
ദേശീയപാത 66 വികസനം: ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിൽ അടച്ചുകെട്ട്; പ്രതിഷേധം…
• ചേർത്തല റെയിൽവേ സ്‌റ്റേഷനുമുന്നിൽ വശങ്ങളിൽ ഭിത്തികെട്ടുന്ന പ്രവർത്തനങ്ങൾ നടക്കുന്നു……

ചേർത്തല ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിൽ അടച്ചു കെട്ടുന്നതിൽ പ്രതിഷേധം ശക്തം. ചേർത്തല നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ 15ന് റെയിൽവേ സ്റ്റേഷനു മുന്നിൽ സമരം ചെയ്യും. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിൽ അടച്ചുകെട്ടുന്നതോടെ റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാർ ചുറ്റിക്കറങ്ങിപ്പോകേണ്ടിവരും എന്നതിനാലാണ്
കൗൺസിലർമാരുടെയും യാത്രക്കാരുടെയും നേതൃത്വത്തിൽ സമരം നടത്തുന്നത്.
ജില്ലയിൽ തന്നെ ദേശീയപാതയോരത്തുള്ള ഏക റെയിൽവേ സ്റ്റേഷനാണ് ചേർത്തല റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷനു മുന്നിലെ ദേശീയപാത നിർമാണം പൂർത്തിയായാൽ സർവീസ് റോഡിലൂടെ മാത്രമാകും യാത്രക്കാർക്ക് പ്രവേശിക്കാൻ കഴിയുക. റെയിൽവേ സ്റ്റേഷനു മുന്നിൽ അടിപ്പാത നിർമിക്കാത്തതിനാൽ ദേശീയപാത മുറിച്ചു കടക്കണമെങ്കിൽ ഇരുവശങ്ങളിലേക്കും ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടിവരുന്നു.
നിർമാണം പൂർത്തിയാകുമ്പോൾ ബസ് നിർത്താൻ പോലും സ്ഥലമില്ലാതെ വരുന്നതിനാൽ ബസ് യാത്രക്കാരും ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരും. റെയിൽവേ സ്റ്റേഷന്റെ മുൻവശം ഉൾപ്പെടെയുള്ള മൂന്നു സ്ഥലങ്ങളിൽ ദേശീയപാത അതോറിറ്റിയും റെയിൽവേ അധികൃതരും തമ്മിൽ സ്ഥലം സംബന്ധിച്ച് തർക്കം ഉള്ളതിനാൽ റെയിൽവേ സ്റ്റേഷനു മുന്നിൽ ബസ്ബേ നിർമിക്കാനും കഴിയാത്ത സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള വഴിയോര വിശ്രമകേന്ദ്രവും യാത്രക്കാർക്ക് പ്രയോജനമില്ലാതെ
അടഞ്ഞുപോകും.
നിർമാണം പുരോഗമിക്കുന്നതിനാലാണ് സമരവുമായി നഗരസഭ കൗൺസിലർമാരും രംഗത്തെത്തുന്നത്. നിലവിൽ റെയിൽവേ സ്റ്റേഷനു മുന്നിൽ മേൽനടപ്പാതയാണ് ദേശീയപാത അതോറിറ്റി അനുവദിച്ചിരിക്കുന്നത്. ഇതു ലിഫ്റ്റ് സൗകര്യമുള്ള പാതയായി ഉയർത്താൻ മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയാക്കിയെങ്കിലും പൂർണമായും അനുമതി ലഭിച്ചിട്ടില്ല.
സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം
അശാസ്ത്രീയമായ ദേശീയപാത രൂപകൽപനയിൽ തിരുത്തൽ വരുത്തി റെയിൽവേ സ്റ്റേഷനു മുന്നിൽ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജനകീയവേദി പരാതി നൽകിയിട്ടുണ്ട്. ശാസ്ത്രീയമായ മേൽനടപ്പാത, ബസ്, പ്രധാന പാതയിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയർത്തിയിരിക്കുന്നത്.
“നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ നഗരസഭാ കൗൺസിൽ ചേർന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും കത്ത് നൽകിയിരുന്നു. എന്നാൽ നഗരസഭയുടെ ആവശ്യങ്ങൾ അവഗണിച്ചാണ് പ്രവർത്തനം നടക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ സമരം ആരംഭിക്കും.”
ഷേർളി ഭാർഗവൻ, (ചേർത്തല നഗരസഭാ അധ്യക്ഷ