും ലഭ്യമാകും. സ്വതന്ത്രയായി ജയിച്ച ഷീലാ ഷാജിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജീവിത ശൈലി രോഗങ്ങളും മാരക രോഗങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പാലിയേറ്റീവ് കെയർ ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
മുഹമ്മ പൊലീസ് സബ് ഇൻസ്പെക്ടർ ജി.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാകുന്നത് സമൂഹം ഗൗരവത്തോടെ കാണണമെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനത്തിന് വേണ്ടി കൈകോർക്കണമെന്ന് പാലിയേറ്റീവ് കെയർ രോഗികൾക്കുള്ല ഉപകരണങ്ങൾ കൈമാറിയ ശ്രീജിത്ത് സുകുമാരൻ പറഞ്ഞു. പാലിയേറ്റീവ് കെയറിന് ഏറെ പ്രാധാന്യമുള്ല കാലഘട്ടമാണ് ഇതെന്ന് മുഹമ്മ മെഡിക്കൽ ഓഫീസർ ഡോ.സി.ജയന്തി പറഞ്ഞു. ക്യാൻസർ, പക്ഷാഘാതം, അൽഷിമേഴ്സ് പോലുള്ല രോഗങ്ങൾ കൂടുതലാകുന്നത് ഗൗരവത്തിൽ കാണണമെന്നും പറഞ്ഞു. വികസന സമിതി ചെയർമാൻ ടി.ബി.ശാന്തപ്പൻ തോട്ടത്തുശേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷീലാ ഷാജി, പി. അജയകുമാർ പോട്ടച്ചാൽ, അജിത് കുമാർ, വി.എം. സുഗാന്ധി, മർഫി മറ്റത്തിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യ എന്നിവർ സംസാരിച്ചു.

