മുഹമ്മ പാചക വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡിൽ എടുത്ത കുഴി ഇരുചക്ര വാഹന യാത്രികർക്ക് അപകടക്കെണിയാകുന്നു.

തിരക്കേറിയ ചേർത്തല 11-ാം മൈൽ മുട്ടത്തിപറമ്പ് റോഡിലാണ് ഈ കെണി യാത്രക്കാരെ കാത്തിരിക്കുന്നത്. കഴിഞ്ഞ 2 മാസത്തിനിടെ ഒട്ടേറെപ്പേരാണ് ഈ റോഡിൽ അപകടത്തിൽപെട്ടത്. ചേർത്തല തങ്കി കവലയിലെ പാചക വാതക വിതരണ കമ്പനിയുടെ പൈപ് ലൈൻ സ്ഥാപിക്കാനാണ് മാസങ്ങൾക്കു മുൻപ് റോഡരികു പൊളിച്ചത്. 11-ാം മൈലിനും പോറ്റി കവലയ്ക്കും ഇടയിലുള്ള ഭാഗത്ത് ഇപ്പോഴും ശരിയായ രീതിയിൽ റോഡ് പുനർ നിർമിച്ചിട്ടില്ല. കുഴികളിൽ മണ്ണും മെറ്റലിട്ടു വെറുതേ മൂടിയിടുകയായിരുന്നു. ടാറിങ് നടത്താതിരുന്നതോടെ ഇവ ശക്തമായ മഴയത്ത് ഒലിച്ചു പോയി വീണ്ടും കുഴികൾ രൂപപ്പെടുകയും ചെയ്തു. റോഡിലാണെങ്കിൽ അപകടസൂചനാ ബോർഡുകളുമില്ല.
ദേശീയപാതയുമായി ബന്ധപ്പെട്ടു കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് കുഴി ശ്രദ്ധയിൽ പെടുന്നത്. കുഴിയിൽ വീഴാതിരിക്കാൻ പെട്ടെന്ന് ബേക്ക് ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് ഇരുചക്ര വാഹനങ്ങൾ അപകടത്തിനിരയാകുന്നു. രാത്രി റോഡിൽ മതിയായ വെളിച്ചമില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി റോഡിൽ സുരക്ഷിത യാത ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. കെണിയായി കുഴി; പാചകവാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എടുത്ത കുഴികളിൽ വീണ് യാത്രക്കാർ

Top