വാട്ടർമെട്രോ: ആലപ്പുഴയിലും കൊല്ലത്തും സാധ്യതാപഠനം ഉടൻ, വാരാണസിയിൽ ഉൾപ്പടെ പഠനം പൂർത്തിയാക്കി റിപ്പോർട്ട് നൽകി

17 October 2025, 08:32 AM IST

ആലപ്പുഴയിലും കൊല്ലത്തും കൊച്ചി മാതൃകയിൽ നടപ്പാക്കുന്ന വാട്ടർമെട്രോ പദ്ധതിയുടെ സാധ്യതാപഠനം രണ്ടുമാസത്തിനകം തുടങ്ങും. പഠനം തുടങ്ങി രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്ത് 21 ഇടങ്ങളിൽ കൊച്ചിയുടെ മാതൃകയിൽ വാട്ടർമെട്രോ നടപ്പാക്കുന്നതിനാണ് ശ്രമം. കേരളത്തിൽനിന്ന് ആലപ്പുഴ, കൊല്ലം ജില്ലകൾ മാത്രമാണ് ഇതിൽ ഇടംനേടിയിട്ടുള്ളത്. 21 ഇടങ്ങളിൽ നാലുസ്ഥലത്ത് മാത്രമാണ് ഇനി സാധ്യതാപഠനം നടത്താനുള്ളത്. ലക്ഷദ്വീപ്, കൊൽക്കത്ത, ആലപ്പുഴ, കൊല്ലം എന്നീ സ്ഥലങ്ങളിലാണിത്.
മുംബൈ, ശ്രീനഗർ, പട്ന, വാരാണസി എന്നിവിടങ്ങളിൽ പദ്ധതിയുടെ സാധ്യതാപഠനം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിൽ മുംബൈയിലെ പദ്ധതിക്ക് വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനുള്ള കരാർ കെഎംആർഎല്ലിന് (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) തന്നെയാണ് ലഭിച്ചിരിക്കുന്നത്.
കൊച്ചിയിൽ 2023 ഏപ്രിൽ 25-നാണ് വാട്ടർമെട്രോ സർവീസ് തുടങ്ങിയത്. കൊച്ചിയിലെ പദ്ധതിയുടെ മികവ് കണക്കിലെടുത്താണ് രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കു കൂടി വാട്ടർമെട്രോ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. കൊച്ചി വാട്ടർമെട്രോയിൽ യാത്രക്കാരുടെ എണ്ണം 50 ലക്ഷം പിന്നിട്ടിരുന്നു.
കൊച്ചിയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ വാട്ടർമെട്രോ നീട്ടുന്നത് പരിഗണനയിലുണ്ട്. ഇതിന്റെ പ്രാരംഭ പഠനത്തിന് തുടക്കമായിട്ടുണ്ട്. കൊല്ലത്തും ആലപ്പുഴയിലും കൂടി വാട്ടർമെട്രോ യാഥാർഥ്യമായാൽ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

Top