
നിബന്ധന മറന്ന് യൂസർഫീ നോട്ടിസ്: നിരാലംബയായ വയോധികയ്ക്ക് 2435 രൂപ പിഴ…
SEPTEMBER 16, 2025
മുഹമ്മ ഹരിതകർമ സേനയ്ക്ക് യൂസർഫീ നൽകാത്തതിന്റെ പേരിൽ സർക്കാരിന്റെ അതിദരിദ്ര പട്ടികയിലുള്ള നിരാലംബയായ വയോധിക 2435 രൂപ പിഴയടയ്ക്കണമെന്ന് പഞ്ചായത്ത്. മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിൽ കൊച്ചുവെളി വീട്ടിൽ പരേതനായ ചിദംബരന്റെ ഭാര്യ പ്രഭാവതിക്കാണ് (80) കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടിസ് ലഭിച്ചത്.
എന്നാൽ സംഭവം പഞ്ചായത്തംഗം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് അബദ്ധം മനസ്സിലാക്കിയ അധികൃതർ പിഴത്തുകയിൽ നിന്ന് പ്രഭാവതിയെ ഒഴിവാക്കുമെന്ന് അറിയിച്ചു. പ്രഭാവതിക്ക് നൽകിയ നോട്ടിസിലെ പിഴത്തുക പഞ്ചായത്ത് വഹിക്കുമെന്നു സെക്രട്ടറി അറിയിച്ചു. അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ടവരെ യൂസർ ഫീയിൽ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിബന്ധന നിലനിൽക്കുമ്പോഴാണ് പ്രഭാവതിക്ക് ദുരനുഭവമുണ്ടായത്.
10 വർഷം മുൻപ് ഭർത്താവ് മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുന്ന ഈ വയോധിക പ്രായാധിക്യവും രോഗവും മൂലം അവശതയിലാണ്. ഇവർക്ക് മക്കളില്ല. മുൻപുണ്ടായിരുന്ന തൊഴിലുറപ്പ് ജോലിക്ക് ശാരീരിക അസ്വസ്ഥത കാരണം നിർത്തേണ്ടി വന്നു. ഇപ്പോൾ ബന്ധുക്കളുടെ സഹായവും പെൻഷൻ തുകയുമാണ് ഏക വരുമാനം.
പ്രഭാവതിക്ക് പഞ്ചായത്ത് നൽകിയ അതിദരിദ്ര കുടുംബത്തിന്റെ തിരിച്ചറിയൽ കാർഡും ഉണ്ട്. ഹരിതകർമ സേന പ്രവർത്തകർ വീട്ടിലെത്തുമ്പോൾ പ്ലാസ്റ്റിക് എന്ന പേരിൽ എടുത്ത് നൽകാൻ ഈ വയോധികയുടെ പക്കൽ ഗുളികകളുടെ കവറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അബദ്ധം തിരിച്ചറിഞ്ഞ് അധികൃതർ തെറ്റ് തിരുത്തുമെന്ന് അറിയിച്ചതിന്റെ ആശ്വാസത്തിലാണ് പ്രഭാവതി.