‘മുട്ടക്കറി വേണ്ട, മുട്ടയും ഗ്രേവിയും മതി’; തരില്ലെന്ന് പറഞ്ഞ ഹോ ജീവനക്കാരിയെയും ആക്രമിച്ചു

11 November 2025


അറസ്റ്റിലായ കമൽദാസ്, അനന്തു

മാരാരിക്കുളം മുട്ടക്കറിയെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറി കടയുടമയെയും ജോലിക്കാരിയെയും ആക്രമിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിലായി. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് മരുത്തോർവട്ടം കൊച്ചുവെളി വീട്ടിൽ അനന്തു (27), ഗോകുൽ നിവാസിൽ കമൽ ദാസ് (25) എന്നിവരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
ചേർത്തല പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മുട്ടക്കറിക്ക് വിലതിരക്കിയപ്പോൾ 30 രൂപയാണെന്ന് ഹോട്ടൽ ഉടമ പറഞ്ഞു. മുട്ട മാത്രം വില ചോദിച്ചപ്പോൾ 20 രൂപയാണെന്നും അറിയിച്ചു. മുട്ട മാത്രം തന്ന് അതിനൊപ്പം ഗ്രേവി മതിയെന്ന് പറഞ്ഞപ്പോൾ ഹോട്ടൽ ഉടമ പ്രതികളോട് ഹോട്ടലിൽനിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. തുടർന്നാണ് ഹോട്ടലിൽ ആക്രമണം ഉണ്ടായത്. വധശ്രമത്തിനാണ് ഇരുവർക്കും എതിരെ മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത പ്രതികളെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശീതൾ ശശിധരൻ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മാരാരിക്കുളം പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച് സ്റ്റേഷനിലെ സിസിടിവി ക്യാമറ തകർത്ത കേസിലെയും പ്രതികളാണ് ഇരുവരും. മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. മോഹിതിന്റെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർമാരായ ചന്ദ്രബാബു, ടി. സുനിൽകുമാർ, എഎസ്ഐ മിനിമോൾ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top